ആഷസ് ക്രിക്കറ്റ് പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ആവേശപ്പോരാട്ടത്തിനൊടുവില്‍ ഓസ്‌ട്രേലിയയെ കീഴടക്കി ഇംഗ്ലണ്ട് ജീവന്‍ കാത്തു. പരമ്പരയില്‍ സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമെന്ന നിലയില്‍ മൂന്നാം ടെസ്റ്റിനിറങ്ങിയ ആതിഥേയര്‍ നാലാം ദിനമായ ഇന്ന് മൂന്നു വിക്കറ്റിനാണ് വിജയം കുറിച്ചത്.
ലീഡ്‌സില്‍ നടന്ന മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് ഓസ്‌ട്രേലിയ ഉയര്‍ത്തിയ 251 റണ്‍സ് എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടുകയായിരുന്നു. അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരം ഹാരി ബ്രൂക്കിന്റെയും മികച്ച പോരാട്ട വീര്യം കാഴ്ചവച്ച ഓപ്പണര്‍ സാക് ക്രോളി, വാലറ്റതാരം ക്രിസ് വോക്‌സ് എന്നിവരുടെയും പ്രകടനമാണ് ഇംഗ്ലണ്ടിന് നിര്‍ണായകമായത്.
ബ്രൂക്ക് 93 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളോടെ 75 റണ്‍സ് നേടിയപ്പോള്‍ ക്രോളി 55 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 44 റണ്‍സും വോക്‌സ് 47 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 32 റണ്‍സും സ്വന്തമാക്കി. ഓപ്പണര്‍ ബെന്‍ ഡക്കറ്റ്(23), മുന്‍ നായകന്‍ ജോ റൂട്ട്(21), വാലറ്റതാരം മാര്‍ക് വുഡ്(16) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.
രാവിലെ വിക്കറ്റ് നഷ്ടമില്ലാതെ 27 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് വൈകാതെ തന്നെ ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ രൂപത്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 23 റണ്‍സ് നേടിയ ഡക്കറ്റിനെ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.
തുടര്‍ന്ന് വന്ന ഓള്‍റൗണ്ടര്‍ മൊയീന്‍ അലി ക്ഷണത്തില്‍ മടങ്ങി. അഞ്ചു റണ്‍സ് മാത്രമേ നേടാനായുള്ളു. ഒരറ്റത്ത് പിടിച്ചു നിന്ന ഓപ്പണര്‍ സാക് ക്രോളിയുടെ ഊഴമായിരുന്നു അടുത്തത്. 44 റണ്‍സ് നേടിയ ക്രോളിയെ മിച്ചല്‍ മാര്‍ഷ് വിക്കറ്റിനു പിന്നില്‍ അലക്‌സ് ക്യാരിയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. പിന്നീട് 23 റണ്‍സ് നേടിയ മുന്‍ നായകന്‍ ജോ റൂട്ടിനെ വീഴ്ത്തിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ആദ്യ സെഷനില്‍ തന്നെ തന്റെ ടീമിന് മുന്‍തൂക്കം സമ്മാനിച്ചു.
എന്നാല്‍ ലഞ്ചിനു ശേഷം പിന്നീട് ചെറിയ ചെറിയ കൂട്ടുകെട്ടുകളിലൂടെ ബ്രൂക്ക് ഇംഗ്ലണ്ടിനെ കരയ്ക്ക് അടുപ്പിക്കുകയായിരുന്നു. ആദ്യ നായകന്‍ ബെന്‍ സ്‌റ്റോക്‌സി(13)നൊപ്പം 30 റണ്‍സിന്റെയും പിന്നീട് ക്രിസ് വോക്‌സിനൊപ്പം 59 റണ്‍സിന്റെയും നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കിയ ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ താരമായത്.
ഓസ്‌ട്രേലിയയ്ക്കു വേണ്ടി അഞ്ചു വിക്കറ്റ് വീഴ്ത്തിയ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് പൊരുതിയത്. ഓരോ വിക്കറ്റുകളുമായി നായകന്‍ പാറ്റ് കമ്മിന്‍സും ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും മികച്ച പിന്തുണ നല്‍കി. ജയത്തോടെ പരമ്പര 2-1 എന്ന നിലയില്‍ എത്തിച്ച് ജീവന്‍ നിലനിര്‍ത്താനും ഇംഗ്ലണ്ടിനായി. നാലാം ടെസ്റ്റ് 19 മുതല്‍ മാഞ്ചസ്റ്ററില്‍ അരങ്ങേറും.