2024 വനിത ട്വന്റി 20 ലോകകപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക വർധിപ്പിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). 2.34 മില്യണ്‍ (19.60 കോടി രൂപ) അമേരിക്കൻ ഡോളറാണ് ഇത്തവണ ജേതാക്കള്‍ക്ക് ലഭിക്കുക. 2023ല്‍ വിജയികള്‍ക്കുള്ള തുക ഒരു മില്യണ്‍ (8.37 കോടി രൂപ) അമേരിക്കൻ ഡോളർ മാത്രമായിരുന്നു.
റണ്ണേഴ്‌സ് അപ്പിനും സെമി ഫൈനലിനെത്തുന്ന ടീമിനും ലഭിക്കുന്ന തുകയിലും വർധനവുണ്ട്. റണ്ണേഴ്‌സ് അപ്പിന് 1.17 മില്യണ്‍ (9.79 കോടി രൂപ) അമേരിക്കൻ ഡോളറാണ് ലഭിക്കുക. സെമിയിലെത്തുന്നവർക്ക് 675,000 അമേരിക്കൻ ഡോളറാണ് ഐസിസി നിശ്ചയിച്ചിരിക്കുന്നത്. ഇത് 5.65 കോടി രൂപയാണ്.
ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ വിജയത്തിനും നല്‍കുന്ന തുകയും ഉയർത്തിയിട്ടുണ്ട്. 78 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. 31,154 അമേരിക്കൻ ഡോളറാണ് ഒരോ വിജയത്തിനും ലഭിക്കുക. ഇത് ഏകദേശം 26 ലക്ഷം രൂപയോളമാണ്. നേരത്തെ ഇത് 17,500 ഡോളർ മാത്രമായിരിന്നു.
ഗ്രൂപ്പ് സ്റ്റേജില്‍ പുറത്താകുന്ന ടീമുകള്‍ക്കും അടിസ്ഥാന തുക ലഭിക്കും. ഇത് 112,500 അമേരിക്കൻ ഡോളറാണ്. 94 ലക്ഷം രൂപയാണിത്. ഇത് പങ്കെടുക്കുന്ന എല്ലാ ടീമിനും നല്‍കുമെന്നും ഐസിസി അറിയിച്ചിട്ടുണ്ട്.
വനിത-പുരഷ ക്രിക്കറ്റ് തമ്മിലുള്ള അന്തരം കുറയ്ക്കുകയും തുല്യത നടപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലേക്കുള്ള ഐസിസിയുടെ യാത്രയുടെ ഭാഗമാണ് പുതിയ നീക്കം. ഇതിനോടൊപ്പം ഐസിസി വനിത ട്വന്റി20 ലോകകപ്പ് പ്രീമിയർ ഇവന്റുകള്‍ക്കൊപ്പം ഇടംപിടിക്കുകയും ചെയ്യും. 2.45 മില്യണ്‍ അമേരിക്കൻ ഡോളറായിരുന്നു (20.5 കോടി രൂപ) പുരുഷ ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്മാർക്ക് ലഭിച്ചത്.
ഒക്ടോബർ മൂന്നിനാണ് ലോകകപ്പിന് തുടക്കമാകുന്നത്.