ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് കലണ്ടറിലേക്ക് വനിതകളുടെ ടെസ്റ്റ് ക്രിക്കറ്റ് മടങ്ങിയെത്തുന്നു. മാർച്ച് 28 മുതല്‍ ബിസിസിഐ സീനിയർ വിമന്‍സ് ഇന്റർ സോണല്‍ മള്‍ട്ടി ഡെ ട്രോഫി പൂനയില്‍ ആരംഭിക്കും. 2018ലായിരുന്നു അവസാനമായി ഇത്തരമൊരു ടൂർണമെന്റ് വനിതകളുടെ ആഭ്യന്തര ക്രിക്കറ്റില്‍ സംഭവിച്ചത്. ഡിസംബറില്‍ വനിതാ ടീം ഓസ്ട്രേലിയയേയും ഇംഗ്ലണ്ടിനേയും ടെസ്റ്റില്‍ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ബിസിസിഐയുടെ പുതിയ നീക്കം.
മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിഷനായിരിക്കും ത്രിദിന മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുക. ഈസ്റ്റ് സോണ്‍ - നോർത്ത് ഈസ്റ്റ് സോണ്‍, വെസ്റ്റ് സോണ്‍ - സെന്‍ട്രല്‍ സോണ്‍ മത്സരങ്ങളോടെയാണ് ടൂർണമെന്റിന് തുടക്കമാകുക. നോർത്ത് സോണും, സൗത്ത് സോണും സെമി ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയിരുന്നു. ആദ്യ മത്സരങ്ങളിലെ വിജയികളെയായിരിക്കും നോർത്ത് സോണും സൗത്ത് സോണും സെമി ഫൈനലില്‍ നേരിടുക. ഏപ്രില്‍ ഒന്‍പതിനാണ് ഫൈനല്‍.
വനിത പ്രീമിയർ ലീഗ് (ഡബ്ല്യുപിഎല്‍) അവസാനിച്ച് പത്തു ദിവസങ്ങള്‍ക്ക് ശേഷമാണ് ടൂർണമെന്റിന് തുടക്കമാകുന്നത്. മാർച്ച് 17ന് ഡല്‍ഹിയിലാണ് ഡബ്ല്യുപിഎല്‍ അവസാനിക്കുന്നത്. വനിതകള്‍ക്ക് കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള വേദിയൊരുക്കിക്കൊടുക്കണമെന്നുള്ള ആവശ്യം ശക്തമായി ഉയർന്നിരുന്നു. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ ടീമുകള്‍ മാത്രമാണ് വനിത ക്രിക്കറ്റില്‍ വിരളമായെങ്കിലും ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ താരം സ്മൃതി മന്ദന ആഭ്യന്തര ടെസ്റ്റ് മത്സരങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. കൂടുതലായും ട്വന്റി20, ഏകദിന മത്സരങ്ങള്‍ കളിക്കുന്നതിനാല്‍ ഞങ്ങളുടെ ശരീരം തുടർച്ചയായി നാല് ദിവസം മൈതാനത്ത് ചിലവഴിക്കുന്നതിനോട് പൊരുത്തപ്പെട്ടിട്ടില്ല. ശാരീരിക ക്ഷമതയേക്കാള്‍ നാല് ദിവസം ഏകാഗ്രതയോടെ തുടരുക എന്നത് പ്രധാനമാണ്, സ്മൃതി പറഞ്ഞു. ബിസിസിഐ ആഭ്യന്തര ടെസ്റ്റ് മത്സരങ്ങള്‍ വനിതകള്‍ക്കായി സംഘടിപ്പിക്കുമെന്ന പ്രതീക്ഷയും സ്മ്യതി പങ്കുവെച്ചിരുന്നു.
മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനായിരുന്ന സമയത്താണ് ഇന്ത്യയില്‍ വനിത ക്രിക്കറ്റിന് വലിയ പ്രചാരം ലഭിച്ചത്. ഡബ്ല്യുപിഎല്ലിന്റെ ആലോചനയിലേക്ക് ബിസിസിഐ കടന്നതുപോലും ഗാംഗുലിയുടെ കാലത്താണ്. താരങ്ങളുടെ ദീർഘനാളത്തെ ആവശ്യം പരിഗണിച്ചും വനിത ക്രിക്കറ്റിന് വർധിച്ചുവരുന്ന പ്രചാരവും ഉപയോഗിക്കുക എന്നതായിരുന്നു പിന്നിലെ ലക്ഷ്യം. ആഭ്യന്തര ക്രിക്കറ്റിലേക്കും വനിതകളുടെ സാന്നിധ്യം ഉറപ്പാക്കാനുള്ള നീക്കങ്ങളും അന്ന് ആരംഭിച്ചിരുന്നതായാണ് റിപ്പോർട്ടുകള്‍.