ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ നാലാം മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 102 റണ്‍സിന്റെ കൂറ്റന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 429 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 326 റണ്‍സിന് പുറത്തായി. കുശാല്‍ മെന്‍ഡിസ് (76), ചരിത് അസലങ്ക (79), ദസുന്‍ ഷനക (68) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറികള്‍ നേടിയെങ്കിലും ലങ്കയുടെ തോല്‍വി ഭാരം കുറയ്ക്കാനായില്ല.
മുന്നിലെ റണ്‍മല താണ്ടാന്‍ ശ്രീലങ്കയ്ക്ക് ആവശ്യമായിരുന്നത് ഉജ്വല തുടക്കവും കൂട്ടുകെട്ടുകളുമായിരുന്നു. ഇത് രണ്ടും തുടക്കം മുതലെ കണ്ടെത്താന്‍ ലങ്കയ്ക്കായില്ല. ഓപ്പണര്‍മാരായ പാതും നിസംഗയും (0), കുശാല്‍ പെരേരയും (7) പവര്‍പ്ലെയ്ക്കുള്ളില്‍ തന്നെ പവലിയനിലെത്തി. കുശാല്‍ മെന്‍ഡിസിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു ശ്രീലങ്കന്‍ ആരാധകര്‍ക്ക് ആശ്വാസമായത്. ലുംഗി എന്‍ഗിഡിയെ ഒരു ഓവറില്‍ മൂന്ന് തവണയാണ് താരം അതിര്‍ത്തി കടത്തിയത്.
മുന്‍നിര വീണതോടെ തോല്‍വിഭാരം കുറയ്ക്കുക എന്ന ദൗത്യത്തിലേക്ക് ശ്രീലങ്ക ചുവടുമാറ്റി
കുശാലിന് പിന്തുണ നല്‍കാന്‍ മറുവശത്ത് ആരുമില്ലാതെ പോയതും ശ്രീലങ്കയുടെ സാധ്യതകള്‍ ഇല്ലാതാക്കി. 42 പന്തില്‍ എട്ട് സിക്സും നാല് ഫോറുമായി 76 റണ്‍സെടുത്താണ് കുശാല്‍ പോരാട്ടം അവസാനിപ്പിച്ചത്. 12.4 ഓവറില്‍ സ്കോര്‍ 100 കടത്തിയതിന് ശേഷമാണ് കുശാല്‍ മടങ്ങിയത്. വൈകാതെ തന്നെ മികച്ച ഫോമില്‍ തുടരുന്ന സദീര സമരവിക്രമയേയും (23) ലങ്കയ്ക്ക് നഷ്ടമായി. മുന്‍നിര വീണതോടെ തോല്‍വിഭാരം കുറയ്ക്കുക എന്ന ദൗത്യത്തിലേക്ക് ശ്രീലങ്ക ചുവടുമാറ്റി.
ചരിത് അസലങ്കയും നായകന്‍ ദാസുന്‍ ഷനകയുമായിരുന്നു ഉത്തരവാദിത്തത്തിന് ചുക്കാന്‍ പിടിച്ചത്. 65 പന്തില്‍ 79 റണ്‍സെടുത്ത ചരിതിന്റെ ഇന്നിങ്സില്‍ എട്ട് ഫോറും നാല് സിക്സും ഉള്‍പ്പെട്ടു. 62 പന്തില്‍ 68 റണ്‍സായിരുന്നു ഷനകയുടെ സംഭാവന. മൂന്ന് സിക്സും ആറ് ഫോറുമാണ് ഷനകയുടെ ഇന്നിങ്സില്‍ പിറന്നത്. അസലങ്കയെ ലുംഗി എന്‍ഗിഡിയും ഷനകയെ കേശവ് മഹരാജുമാണ് പുറത്താക്കിയത്. കസുന്‍ രജിതയുടെ (33) ചെറുത്തുനില്‍പ്പാണ് ശ്രീലങ്കന്‍ സ്കോര്‍ 300 കടത്തിയത്.
ദക്ഷിണാഫ്രിക്കയ്ക്കായി ജെറാള്‍ഡ് കോറ്റ്സി മൂന്ന് വിക്കറ്റ് നേടി. കേശവ് മഹാരാജ്, കഗിസൊ റബാഡ, മാര്‍ക്കൊ യാന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ലുംഗി എന്‍ഗിഡി ഒരു വിക്കും സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ക്വിന്റണ്‍ ഡി കോക്ക് (100), റാസി വാന്‍ ഡെര്‍ ഡസന്‍ (108), ഐഡന്‍ മാര്‍ക്രം (106) എന്നിവരുടെ സെഞ്ചുറി കരുത്തിലാണ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സെടുത്തത്. ലോകകപ്പ് ചരിത്രത്തിലെ ആദ്യമായണ് ഒരു ഇന്നിങ്സില്‍ മൂന്ന് സെഞ്ചുറികള്‍ പിറക്കുന്നത്. ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്കോറുകൂടിയാണ് ദക്ഷിണാഫ്രിക്ക കുറിച്ചത്. ഓസ്ട്രേലിയ 2015ല്‍ സ്ഥാപിച്ച റെക്കോഡാണ് (417-5) മറികടന്നത്.
ഏകദിന ലോകകപ്പില്‍ ഇത് മൂന്നാം തവണയാണ് ദക്ഷിണാഫ്രിക്ക 400ലധികം റണ്‍സ് സ്കോര്‍ ചെയ്യുന്നത്.
49 പന്തില്‍ സെഞ്ചുറി തികച്ച ഐഡന്‍ മാര്‍ക്രം ലോകകപ്പിലെ വേഗതയേറിയ സെഞ്ചുറി എന്ന റെക്കോഡും സ്വന്തമാക്കി. ഏകദിന ലോകകപ്പില്‍ ഇത് മൂന്നാം തവണയാണ് ദക്ഷിണാഫ്രിക്ക 400ലധികം റണ്‍സ് സ്കോര്‍ ചെയ്യുന്നത്. 2015 ലോകകപ്പിലായിരുന്നു ഇതിന് മുന്‍പ് ദക്ഷിണാഫ്രിക്ക രണ്ട് തവണ 400 കടന്നത്. അയര്‍ലന്‍ഡിനെതിരെ 411-4, വെസ്റ്റ് ഇന്‍ഡീസിനെതിരെ 408-5 എന്നിങ്ങനെയാണ് മറ്റ് രണ്ട് സ്കോറുകള്‍.