CRICKET

ഇരട്ട യശസ്‌; 2019-ന് ശേഷം ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ജയ്‌സ്വാള്‍

ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് 277 പന്തില്‍നിന്നാണ് താരം നേട്ടം സ്വന്തമാക്കിയത്. 19 ബൗണ്ടറികളും ഏഴു സിക്‌സറുകളും തൊങ്ങല്‍ ചാര്‍ത്തിയ ഇന്നിങ്‌സായിരുന്നു ജയ്‌സ്വാളിന്റേത്

വെബ് ഡെസ്ക്

വിശാഖപട്ടണം ടെസ്റ്റില്‍ യുവതാരം യശ്വസി ജയ്‌സ്വാളിന് ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ടസെഞ്ചുറി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് 277 പന്തില്‍നിന്നാണ് താരം നേട്ടം സ്വന്തമാക്കിയത്. 19 ബൗണ്ടറികളും ഏഴു സിക്‌സറുകളും തൊങ്ങല്‍ ചാര്‍ത്തിയ ഇന്നിങ്‌സായിരുന്നു ജയ്‌സ്വാളിന്റേത്. 2019-ന് ശേഷം ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ജയ്‌സ്വാള്‍ സ്വന്തമാക്കി.

ആറിന് 336 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യക്ക് ഇന്ന് 20 റണ്‍സ് നേടിയ രവിചന്ദ്രന്‍ അശ്വിന്റെ വിക്കറ്റാണ് നഷ്ടമായത്. ജയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ അശ്വിനെ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് പിടികൂടുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 380 റണ്‍സ് എന്ന നിലയിലാണ്. 206 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന യശ്വസിക്കു കൂട്ടായി റണ്ണൊന്നുമെടുക്കാതെ കുല്‍ദീപ് യാദവാണ് ക്രീസില്‍.

ഒന്നാം ദിനമായ ഇന്നലെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആക്രമണശൈലിക്ക് ഒരുങ്ങാതെ കരുതലോടെയായിരുന്നു രോഹിത് ശർമയും ജയ്സ്വാളും തുടങ്ങിയത്. 17 ഓവറിലധികം നീണ്ടുനിന്ന പ്രതിരോധത്തിനൊടുവില്‍ രോഹിത് (14) മടങ്ങി. പിന്നീടെത്തിയ ശുഭ്മാന്‍ ഗില്ലിനെ കൂട്ടുപിടിച്ചായിരുന്നു ജയ്സ്വാള്‍ ഇന്നിങ്സിനെ മുന്നോട്ടുനയിച്ചത്. പക്ഷേ, ആദ്യ സെഷന്‍ അതിജീവിക്കാതെ ഒരിക്കല്‍ക്കൂടി നിരാശ സമ്മാനിച്ച് ഗില്‍ പുറത്തായി. 34 റണ്‍സെടുത്ത താരത്തിന്റെ വിക്കറ്റ് ജെയിംസ് ആന്‍ഡേഴ്സണിനായിരുന്നു.

ക്രീസിലെത്തുന്നവർക്ക് ജയ്സ്വാളിനെ പിന്തുണയ്ക്കേണ്ട ഉത്തരവാദിത്തം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത്ര ആധിപത്യത്തോടെയും അനായാസതയോടെയുമായിരുന്നു ജയ്സ്വാള്‍ ബാറ്റ് വീശിയത്. 151 പന്തിലായിരുന്നു ജയ്സ്വാള്‍ ആറ് ടെസ്റ്റ് മാത്രം നീണ്ട കരിയറിലെ രണ്ടാം സെഞ്ചുറി നേടിയത്. മൂന്നാം സെഷന്റെ അവസാന ഓവറുകളിലേക്ക് കടക്കുമ്പോഴാണ് ശ്രേയസിനെ (27) ഇന്ത്യയ്ക്ക് നഷ്ടമായത്.

കന്നിക്കാരന്‍ രജത് പാട്ടിദാറായിരുന്നു പിന്നീട് ജയ്സ്വാളിന് കൂട്ട്. നാലാം വിക്കറ്റില്‍ 70 റണ്‍സുകൂടി ചേർക്കാന്‍ സഖ്യത്തിനായി. 32 റണ്‍സെടുത്ത പാട്ടിദാർ റേഹാന്‍ അഹമ്മദിന്റെ പന്തില്‍ 'നിർഭാഗ്യ'വശാല്‍ പുറത്താകുകയായിരുന്നു. പിന്നീടെത്തിയ അക്സർ പട്ടേലുമായി ചേർന്ന് 52 റണ്‍സും ജയ്സ്വാള്‍ ചേർത്തു. 225 പന്തിലാണ് ജയ്സ്വാള്‍ 150 കടന്നത്. പക്ഷേ, മൂന്നാം സെഷന്റെ അവസാനം അക്സറിന്റെ (27) വിക്കറ്റും ഇംഗ്ലണ്ട് നേടി.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ