ക്ലബ് ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ച് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇനി യൂറോപ്പിലേക്കില്ലെന്നും നിലവിലെ ക്ലബായ അൽ നസറിൽനിന്ന് തന്നെയാകും ക്ലബ് ഫുടബോളിനോട് വിട പറയുകയെന്നും താരം പറഞ്ഞു. സൗദി സ്പോർട്സ് മീഡിയ ഫെഡറേഷൻ മെമ്പറിനെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം ജനുവരി ഒന്നിനാണ് ക്രിസ്റ്റ്യാനോ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് സൗദി അറേബ്യൻ പ്രോ ലീഗിലേക്ക് ചുവടുമാറുന്നത്. 38 കാരനായ താരത്തെ റെക്കോഡ് തുകയ്ക്കായിരുന്നു അൽ നസർ തട്ടകത്തിലെത്തിച്ചത്. പ്രതിവർഷം 200 മില്യൺ യൂറോയ്ക്ക് 2025 വരെയാണ് കരാർ.
ക്ലബ്ബിന് വേണ്ടി ബൂട്ടണിഞ്ഞ 33 മത്സരങ്ങളിൽ നിന്ന് 29 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. എന്ന് വിരമിക്കുമെന്ന ചോദ്യത്തിന് രണ്ടോ മൂന്നോ വർഷം കൂടി കളിക്കളത്തിലുണ്ടാകണമെന്നാണ് ആഗ്രഹമെന്ന് താരം പറഞ്ഞു. ഫുടബോൾ ജീവിതം അവസാനിച്ചാൽ മാഡ്രിഡിലായികും തന്റെ ശിഷ്ടകാലം കഴിയുകയെന്നും മുൻ റയൽ മാഡ്രിഡ് താരം പറഞ്ഞതായി മാഡ്രിഡ് എക്സ്ട്ര റിപ്പോർട്ട് ചെയ്തു.
ക്രിസ്റ്റ്യാനോ തന്റെ കരിയറിന്റെ സുവർണകാലഘട്ടം ചെലവഴിച്ചത് സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലായിരുന്നു. 2009 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ 451 ഗോളുകളും നാൾ ചാമ്പ്യൻസ് ലീഗ്, രണ്ട് ലാലിഗ ഉൾപ്പെടെ നിരവധി നേട്ടങ്ങളാണ് സ്വന്തമാക്കിയത്.
ക്രിസ്റ്റ്യാനോയുടെ സൗദി ലീഗിലേക്കുള്ള ചുവടുമാറ്റം നിരവധി വിമർശനങ്ങൾക്ക് വഴിവച്ചിരുന്നെങ്കിലും യൂറോപ്പ്യൻ ക്ലബ്ബുകളിൽ നിന്നുള്ള നിരവധി താരങ്ങളാണ് പിന്നീട് മിഡിൽ ഈസ്റ്റിലേക്ക് എത്തിയത്. നെയ്മർ, കരിം ബെൻസെമ, സാദിയോ മാനെ തുടങ്ങിയ താരങ്ങൾ നിലവിൽ സൗദി ലീഗിലെ ക്ലബ്ബു കളിലാണ്.