പരിശീലകരുടെ പരിശീലകന്‍ എന്നറിയിപ്പെടുന്ന പ്രശസ്ത ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ പരിശീലകന്‍ മീറോസ്ലോവ് ബ്ലാസെവിച്ച് (87) അന്തരിച്ചു. ക്രൊയേഷ്യന്‍ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബില്‍ വച്ചാണ് അന്ത്യം. കാന്‍സര്‍ രോഗ ബാധിതനായിരുന്നു മീറോസ്ലോവ് ബ്ലാസെവിച്ച്. 1998 ഫുട്‌ബോള്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ മൂന്നാം സ്ഥാനത്തേക്ക് നയിച്ച പരിശീലകന്‍ എന്ന നിലയില്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു മീറോസ്ലോവ് ബ്ലാസെവിച്ച്.
1935 ഫെബ്രുവരി 10 ന് ജനിച്ച 'സീറോ' ബ്ലാസെവിച്ച് ബോസ്‌നിയയിലെ സ്വന്തം പട്ടണമായ ട്രാവ്‌നിക്കില്‍ ആണ് കളി ജീവിതം ആരംഭിക്കുന്നത്. 1960 കളുടെ തുടക്കത്തില്‍ അദ്ദേഹം പരിശീലകവേഷമണിഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡിലായിരുന്നു പരിശീലനം ആരംഭിച്ചത്. പിന്നീട് 1979 ല്‍ മുന്‍ യൂഗോസ്ലോവിയയുടെ ഭാഗമായിരുന്ന ക്രൊയേഷ്യയിലേക്ക് മാറി. ഇറാന്‍, ബോസ്‌നിയ-ഹെര്‍സഗോവിന, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ ദേശീയ ടീമുകളെയും ബ്ലാസെവിച് നയിച്ചു. ഡിനാമോ സാഗ്രെബ്, നാന്റസ്, ഗ്രാസ്ഷോപ്പര്‍ സൂറിച്ച്, സിയോണ്‍, ഷാങ്ഹായ് ഷെന്‍ഹുവ, പിഎഒകെ തെസ്സലോനിക്കി, ഹജ്ദുക് സ്പ്ലിറ്റ് എന്നിവയും അദ്ദേഹം പരിശീലിപ്പിച്ച ക്ലബ്ബുകളില്‍ ഉള്‍പ്പെടുന്നു.
1994 മുതല്‍ 2000 വരെ, ദേശീയ ടീമിനെ പരിശീലിപ്പിച്ച ബ്ലാസെവിച്ച്, 1998-ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പില്‍ ക്രൊയേഷ്യയെ മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. 2015 നാണ് അദ്ദേഹം പരിശീലക ജീവിതത്തില്‍ നിന്നും വിരമിച്ചത്. ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ ക്രൊയേഷ്യ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ നിലവിലെ പരിശീലകനായ സ്ലാറ്റ്‌കോ ഡാലിക് ആ ജയം ബ്ലാസെവിച്ചിന് സമര്‍പ്പിച്ചിരുന്നു.