SPORT

കായികാധ്യാപകരെ കേവലം കൂലിപ്പണിക്കാരാക്കരുത്

കേരളത്തിൽ ഏറ്റവും അവഗണന നേരിടുന്ന വിഭാഗമാണ് സ്കൂൾ കായികാധ്യാപകർ. അതിനു പുറമെയാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഒഴിവുള്ള കായികാ ധ്യാപക തസ്തികകളിൽ ഇനി കരാർ നിയമനം മാത്രമെന്ന പ്രഖ്യാപനം

സനിൽ പി. തോമസ്

കടന്നുവന്ന വഴി മറക്കാത്ത ഏതു സൂപ്പർ കായിക താരവും തന്നെ കളിക്കളത്തിൽ ഇറക്കിയ സ്കൂളിലെ കായിക അധ്യാപകനെയോ അധ്യാപികയെയോ ഓർത്തെടുക്കും. ഏറ്റവും ഒടുവിൽ കേരളത്തിൻ്റെ താരനിരയിൽ എത്തിയ ക്രിക്കറ്റ് താരം മിന്നു മണിയും ഇന്ത്യൻ ടീമിൽ എത്തിയപ്പോൾ  ഓർത്തു; മാനന്തവാടി ജി.വി.എച്ച്. എസ്.എസിലെ കായികാധ്യാപിക കെ.എം. എൽസമ്മയെ. കോച്ചുകളുടെ റോൾ പലപ്പോഴും രണ്ടാമതാണ്. സ്കൂൾ കായികാധ്യാപകർ ആണ് കുട്ടികളിലെ കായികവാസന ആദ്യം കണ്ടെത്തുന്നതും ബാലപാoങ്ങൾ പഠിപ്പിക്കുന്നതും. "ഈറ്റനിലെയും ഹാരോയിലെയും (സ്കൂളുകളിലെ) കളിക്കളങ്ങളിൽ നിന്നാണ് അവർ ട്രഫാൽഗറിലെയും വാട്ടർലൂവിലെയും യുദ്ധങ്ങൾ ജയിച്ചത് " എന്ന വെല്ലിംഗ്ടൻ പ്രഭുവിൻ്റെ വാക്കുകൾ എല്ലാം വ്യക്തമാക്കുന്നു.

പക്ഷേ, കേരളത്തിൽ ഏറ്റവും അവഗണന നേരിടുന്ന വിഭാഗമാണ് സ്കൂൾ കായികാധ്യാപകർ. അതിനു പുറമെയാണ് സംസ്ഥാനത്തെ  സ്കൂളുകളിൽ ഒഴിവുള്ള കായികാ ധ്യാപക തസ്തികകളിൽ ഇനി കരാർ നിയമനം മാത്രമെന്ന  പ്രഖ്യാപനം. ശമ്പളം പ്രതിമാസം പരമാവധി 15,000 രൂപ. അതും വർഷത്തിൽ 10 മാസം. യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ കരാർ നിയമനത്തിന് അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. കായിക വിദ്യാഭ്യാസത്തിനുള്ള പിരിയഡുകൾ മറ്റു പoനങ്ങൾക്ക് ഉപയോഗിക്കരുതെന്ന് സർക്കാർ ഉത്തരവ് ഇറക്കിയതിനു പിന്നാലെയാണിത്.

കേരളത്തിലെ സ്കൂൾ വിദ്യാർഥികളിൽ 80 ശതമാനത്തിനും കായികക്ഷമതയില്ലെന്ന് മുൻപൊരു പoനത്തിൽ കണ്ടെത്തിയിരുന്നു. യുനസ്കോ പ്രസിദ്ധീകരിച്ച ഈ വർഷത്തെ ഗ്ലോബൽ എജ്യുക്കേഷൻ മോണിറ്ററിങ് റിപ്പോർട്ടിൽ കുട്ടികൾക്കിടയിൽ കായിക വിനോദങ്ങൾ കുറയുന്നതായി പറയുന്നുണ്ട്.

ജോലി സ്ഥിരതയ്ക്കും തുല്യവേതനത്തിനുമൊക്കെയായി കായികാധ്യാപകർ മുറവിളി തുടങ്ങിയിട്ട് നാലു പതിറ്റാണ്ടിലേറെയായി.  ഭാഷാ അധ്യാപകർക്ക് കായികാധ്യാപകരുടെ ചുമതല നൽകാനുള്ള നീക്കം മുമ്പുണ്ടായപ്പോഴും വലിയ പ്രതിഷേധം ഉയർന്നതാണ്. കെ.ഇ.ആർ. പ്രകാരം ആഴ്ചയിൽ അഞ്ചു പീരിയഡ് ഉണ്ടെങ്കിൽ കായികാധ്യാപകരെ നിയമിക്കാം. പക്ഷേ, ഏട്ടിലും ഒൻപതിലും ഓരോ പീരിയഡ് മാത്രം കണക്കിലെടുത്താൽ അഞ്ചു തികയില്ല. കായികാധ്യാപക തസ്തിക സംബന്ധിച്ച മാനദണ്ഡങ്ങൾ കാലത്തിനൊത്ത് പരിഷ്കരിക്കാതെ കായികാധ്യാപകരെ ദിവസ വേതനക്കാർ ആക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

1954 ൽ തിരുവനന്തപുരത്തും 57 ൽ കോഴിക്കോട്ടും ഫിസിക്കൽ എജ്യുക്കേഷൻ കോളജുകൾ തുടങ്ങിയതോടെയാണ്  കായിക വിദ്യാഭ്യാസം കേരളത്തിൽ നിലവാരം കൈവരിച്ചത്. 1971 ൽ രണ്ടും പൂട്ടി. 79 ൽ കോഴിക്കാട് കോളജ് പുനരാരംഭിച്ചു. 1975 ൽ തിരുവനന്തപുരത്ത് ജി.വി.രാജാ സ്പോർട്സ് സ്കൂളുമായി ബന്ധപ്പെടുത്തി കായിക വിദ്യാഭ്യാസ പoനത്തിന് അവസരം ഒരുങ്ങി. 1985-ൽ കാര്യവട്ടത്ത്  എൽ.എൻ.സി.പി.ഇ പ്രവർത്തനം തുടങ്ങിയതോടെ ഉന്നത കായിക വിദ്യാഭ്യാസത്തിന് വഴി തുറന്നു.

ഇവിടങ്ങളിലും ഇതര സംസ്ഥാനങ്ങളിലും പഠിച്ച് കായിക വിദ്യാഭ്യാസത്തിൽ ഉന്നത ബിരുദം നേടിയെത്തുന്നവർക്കാണ് ദിവസ വേതനത്തിൽ കരാർ നിയമനം. ബി.പി.എഡ് വരെയാണ് യോഗ്യത പറയുന്നതെങ്കിലും ജീവിക്കാൻ വേണ്ടി എം.പി.എഡുകാരും അപേക്ഷകരാകും. എല്ലാവർക്കും കോളജിൽ ജോലി കിട്ടില്ലല്ലോ? കായിക കേരളത്തിൻ്റെ അടിത്തറ ഇളക്കുന്ന ഈ നീക്കത്തിൽ നിന്ന് അധികൃതർ പിൻമാറണം. കായിക വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം അനിവാര്യമാണ്. അത് വൈകിക്കൂടാ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ