എല്‍ദോസ് പോളും(വലത്) അബ്ദുള്ള അബൂബക്കറും മെഡലുകളുമായി. 
SPORT

'ഇത് എന്റെ വല്യാമ്മയ്ക്ക്'; മനസു തുറന്ന് എല്‍ദോസ്, ഒപ്പം നിന്ന് അബ്ദുള്ള

നാലാം വയസില്‍ അമ്മ നഷ്ടമായ ശേഷം തന്നെ പൊന്നുപോലെ നോക്കി വളര്‍ത്തിയ 'വല്യാമ്മ'യ്ക്കു വേണ്ടിയാണ് തന്റെ ഈ സ്വര്‍ണനേട്ടമെന്ന് കണ്ഠമിടറി എല്‍ദോസ്‌ 'ദ ഫോര്‍ത്തിനോട്' പറഞ്ഞു.

വെബ് ഡെസ്ക്

ബിര്‍മിങ്ഹാമിലെ ജമ്പിങ് പിറ്റില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ് കേരളം. 130 കോടി ജനതയ്ക്കു വേണ്ടി കൊച്ചു കേരളത്തില്‍ നിന്നു രണ്ടു മിടുക്കന്മാരാണ് ആ പിറ്റില്‍ മെഡലുമായി ഉദിച്ചുയര്‍ന്നത്. സ്‌കൂള്‍തലം മുതല്‍ തോളില്‍ കൈയിട്ടു നടന്ന എല്‍ദോസ് പോളും അബ്ദുള്ള അബൂബക്കറും അങ്ങനെ കായിക ഇന്ത്യയുടെ തന്നെ അഭിമാന താരകങ്ങളായി.

ബിര്‍മിങ്ഹാമിലെ പുലര്‍കാല തണുപ്പില്‍ 17.03 മീറ്റര്‍ ദൂരത്തില്‍ എല്‍ദോസ് പോള്‍ ചാടിവീഴുമ്പോള്‍ ഇങ്ങു കേരളത്തില്‍ കണ്ണിമ ചിമ്മാതെ നോക്കിയിരിക്കുകയായിരുന്നു മറിയാമ്മ. പോഡിയത്തില്‍ സുവര്‍ണ പതക്കമണിഞ്ഞു ദേശീയ ഗാനത്തിനു കാതോര്‍ക്കുമ്പോള്‍ എല്‍ദോസിന്റെ മനസിലും ആ എണ്‍പത്തിയെട്ടുകാരിയായിരുന്നു.

നാലാം വയസില്‍ അമ്മ നഷ്ടമായ ശേഷം തന്നെ പൊന്നുപോലെ നോക്കി വളര്‍ത്തിയ മുത്തശിക്കാണ് എല്‍ദോസ് ഈ മെഡല്‍ സമര്‍പ്പിക്കുന്നത്. 'വല്യാമ്മ'യ്ക്കു വേണ്ടിയാണ് തന്റെ ഈ സ്വര്‍ണനേട്ടമെന്ന് കണ്ഠമിടറി എല്‍ദോസ് 'ദ ഫോര്‍ത്തിനോട്' പറഞ്ഞു. "ഈ നേട്ടം ഞാന്‍ പ്രതീക്ഷിച്ചതല്ല. മെഡല്‍ വരുമെന്നു തോന്നിച്ചിരുന്നു. പക്ഷേ സ്വര്‍ണം എന്റെ പ്രതീക്ഷയില്‍പ്പോലുമില്ലായിരുന്നു. എല്ലാം വല്യാമ്മയുടെ പ്രാര്‍ഥന. എന്നെ ഞാനാക്കിയത് വല്യാമ്മയാണ്. എത്രയും വേഗം ഈ മെഡല്‍ അവരുടെ കഴുത്തിലണിയിക്കണം''- എല്‍ദോസ് പറഞ്ഞു.

ഇന്നു പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പ് ഫൈനല്‍ നടക്കുമ്പോള്‍ കേരളത്തിന് അതു കൂട്ടുകാരുടെ പോരാട്ടമായിരുന്നു. കോതമംഗലം എം.എ. കോളജില്‍ ടി.പി. ഔസേഫിനു കീഴില്‍ ഒരുമിച്ചു പരിശീലിച്ചു വളര്‍ന്ന എല്‍ദോസും അബ്ദുള്ളയുമായിരുന്നു പരസ്പരം മത്സരിച്ചത്.

സ്വന്തം നേട്ടത്തേക്കാളുപരി കൂട്ടുകാരന്റെ തെറ്റും പിഴവും തിരുത്തിയും പരസ്പരം പ്രോത്സാഹിപ്പിച്ചും അവര്‍ മത്സരവേദിയിലും ഉത്തമ സൗഹൃദം പുലര്‍ത്തിയപ്പോള്‍ നിറഞ്ഞ കൈയടികളോടെയാണ് ഗ്യാലറിയും സ്വീകരിച്ചത്. ഒരേയിനത്തില്‍ ഇന്ത്യക്കായി സ്വര്‍ണവും വെള്ളിയും നേടിയ ശേഷം 'ദി ഫോര്‍ത്തിനോട്' സംസാരിക്കുമ്പോള്‍ ഗ്യാലറിയുടെ ആ പിന്തുണയെക്കുറിച്ചാണ് അബ്ദുള്ള വാചാലനായത്.

''ത്രിവര്‍ണ പതാകകളായിരുന്നു ഗ്യാലറിയില്‍. അവര്‍ തന്ന പിന്തുണ മറക്കാനാകില്ല. ഇവിടെയുള്ളവര്‍ നമ്മളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുമെന്നു കരുതിയില്ല. മെഡല്‍ വന്നാല്‍ ഞങ്ങള്‍ രണ്ടാളും ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഞാന്‍ നേരത്തെ ഇക്കാര്യം എല്‍ദോസിനോടു പറഞ്ഞിരുന്നു. എന്നാല്‍ സ്വര്‍ണവും വെള്ളിയും നേടുമെന്നു പ്രതീക്ഷിച്ചില്ല. എല്ലാവര്‍ക്കും നന്ദി''- അബ്ദുള്ള പറഞ്ഞു.

എറണാകളും കോലഞ്ചേരി സ്വദേശിയായ എല്‍ദോസ് പോള്‍. കോതമംഗലം എം.എ. കോളജില്‍ നിന്നാണ് ബിരുദം പൂര്‍തതിയാക്കിയത്. നിലവില്‍ ഇന്ത്യന്‍ നേവിയില്‍ ഉദ്യോഗസ്ഥനാണ് എല്‍ദോസ്. രണ്ടാഴ്ച മുമ്പ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജമ്പില്‍ ഫൈനലിലെത്തിയും എല്‍ദോസ് ചരിത്രം സൃഷ്ടിച്ചിരുന്നു. കോഴിക്കോട് നാദാപുരം സ്വദേശിയായ അബ്ദുള്ള അബൂബക്കര്‍ നിലവില്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ