ആദ്യ മലയാളി ഒളിംപ്യൻ, കണ്ണൂർ സ്വദേശി സി.കെ. ലക്ഷ്മണൻ തന്നെയാണ് ദേശീയ ഗെയിംസിൽ മെഡൽ നേടിയ ആദ്യ മലയാളിയും. 1924 ൽ പാരിസ് ഒളിംപിക്സിനു മുന്നോടിയായി ഡൽഹിയിൽ നടന്ന ദേശീയ ഗെയിംസിൽ (അന്ന് ദേശീയ അത്ലറ്റിക്സ് ചാംപ്യൻഷിപ് ) 110 മീറ്റർ ഹർഡിൽസിൽ ലക്ഷ്മണൻ സ്വർണം നേടി, സമയം 16.20 സെക്കന്‍ഡ്!
ഈ മികവിലാണ് ചെറുവാരി കൊറ്റ്യത്ത് ലക്ഷ്മണൻ പാരിസ് ഒളിംപിക്സിൽ ഇന്ത്യൻ ടീമിലെത്തിയത്. മദ്രാസിനെയാണ് ലക്ഷ്മണൻ ദേശീയ ഗെയിംസിൽ പ്രതിനിധാനം ചെയ്തത്. 1898-ല്‍ കണ്ണൂര്‍ പയ്യാമ്പലത്ത് ജനിച്ച ലക്ഷ്മണന്‍ പാരീസ് ഫളിമ്പിക്‌സില്‍ മത്സരിച്ച എട്ടംഗ ഇന്ത്യന്‍ സംഘത്തിലെ വെള്ളക്കാരല്ലാത്ത നാലു പേരില്‍ ഒരാളായിരുന്നു. കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂളിലും മദ്രാസ് ക്രിസ്ത്യന്‍ കോളജിലും മദ്രാസ് മെഡിക്കല്‍ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയിലെ യൂണിയന്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ആയിരുന്നു. ഇന്ത്യന്‍ ആര്‍മിയില്‍ മേജര്‍ ജനറല്‍ വരെയായി.
ജീവിതത്തില്‍ ഏറിയ ഭാഗവും ഡല്‍ഹിയില്‍ ചെലവിട്ട ലക്ഷ്മണന്‍ 1972 ഒക്ടോബര്‍ മൂന്നിന്ന് ഡല്‍ഹിയില്‍ അന്തരിച്ചു.74 വയസ് ആയിരുന്നു. 2008 ഓഗസ്റ്റ് അഞ്ചിന് കണ്ണൂരില്‍ ജവാഹര്‍ സ്റ്റേഡിയം പവലിയനു മുന്നില്‍ ലക്ഷ്മണന്റെ അര്‍ധകായ പ്രതിമ ഒളിംപ്യന്‍ ഒ.ചന്ദ്രശേഖര്‍ അനാച്ഛാദനം ചെയ്തു. അത്‌ലറ്റിക്‌സില്‍ കേരളത്തിന്റെ പെരുമ ആദ്യമായി ഉയര്‍ത്തിയ ഇതിഹാസത്തിന് സംസ്ഥാനം നല്‍കിയ ഏക ആദരം.
രണ്ടു നാൾ ദീർഘിച്ച ഗെയിംസിൽ തിരുവിതാംകൂറിനായി മത്സരിച്ചും ഒരു കേരളീയൻ മെഡൽ നേടിയിരുന്നു. വി.പി. തമ്പിയായിരുന്നത്. തമ്പിക്ക് ഷോട്ട്പുട്ടിൽ വെങ്കലം ലഭിച്ചു.
അടുത്ത രണ്ടു തവണയും മലയാളിക്ക് മെഡൽ ഇല്ലായിരുന്നു.പിന്നീട് 1930ൽ മലയാളി താരം പി.ഐ. അലക്സാണ്ടർ മദ്രാസിനുവേണ്ടി ട്രിപ്പിൾ ജംപിൽ വെള്ളി മെഡൽ നേടി. മികച്ച ഫുട്ബോൾ കളിക്കാരൻ കൂടിയായിരുന്ന പ്രഫ.പി.ഐ. അലക്സാണ്ടർ പിന്നീട് ജി.വി. രാജയുമൊത്ത് കായിക കേരളത്തിൻ്റെ വളർച്ചയ്ക്ക് അടിത്തറയിട്ടു. കായിക വിദ്യാഭ്യാസ രംഗത്ത് ഏറെ ശോഭിച്ച അദ്ദേഹം കേരള സ്പോർട്സ് കൗൺസിലിൻ്റെ സ്ഥാപക സെക്രട്ടറിയാണ്. അദ്ദേഹത്തിൻ്റെ പേരിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്ന അലക്സ് മെമ്മോറിയൽ അത് ലറ്റിക് മീറ്റ് എത്രയോ താരങ്ങളെ ശ്രദ്ധേയരാക്കി.
1934ൽ ഡൽഹിയിൽ നടന്ന ഗെയിംസിൽ ബംഗാൾ, പഞ്ചാബ് , യു.പി. എന്നീ സംസ്ഥാനങ്ങളിൽ നിന്നു വനിതകളും മൽസരത്തിനിറങ്ങിയെങ്കിലും അക്കാലത്ത് കേരള വനിതകൾ കായിക വേദിയിൽ സജീവമല്ലായിരുന്നു.
1982ൽ ന്യൂഡൽഹിയിൽ ഏഷ്യൻ ഗെയിംസ് വൻ വിജയമായതോടെയാണ് ദേശീയ ഗെയിംസ് പുനർജീവിപ്പിക്കണമെന്ന ആവശ്യം ഇന്ത്യൻ ഒളിംപിക് അസോസിയേഷന് ബോധ്യപ്പെടുകയും 1979 നു ശേഷം മുടങ്ങിയ ഗെയിംസ് 1985 ൽ പൂർവാധികം ഭംഗിയായി പുനരാരംഭിക്കുകയും ചെയ്തു. 12 സ്വർണവും 11 വെള്ളിയും ഏഴു വെങ്കലവും നേടിയ കേരളം 1985 ൽ എട്ടാം സ്ഥാനത്തായിരുന്നു. 87 ൽ കേരളം ആതിഥേയത്വം വഹിച്ചപ്പോൾ 29 സ്വർണവും 21 വെള്ളിയും 18 വെങ്കലവും നേടാൻ കേരളത്തിനു സാധിച്ചു. അന്നു മാത്രമാണ് കേരളം മെഡൽ നിലയിൽ ഒന്നാമതെത്തിയത്. 1999ൽ ഇംഫാലിൽ 52 സ്വർണവും 34 വെള്ളിയും 22 വെങ്കലവും നേടിയപ്പോഴും 2015ൽ ആതിഥേയരുടെ റോളിൽ 54 സ്വർണവും 48 വെള്ളിയും 60 വെങ്കലവും നേടിയപ്പോഴും നമുക്ക് രണ്ടാം സ്ഥാനമായിരുന്നു.
മറ്റ് ദേശീയ മീറ്റുകളിൽ കാണിക്കാത്തൊരു വാശി ദേശീയ ഗെയിംസിൽ കേരളം കാണിക്കാറുണ്ട്. ഇതര സംസ്ഥാനങ്ങളിൽ ജോലി നോക്കുന്ന മലയാളി താരങ്ങളെ കേരളത്തിൻ്റെ ജേഴ്സിയിൽ ഇറക്കുകയും കാഷ് അവാർഡും ചിലർക്ക് നാട്ടിൽ ജോലിയും നൽകുന്ന പതിവുണ്ട്. ഇതിനു ഗുണത്തേക്കാളേറെ ദോഷമുണ്ട്. മികവ് തെളിയിച്ച്, ഏറെ സീനിയറായ താരങ്ങളെ നാട്ടിൽ കൊണ്ടു വന്നിട്ട് എന്തു പ്രയോജനം? കേരളത്തിൽ വേരുകളുള്ള , മറ്റു സംസ്ഥാനങ്ങളിൽ ജനിച്ചു വളർന്നവരെ ദേശീയ ഗെയിംസിന് കേരള താരങ്ങളായി മത്സരിപ്പിച്ചിട്ട് എന്തു ഗുണം?
ഉദാഹരണത്തിന് സ്ക്വാഷ് താരം ദീപിക പള്ളിക്കൽ രാജ്യാന്തര മത്സരങ്ങളിൽ നേടിയ മെഡലുകളെല്ലാം തമിഴ്നാട്ടുകാരിയെന്ന നിലയിലാണ്. ദേശീയ ഗെയിംസിൽ മുന്നിലെത്താൻ ഇത്തരം താരങ്ങളെ അതിഥികളാക്കിയിട്ട് ഒരു കാര്യവുമില്ല. മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് ഉപദേശിക്കാനും പറ്റില്ല. കാരണം ദേശീയ ഗെയിംസ് എന്ന് എവിടെ നടക്കുമെന്ന് ആർക്കും പറയാനാവില്ല.