പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് ടി 20 ക്രിക്കറ്റിന്റെ താരലേലം ഇന്ന്. 2.30ന് മുംബൈയില്‍ ലേലം തുടങ്ങും.1525 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്ന്, തിരഞ്ഞെടുത്ത 409 പേരെയാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 246 പേര്‍ ഇന്ത്യന്‍ കളിക്കാരും 163 പേർ വിദേശ താരങ്ങളുമാണ്. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഗുജറാത്ത് ജയന്‍റ്സ്, യുപി വാരിയേഴ്‌സ് എന്നീ അഞ്ച് ടീമുകളാണ് മത്സര രംഗത്തുള്ളത്.
ഓരോ ടീമിനും 15 മുതല്‍ 18 കളിക്കാരെ തിരഞ്ഞെടുക്കാം. സ്‌ക്വാഡില്‍ 12 ഇന്ത്യന്‍ താരങ്ങളെയും പരമാവധി ആറ് വിദേശ താരങ്ങളെയും ഉള്‍പ്പെടുത്താം. ഓരോ ടീമിനും ചെലവാക്കാവുന്ന പരമാവധി തുക 12 കോടിയാണ്. 50 ലക്ഷം രൂപയാണ് കൂടിയ അടിസ്ഥാന വില. ഇന്ത്യന്‍ ദേശീയ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ദീപ്തി ശര്‍മ, അണ്ടര്‍ 19 ടി20 ലോകകപ്പ് ജേതാവ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഷെഫാലി വര്‍മ എന്നിവര്‍ ഈ അടിസ്ഥാന വിലയില്‍ ഉള്‍പ്പെടുന്നവരാണ്. എലിസ് പെറി, സോഫി എക്ലസ്റ്റോണ്‍, സോഫി ഡെവിന്‍, ഡിയാന്‍ഡ്ര ഡോട്ടിന്‍ തുടങ്ങി 13 വിദേശ താരങ്ങളുടെ അടിസ്ഥാന വിലയും 50 ലക്ഷമാണ്.
അടിസ്ഥാന വില അഞ്ച് ബ്രാക്കറ്റുകളിലായാണ് സജീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടിയത് 50 ലക്ഷവും കുറഞ്ഞത് 10 ലക്ഷം രൂപയുമാണ്. മറ്റുള്ളവ യാഥാക്രമം 20 ലക്ഷം, 30 ലക്ഷം, 40 ലക്ഷം എന്നിങ്ങനെയാണ്.