ഫ്‌ളോറന്‍സ് ഗ്രിഫിത്ത് ജോയ്‌നര്‍ 
SPORT

സമയത്തെ തോല്‍പിച്ച് അനശ്വരതയില്‍: ആർക്കും കീഴടക്കാനാകാതെ ഫ്ളോ ജോ

പ്രകടനം കൊണ്ടും കായികക്ഷമത കൊണ്ടും ഫ്‌ളോയോടു കിടപിടിക്കാന്‍ യു.എസില്‍ നിന്നോ ലോകത്തെ മറ്റേതൊരു കോണില്‍ നിന്നോ ഒരു വനിതാ അത്‌ലറ്റ് ഇന്നുമുണ്ടായിട്ടില്ല.

ശ്യാം ശശീന്ദ്രന്‍

''ഇതാ... ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വേഗതയേറിയ വനിത''... യു.എസ്.എയിലെ ഓറിഗണില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 200 പൂര്‍ത്തിയായപ്പോള്‍ കമന്റേറ്റര്‍മാര്‍ അലറി വിളിക്കുകയായിരുന്നു... മീറ്റ് റെക്കോഡോടെ 21.45 സെക്കന്‍ഡില്‍ അവിസ്മരണീയ കുതിപ്പ് നടത്തിയ ജമൈക്കന്‍ താരം ഷെരീക്ക ജാക്‌സണ്‍ ഗ്യാലറിയെ മാത്രമല്ല ലോകമെങ്ങുമുള്ള കായികപ്രേമികളെയും ആവേശത്തിലാഴ്ത്തി.

ഫിനിഷിങ് ലൈനില്‍ വായുവില്‍ മുഷ്ടിചുരുട്ടിയിടിച്ചു ദേശീയ പതാക പുതച്ച് ട്രാക്കിനെ ഒന്നുകൂടി വലംവച്ചു ജമൈക്കന്‍ താരം സ്വര്‍ണവുമായി മടങ്ങിയപ്പോള്‍ ലോകം ഒന്നടങ്കം പറഞ്ഞു... ''ഇതാ... ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വേഗതയേറിയ വനിത''. പക്ഷേ അത്‌ലറ്റിക്‌സിന്റെ ചരിത്രത്താളുകളില്‍ ഷെരീക്കയുടെ പേരു കുറിക്കുക 'ലോക കണ്ട രണ്ടാമത്തെ വേഗയേറിയ വനിത' എന്നാകും.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 200 മീറ്ററില്‍ റെക്കോഡ് സ്വര്‍ണം നേടിയ ജമൈക്കന്‍ താരം ഷെരീക്ക ജാക്‌സന്റെ ആഹ്‌ളാദം.

കാരണം ഒന്നാം സ്ഥാനം '21.34 സെക്കന്‍ഡ് സമയത്തില്‍' കഴിഞ്ഞ 34 വര്‍ഷമായി ഒരാളുടെ കൈയ്യില്‍ ഭദ്രമാണ്... . ഗ്യാലറികളെ പുളകംകൊള്ളിച്ച പ്രകടനവും സൗന്ദര്യവുമായി ട്രാക്കില്‍ തീപടര്‍ത്തിയ ഫ്‌ളോറന്‍സ് ഗ്രിഫിത്ത് ജോയ്‌നര്‍ എന്ന ആരാധകരുടെ പ്രിയപ്പെട്ട ഫ്‌ളോ ജോയുടെ പേരില്‍. നിരവധിപ്പേര്‍ ആ സ്ഥാനം സ്വന്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഷെരീക്കയ്ക്കും ഫ്‌ളോ ജോയുടെ അടുത്ത് എത്താനായിട്ടില്ല.

എന്നും അങ്ങനെതന്നെയായിരുന്നു ഫ്‌ളോ ജോ. ആര്‍ക്കും പിടികൊടുത്തിട്ടില്ല. ട്രാക്കിന് അകത്തും പുറത്തും സ്വപ്‌നതുല്യമായ ജീവിതം. അത്‌ലറ്റിക്‌സ് എന്നാല്‍ വേഗത്തിന്റെയും ദൂരത്തിന്റെയും മാത്രം കായികമേളയല്ലെന്നും മറിച്ചു നിറങ്ങളുടെ കൂടി ആഘോഷമാണെന്നു ലോകത്തിനു കാട്ടിക്കൊടുത്ത ഡിസൈനര്‍. ട്രാക്ക് സ്യൂട്ട് സ്വന്തമായി ഡിസൈന്‍ ചെയ്തും നീട്ടിവളര്‍ത്തിയ നഖങ്ങളില്‍ അമേരിക്കന്‍ പതാക പാറിച്ചും ട്രാക്കില്‍ ഫാഷന്‍ വിപ്ലവത്തിനു തുടക്കമിട്ട കറുത്ത സുന്ദരി.

പ്രകടനം കൊണ്ടും സൗന്ദര്യം കൊണ്ടും ഫ്‌ളോയോടു കിടപിടിക്കാന്‍ അവരുടെ നാടായ യു.എസില്‍ നിന്നോ ലോകത്തെ മറ്റേതൊരു കോണില്‍ നിന്നോ ഒരു വനിതാ അത്‌ലറ്റ് ഇന്നുമുണ്ടായിട്ടില്ല. അത്രകണ്ട് വശ്യസുന്ദരമായിരുന്നു ഫ്‌ളോയുടെ ചെറിയ-വലിയ കരിയറും ജീവിതവും.

ഫ്‌ളോ ജോ.

ഠ നിറങ്ങളില്ലാത്ത ഫ്‌ളാഷ് ബാക്ക്

നിറങ്ങളോട് ഇഷ്ടംകൂടി പറന്നുനടന്ന ഫ്‌ളോയുടെ ജീവിതത്തിന്റെ തുടക്കം അത്ര നിറമേറിയതായിരുന്നില്ല. 1959 ഡിസംബര്‍ 21-ന് ലോസ് ആഞ്ചലസിലെ പാവപ്പെട്ട കുടുംബത്തിലെ 11 മക്കളില്‍ ഏഴാമത്തവളായി ജനനം. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലത്ത് താന്‍ കണ്ട സ്വപ്‌നങ്ങള്‍ക്കു മഴവില്ലിന്റെ നിറമായിരുന്നുവെന്നു ഫ്‌ളോ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

സ്‌കൂള്‍തലം മുതല്‍ അത്‌ലറ്റിക്‌സില്‍ മികവ് പ്രകടിപ്പിച്ച ഫ്‌ളോ ഇതിഹാസ താരം ജെസി ഓവന്‍സിന്റെ പേരിലുള്ള ദേശീയ യൂത്ത് ഗെയിംസില്‍ തുടര്‍ച്ചയായി രണ്ടു തവണ സ്വര്‍ണമണിഞ്ഞിട്ടുണ്ട്. സ്‌കൂളിലും കോളജിലും മിന്നുന്ന ജയങ്ങള്‍ നേടിയെങ്കിലും സ്‌പോര്‍ട്‌സിനെ കാര്യമായി സമീപിക്കാന്‍ ദാരിദ്ര്യം അനുവദിച്ചില്ല. കുടുംബത്തിനു താങ്ങാകാന്‍ അതിനാല്‍ ഒരു ബാങ്കില്‍ ഉദ്യോസ്ഥയായി ജോലി ആരംഭിച്ച ഫ്‌ളോയുടെ കരിയര്‍ മാറ്റിമറിച്ചത് 1983-ല്‍ നടന്ന പ്രഥമ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പാണ്.

അവിടെ 200 മീറ്ററില്‍ അമേരിക്കയെ പ്രതിനിധീകരിച്ചിറങ്ങിയ ഫ്‌ളോ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്തു വരവറിയിച്ചു. അതേവര്‍ഷം നടന്ന ഒളിമ്പിക് ട്രയല്‍സില്‍ രണ്ടാമത്തെ മികച്ച സമയം കുറിച്ച ഫ്‌ളോ ഒളിമ്പിക് യോഗ്യതയും സ്വന്തമാക്കിയ ഫ്‌ളോ 84-ല്‍ സ്വന്തം നാട്ടില്‍ നടന്ന ഒളിമ്പിക്‌സില്‍ 200 മീറ്ററില്‍ വെള്ളി നേടി ഫ്‌ളോ ട്രാക്കില്‍ നിലയുറപ്പിച്ചു.

എന്നാല്‍ 84 ഒളിമ്പിക്‌സിനു ശേഷം കുടുംബപ്രാരാബ്ദങ്ങള്‍ മൂലം വീണ്ടും ട്രാക്കില്‍ നിന്ന് അകലുകയായിരുന്നു. ബാങ്ക് ജോലിയും പരിശീലനവും ഒരേസമയം കൊണ്ടുപോകാന്‍ കഴിയാതെ പാര്‍ട്ട് ടൈം റണ്ണര്‍ മാത്രമായി മാറി. ഈ സമയത്ത് ഫാഷന്‍ ഡിസൈനിങ്ങിലാണ് ഫ്‌ളോ ശ്രദ്ധ കേന്ദ്രീകരിച്ചത്. തന്റെ വസ്ത്രങ്ങള്‍ സ്വന്തമായി ഡിസൈന്‍ ചെയ്യാനും നഖങ്ങളിലും മുടിയിലും നിറവും സ്‌റ്റൈലുകളും മാറ്റാന്‍ തുടങ്ങിയത് ഇക്കാലത്താണ്.

84 ഒളിമ്പിക്‌സില്‍ പുരുഷവിഭാഗം ട്രിപ്പിള്‍ ജമ്പിലെ സ്വര്‍ണ ജേതാവായ അമേരിക്കന്‍ താരം അല്‍ ജോയ്‌നറിനെ ഫ്‌ളോ വിവാഹം ചെയ്തതാണ് അവരുടെ കരിയറിലെ രണ്ടാം വഴിത്തിരിവ് കുറിച്ചത്. 1987-ലായിരുന്നു വിവാഹം. ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം അതേ വര്‍ഷം ട്രാക്കിലേക്ക് തിരിച്ചെത്തിയ ഫ്‌ളോ പിന്നീട് നടത്തിയത് അസാമാന്യ പ്രകടനങ്ങളാണ്.

ഇടവേളയ്ക്കു ശേഷം തിരിച്ചെത്തി വെറും നാലു മാസത്തിനുള്ളില്‍ റോമില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ വെള്ളി നേടി. ആ വര്‍ഷം മറ്റനേകം മികച്ച പ്രകടനങ്ങള്‍ കൂടി കാഴ്ചവച്ചതോടെ ലോക റാങ്കിങ്ങില്‍ അതിവേഗം രണ്ടാം സ്ഥാനത്തെ്എത്താനും കഴിഞ്ഞു.

ഫ്‌ളോ ജോ.

ഠ ഫ്‌ളോയുടെ മാത്രം സോള്‍

ശീതയുദ്ധത്തിനു ശേഷം നടക്കുന്ന ആദ്യ ഒളിമ്പിക്‌സിനാണ് ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോള്‍ 1988-ല്‍ ആതിഥ്യം വഹിച്ചത്. അക്കാരണത്താല്‍ തന്നെ യു.എസ്-റഷ്യ അത്‌ലറ്റുകള്‍ കടുത്ത സമ്മര്‍ദ്ദത്തിലുമായിരുന്നു. ഭര്‍ത്താവിനും അദ്ദേഹത്തിന്റെ സഹോദരനും അത്‌ലറ്റിക്‌സ് കോച്ചുമായ ബോബ് കേഴ്‌സിക്കും കീഴില്‍ കടുത്ത പരിശീലനം നടത്തിയാണ് ഫ്‌ളോ ഒളിമ്പിക്‌സിനെത്തിയത്. ലോകത്തിന്റെ എല്ലാ ശ്രദ്ധയും ആ സുന്ദരിയിലായിരുന്നു.

ആരെയും നിരാശപ്പെടുത്തിയില്ലെന്നു മാത്രമല്ല സോള്‍ ഒളിമ്പിക്‌സ് തന്നെ 'സ്വന്തം പേരിലാക്കി'യാണ് ഫ്‌ളോ മടങ്ങിയത്. 100 മീറ്ററില്‍ ഹീറ്റ്‌സില്‍ തന്നെ ഒളിമ്പിക് റെക്കോഡിട്ടു, സമയം 10.88 സെക്കന്‍ഡ്. ഈ റെക്കോഡിന് ഫൈനല്‍ വരെയെ ആയുസുണ്ടായുള്ളു. കലാശപ്പോരില്‍ നാട്ടുകാരിയായ എവ്‌ലിണ്‍ ആഷ്‌ഫോര്‍ഡിനെ തോല്‍പിച്ച് 10.54 സെക്കന്‍ഡില്‍ റെക്കോര്‍ഡ സ്വര്‍ണം നേടി.

200 മീറ്ററിലും ഫ്‌ളോയുടെ കുതിപ്പാണ് കണ്ടത്. സെമിഫൈനലില്‍ 21.56 സെക്കന്‍ഡില്‍ ഓടിയെത്തി ലോക റെക്കോര്‍ഡ് തന്നെ തകര്‍ത്തു. ആ ഒളിമ്പിക്‌സില്‍ അമേരിക്കയുടെ 4-100 മീറ്റര്‍ റിലേ ടീമിലും 4-400 മീറ്റര്‍ റിലേ ടീമിലും അംഗമായിരുന്നു ഫ്‌ളോ. 400 മീറ്റര്‍ റിലേയില്‍ വെള്ളി നേടിയ ഫ്‌ളോ 100 മീറ്റര്‍ റിലേ ഫൈനലില്‍ സ്വര്‍ണവുമണിഞ്ഞു.

4-100 മീറ്റര്‍ റിലേ കഴിഞ്ഞ വിശ്രമിക്കാന്‍ പോലും സമയമില്ലാത്ത രീതിയിലായിരുന്നു 200 മീറ്റര്‍ ഫൈനല്‍ ഷെഡ്യൂള്‍ ചെയ്തത്. എന്നാല്‍ ക്ഷീണത്തിന്റെ ലാഞ്ചന പോലും കാണിക്കാതെ ട്രാക്കില്‍ ഒരു ചിത്രശലഭത്തെപ്പോലെ പറന്നു നടന്ന ഫ്‌ളോ ജോ രണ്ടു ദിനം മുമ്പ് താന്‍ തന്നെ കുറിച്ച ലോകറെക്കോഡ് തകര്‍ത്ത് 21.34 എന്ന സമയത്തില്‍ സ്വര്‍ണം നേടി ലോകത്തിലെ ഏറ്റവും വേഗമേറിയ വനിതയായാണ് മടങ്ങിയത്.

ഫ്‌ളോ ജോ തനിക്കായി സ്വയം ഡിസൈന്‍ ചെയ്ത വിവിധ ട്രാക്ക് സ്യൂട്ടുകള്‍.

ഠ ഡിസൈനിങ്ങിലെ ഫ്‌ളൂറന്‍സ് ഫ്‌ളോ

ട്രാക്കില്‍ പ്രകടനങ്ങളിലൂടെ മാത്രമല്ല സൗന്ദര്യത്തിലൂടെയും സ്‌റ്റൈലിലൂടെയും ശ്രദ്ധ നേടാനാകുമെന്നു ലോകത്തിനു കാട്ടിക്കൊടുത്തതും ഫ്‌ളോ ജോയാണ്. കുട്ടിക്കാലത്തു കണ്ട സ്വപ്‌നങ്ങളിലെ നിറങ്ങള്‍ക്കൊപ്പമായിരുന്നു ട്രാക്കില്‍ അവളുടെ കുതിപ്പ്. തനിക്കുള്ള ട്രാക്ക് സ്യൂട്ട് അവള്‍ സ്വന്തമായി ഡിസൈന്‍ ചെയ്തു. ഒരു കൈയിലെ അഞ്ചു വിരല്‍നഖങ്ങളില്‍ അഞ്ചു നിറങ്ങള്‍ തേച്ചു പിടിപ്പിച്ചു. മറുകൈ വിരല്‍നഖങ്ങളിലെല്ലാം അമേരിക്കന്‍ പതാകയുടെ നിറങ്ങള്‍.

വ്യത്യസ്ത നിറങ്ങളിലുള്ള നെയില്‍ പോളിഷണിഞ്ഞു ഫ്‌ളോ ജോ.

ആരാധകര്‍ക്കു മുന്നില്‍ 'ഫ്‌ളോ ജോ ഫാഷന്‍' തരംഗമായി. ഒറ്റക്കാലില്‍ മാത്രം ട്രാക്ക് സ്യൂട്ട് അണിഞ്ഞ് ഓടാനിറങ്ങിയും ഫ്‌ളോ ജോ അമ്പരപ്പിച്ചു. ഇന്നും വ്യത്യസ്ത സ്‌റ്റൈലുകളുമായി വനിതാ താരങ്ങള്‍ ട്രാക്കില്‍ ഇറങ്ങിയാല്‍ 'ഫ്‌ളോ ജോ' എന്ന പേരിട്ടാണ് ആരാധകര്‍ സ്വീകരിക്കുന്നത്. കാരണം ട്രാക്കിലെ ഫാഷന്റെ അവസാന വാക്കാണ് ഇന്നുമവര്‍.

ഠ ആരോടും പറയാതെ പാറിപ്പറന്നു പോയി മറഞ്ഞു

1989-ല്‍ ട്രാക്കിനോടു വിടപറഞ്ഞ ഫ്‌ളോ ജോ പിന്നീട് ബിസിനസിലും മറ്റുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. നീണ്ട ഏഴു വര്‍ഷ്‌ക്കാലം ട്രാക്കില്‍ നിന്ന വിട്ടുനിന്ന ശേഷം 1996 അറ്റലാന്റ ഒളിമ്പിക്‌സില്‍ തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും പരുക്കേറ്റതിനേത്തുടര്‍ന്ന് പിന്മാറേണ്ടി വന്നു. പിന്നീട് ഭര്‍ത്താവ് ജോയ്‌നറിനും മകള്‍ റൂഥിനുമൊപ്പം തന്റെ സ്വകാര്യ ജീവിതവുമായി ഒതുങ്ങുകയായിരുന്നു അവര്‍.

എന്നാല്‍ 1998 സെപ്റ്റര്‍ 21-ന് ഇരുവരോടും ഒന്നും പറയാതെ ഫ്‌ളോ ജോ പോയി. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നു പറയുന്നുണ്ടെങ്കിലും കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല. അപസ്മാരമായിരുന്നു കാരണമെന്നും അതല്ല ഉത്തേജക മരുന്നുകളുടെ അമിത ഉപയോഗമാണ് കാരണമെന്നും നിരവധി അഭ്യൂഹങ്ങളുണ്ട്. പക്ഷേ ഒന്നിനും തെളിവില്ല.

കലിഫോര്‍ണിയയിലെ എല്‍ ടോറോ മെമ്മോറിയല്‍ പാര്‍ക്കില്‍ ഫ്‌ളോ ജോ അന്ത്യവിശ്രമം കൊള്ളുന്നിടം.

സംസ്‌കാര ചടങ്ങില്‍ കാര്‍മികത്വം വഹിച്ച ക്രിസ്ത്യന്‍ പുരോഹിതന്‍ ഫ്‌ളോ ജോയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു... 'ഫ്‌ളോ ഓട്ടം നിര്‍ത്തിയിട്ടില്ല. മറ്റൊരു ലോകത്ത് മത്സരിക്കാനായി പോയതാണ്. ഇനി അവള്‍ സമയത്തില്‍ നിന്ന് അനശ്വരതയിലേക്ക് കുതിപ്പ് തുടരും''. അതേ ഫ്‌ളോ ജോ ഓടിക്കൊണ്ടേയിരിക്കുകയാണ്... ആര്‍ക്കും പിടികൊടുക്കാതെ. ഒപ്പം ഓടിയെത്താന്‍ ഷെരീക്ക ജാക്‌സനെപ്പോലെ ഒട്ടേറെ താരങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് കീഴടങ്ങാതെ...

ചേലക്കരയില്‍ യു ആര്‍ പ്രദീപിനും പാലക്കാട് സി കൃഷ്ണകുമാറിനും ലീഡ്| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ആര് നേടും? നെഞ്ചിടിപ്പോടെ മുന്നണികള്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ