കാല്‍പ്പന്തുമായി നിങ്ങള്‍ ഒരിക്കല്‍ പ്രണയത്തിലായാല്‍ ആ ബന്ധം പിന്നെ ആജീവനാന്തമാണ്. സാധ്യമായ എല്ലാ വഴികളിലും നിങ്ങളാബന്ധം പ്രഖ്യാപിച്ചുകൊണ്ടിരിക്കും. അങ്ങനെയൊരു ഇഷ്ടം ചരിത്രം കുറിച്ച കഥയാണ് ഇറ്റലിയില്‍ നിന്ന് വരുന്നത്. പിന്നില്‍ ഫുട്‌ബോളിനെ പ്രണയിക്കുന്ന ഒരു കൂട്ടം മലയാളികള്‍.
പഠനത്തിനും ജോലിക്കുമായി എല്ലാം ഇറ്റലിയില്‍ പോയ ചെറുപ്പക്കാര്‍ ഫുട്‌ബോള്‍ ക്ലബ് ഉണ്ടാക്കിയിരിക്കുകയാണ് അവിടെ. മലയാളികളുടെ നേതൃത്വത്തില്‍ ഇറ്റാലിയന്‍ ലീഗില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആദ്യ ക്ലബാണ് അഡ്‌ലേഴ്‌സ് ലംബാര്‍ഡ് എഫ് സി. ഒരുപക്ഷെ ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്ന ആദ്യ 'ഇന്ത്യന്‍ ക്ലബ്'. ഈ സീസണ്‍ മുതല്‍ ലോവര്‍ ഡിവിഷന്‍ ലീഗായ സിഎസ്‌ഐ (സെന്‍ട്രോ സ്‌പോര്‍ട്ടീവ് ഇറ്റാലീനോ) യില്‍ മത്സരിക്കുകയാണ് ക്ലബ്.
സെവന്‍സ് ഫുട്‌ബോളിലാണ് അഡ്‌ലേഴ്‌സ് ലംബാര്‍ഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പതിയെ ലെവന്‍സ് ഫുട്‌ബോളിലേക്ക് കളം മാറ്റി ചവിട്ടുകയാണ് ലക്ഷ്യം. നാട്ടില്‍ ഇഷ്ടംകൊണ്ട് ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയവരാണ് മറുനാട്ടിലെ ഈ ടീമിനു പിന്നില്‍. ചിലര്‍ അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്റുകളിലടക്കം കളിച്ചിട്ടുണ്ട്. 2019 ല്‍ ക്ലബ് രൂപീകരിച്ചു. രണ്ട് വര്‍ഷം മലയാളി ടൂര്‍ണമെന്റുകളില്‍ കളിച്ചു. ഒന്നൊഴികെ എല്ലാറ്റിലും വിജയിച്ചത് ഇറ്റാലിയന്‍ ലീഗിലേക്ക് ചുവടുവെയ്ക്കാന്‍ ആത്മവിശ്വാസം നല്‍കി. ടീമിലുള്ള 20 ല്‍ 15 ഉം മലയാളികള്‍. മലപ്പുറം തൃശൂര്‍ എറണാകുളം തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ് ടീമിലുള്ളത്. സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ആറും കേരളത്തില്‍ നിന്നുള്ളവര്‍ തന്നെ.
എട്ടുപേരെങ്കിലും പഠനത്തിനായി ഇറ്റലിയിലെത്തിയവരാണ്. മറ്റുള്ളവര്‍ വിവിധ ജോലികള്‍ ചെയ്യുന്നു. ജോലിക്കും പഠനത്തിനുമിടയില്‍ കിട്ടുന്ന ചുരുങ്ങിയ സമയം ഫുട്‌ബോളിനായി വിനിയോഗിക്കുകയാണ് ഇവര്‍. വിവിധയിടങ്ങളില്‍ നിന്നെത്തിയ, മുന്‍പരിചയമില്ലാത്ത ഇവരെ കോര്‍ത്തിണക്കിയത് ഫുട്‌ബോള്‍ എന്ന വികാരമാണ്. മലപ്പുറം സ്വദേശി ആബിറാണ് ടീമിന്റെ നായകന്‍ . മലപ്പുറംകാരനായ മുഹമ്മദ് നസീഫാണ് ഉപനായകന്‍.
ഇറ്റാലിയില്‍ പ്രൊഫഷണല്‍ ലീഗിന് സമാനാന്തരമായാണ് നോണ്‍ പ്രൊഫഷണല്‍ ലീഗുകള്‍ നടക്കുന്നത്. ഇതില്‍ ഉള്‍പ്പെട്ടതാണ് സിഎസ്‌ഐ. ഇറ്റലിയിലെ ഡെര്‍ഗാമോ റീജിയണ്‍ സിഎസ്‌ഐയിലാണ് അഡ്‌ലേഴ്‌സ് ലംബാര്‍ഡ് എഫ് സി. സെപ്റ്റംബറില്‍ ആരംഭിക്കുന്ന സീസണ്‍ അടുത്ത വര്‍ഷം ജൂണ്‍ വരെ നീളും. ഓരോ ഡിവിഷനുകളിലെയും പ്രകടന മികവ് അടുത്ത ഡിവിഷനുകളിലേക്കുള്ള സ്ഥാനക്കയറ്റത്തിന് വഴിവെയ്ക്കും.
വലിയ സാമ്പത്തിക ചെലവടക്കം പ്രതിസന്ധികൾ മറികടന്നാണ് അഡ്‌ലേഴ്‌സ് ലംബാര്‍ഡ് എഫ് സി ഇറ്റാലിയൻ ലീഗിന്റെ ഭാഗമായത്. ഒരു വർഷത്തേക്ക് സ്റ്റേഡിയം വാടകയ്ക്കെടുത്തു
സ്വന്തമായി ഒരു ഫുട്‌ബോള്‍ സ്‌റ്റേഡിയം ഉണ്ടാകുക, മികച്ച മാനേജ്‌മെന്‌റ് സംവിധാനം ഒരുക്കുക, പരിശീലനത്തിനടക്കം ആവശ്യമായ സാമ്പത്തിക ചെലവ് കണ്ടെത്തുക അങ്ങനെ വലിയ കടമ്പകളായിരുന്നു ലീഗിന്റെ ഭാഗമാകാന്‍ ഉണ്ടായിരുന്നത്. അവയെല്ലാം കൂട്ടായ പരിശ്രമത്തിലൂടെ മറികടന്നു. ലംബോര്‍ഗിനിയടക്കം സ്‌പോണ്‍സര്‍മാരെ കണ്ടെത്താനായി.
പ്രൊഫഷണല്‍ ലീഗിന്റെ ഭാഗമാകുക എന്ന ദീര്‍ഘകാല ലക്ഷ്യത്തിനായി പ്രയത്‌നിക്കുമ്പോഴും സെവന്‍സ് ഫുട്‌ബോളില്‍ പുതിയ കൂട്ടായ്മകള്‍ക്ക് കൂടി നേതൃത്വം നല്‍കുകയാണ് അഡ്‌ലേഴ്‌സ് ലംബാര്‍ഡ് എഫ് സി. യൂറോപ്പിലാകെ മലയാളി സെവന്‍സ് ടൂര്‍ണമെന്റ് നടത്താനാണ് പരിശ്രമം. കേരള യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെയും ഓള്‍ ഇന്ത്യന്‍ സെവന്‍സ അസോസിയേഷന്‌റെയും സഹകരണത്തോടെയാണ് ഇത്തരം പദ്ധതികള്‍.