എഎഫ്‌സി ഏഷ്യന്‍ കപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ഉസ്ബെക്കിസ്താനെ നേരിടും. രാത്രി എട്ട് മണിക്ക് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്ന പരാജയം. ഫിഫ ലോക റാങ്കിങ്ങില്‍ 25-ാം സ്ഥാനത്തുള്ള ഓസ്ട്രേലിയയോട് ആദ്യ പകുതി ഗോള്‍ വഴങ്ങാതെ പൊരുതാന്‍ ഇന്ത്യക്കായിരുന്നു.
ഓസ്ട്രേലിയയുടെ അത്ര ശക്തരല്ലെങ്കിലും ഉസ്ബെക്കിസ്താന്‍ ഫിഫ റാങ്കിങ്ങില്‍ 68-ാം സ്ഥാനത്താണ്. ഓസ്ട്രേലിയക്കെതിരെ ആദ്യ പകുതിയില്‍ പുറത്തെടുത്ത പ്രകടനം ആവർത്തിക്കാനായാല്‍ ഇന്ത്യയ്ക്ക് തൃപ്തിയോടെ കളിയവസാനിപ്പിക്കാനായേക്കും. ആരാധകരുടെ വലിയ പിന്തുണ പ്രകടനത്തില്‍ സുപ്രധാന പങ്ക് വഹിക്കുമെന്ന് പരിശീലകൻ ഇഗോർ സ്റ്റിമാക് വ്യക്തമാക്കിയിരുന്നു. സെക്കന്‍ഡ് ഹോമെന്നായിരുന്നു സ്റ്റിമാക് ദോഹയെ വിശേഷിപ്പിച്ചത്.
കുവൈത്തില്‍ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനിറങ്ങിയപ്പോള്‍ വലിയ പിന്തുണയായിരുന്നു ലഭിച്ചത്. അന്നത്തെ വിജയത്തില്‍ ആരാധകരുടെ സാന്നിധ്യം നിർണായകമായിരുന്നു. ടീമിന്റെ പ്രകടനത്തിനും ആത്മവിശ്വാസത്തിനും മുകളിലായി ആരാധകരുടെ പിന്തുണയായിരുന്നു വിജയകാരണം, സ്റ്റിമാക് പറഞ്ഞു.
ഏഷ്യന്‍ കപ്പിലെ ആദ്യ മത്സരത്തില്‍ വലിയ ആരാധകപിന്തുണ ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് പരുക്കില്‍ നിന്ന് മുക്തനായി പരിശീലനം ആരംഭിച്ചെങ്കിലും ഉസ്ബെക്കിസ്താനെതിരെ കളത്തിലിറങ്ങാന്‍ സാധ്യതയില്ല.
2001ലാണ് ഉസ്ബെക്കിസ്താനെ ഇന്ത്യ അവസാനമായി നേരിട്ടത്. മെർദേക്ക കപ്പില്‍ അന്ന് 2-1 എന്ന സ്കോറില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. ഇതുവരെ ഉസ്ബെക്കിസ്താനെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്കായിട്ടില്ല. ആറ് തവണ അന്താരാഷ്ട്ര വേദിയില്‍ ഏറ്റുമുട്ടിയപ്പോള്‍ നാല് വിജയം ഉസ്ബെക്കിസ്താന്‍ സ്വന്തമാക്കി. അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ സമനിലയിലും കലാശിച്ചു.