FOOTBALL

നഷ്ടം ഗോകുലത്തിനു മാത്രം; മറ്റെല്ലാം ഇച്ഛിച്ചതു പോലെ

നഷ്ടം മുഴുവന്‍ സംഭവിച്ചത് കേരളത്തില്‍ നിന്നുള്ള ക്ലബ് ഗോകുലം എഫ്‌സിയുടെ വനിതാ ടീമിനാണ്.

വെബ് ഡെസ്ക്

ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനു(എഐഎഫ്എഫ്) വിലക്കേര്‍പ്പെടുത്തി രണ്ടാഴ്ച തികയും മുമ്പേ രാജ്യാന്തര ഫുട്ബോള്‍ സംഘടനകളുടെ സംഘടനയായ ഫിഫ തങ്ങളുടെ തിട്ടൂരം പിന്‍വലിച്ചു. ഇന്ത്യക്കും ഇന്ത്യന്‍ ഫുട്ബോളിനും ഇനി വിലക്കില്ല. തീരുമാനം വന്നത് ഇന്ത്യയിലെ പരമോന്നത കോടതി എ.ഐ.എഫ്.എഫിന്റെ താല്‍ക്കാലിക ഭരണസമിതിയെ പിരിച്ചുവിട്ടതിനു ശേഷം.

എ.ഐ.എഫ്.എഫ്. ചെയ്ത കുറ്റത്തിനാണെങ്കില്‍ ശിക്ഷിക്കേണ്ടത് അതിന്റെ തലപ്പത്തിരിക്കുന്നവരെയാണ്. ആ നിയമങ്ങളും ചട്ടങ്ങളും ഫിഫയ്ക്ക് അറിയാത്തതുമല്ല. കേവലം ഒരു കരാറിന്റെ പേരില്‍ തങ്ങളുടെ പ്രസിഡന്റിനെയും ഭാവി പ്രസിഡന്റിനെയും വരെ വിലക്കിയവരാണവര്‍.

സെപ് ബ്ലാറ്ററും മിഷേല്‍ പ്ലാറ്റിനിയും ഒരു അനൗദ്യോഗിക കരാറിന്റെ പേരില്‍ വെറും കറിവേപ്പിലയായപ്പോള്‍ സ്പോര്‍ട്സ് ലോകത്തിന് ഉദാത്ത മാതൃകയായിരുന്നു ഫിഫ. ഏതു സമ്മര്‍ദ്ദങ്ങളെയും അതിജീവിക്കാന്‍ ആഗോള സമ്മതിയാര്‍ജ്ജിച്ച ഈ കായിക സംഘടനയ്ക്കു കഴിയുമെന്നും കായികലോകം വിലയിരുത്തി.

എന്നാല്‍ ഇപ്പോഴത്തേത് അടക്കം മൂന്നാം ലോക രാജ്യങ്ങളിലെ ഫുട്ബോള്‍ സംവിധാനങ്ങളോടു ഫിഫ പുലര്‍ത്തുന്ന നിലപാട് ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. ഒരേ തെറ്റിനു പല നീതിയെന്ന തരത്തില്‍ ഇതാദ്യമായല്ല ഫിഫയുടെ നടപടികള്‍. വിപണി വരുമാനം മാത്രം ലക്ഷ്യമിട്ടു നടത്തുന്നതാണ് കായിക മേളകള്‍ എന്ന സങ്കല്‍പ്പമാണ് ഫിഫയ്ക്ക് ഉള്ളതെന്നു പലകുറി തെളിയിച്ചതാണ്.

അതിന്റെ ഏറ്റവും വലിയ ഉദാരണമാണ് വരുന്ന നവംബറില്‍ നടക്കാന്‍ പോകുന്ന 2022 ലോകകപ്പ്. ഇരുപത്തിരണ്ടാമത് ലോകകപ്പ് ഫുട്ബോള്‍ ഖത്തറിന് അനുവദിച്ചതിനു പിന്നാലെ തുടങ്ങിയതാണ് വിവാദങ്ങള്‍. ലോകകപ്പ് തയാറെടുപ്പുകളുടെ മറവില്‍ ഖത്തര്‍ ഭരണകൂടം നടത്തിവന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മറ്റു രാജ്യാന്തര മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ അതു കാണാന്‍ ഫിഫ അധികാരികള്‍ക്ക് മനസുണ്ടായില്ല.

ഖത്തറില്‍ അല്‍രിഹ്ല എന്ന പന്ത് ഉരുണ്ടു തുടങ്ങാന്‍ കേവലം 90-ല്‍ താഴെ ദിനങ്ങള്‍ മാത്രമാണ് ശേഷിക്കെയായിരുന്നു ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെതരേ നടപടി സ്വീകരിച്ചത്. ഫെഡറേഷന്‍ ഭരണസമിതിയില്‍ ബാഹ്യ ഇടപെടലുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഫിഫ നടപടി.

ഇത്തരത്തില്‍ വിലക്ക് നേരിടുന്ന ആദ്യ മൂന്നാം ലോക രാജ്യമല്ല ഇന്ത്യ. ഇതിനു മുമ്പ് ഏഴോളം രാജ്യങ്ങളെ ഇത്തരത്തില്‍ ഫിഫ വിലക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടു ലോക മഹായുദ്ധങ്ങളും നിരവധി ആഭ്യന്തര കലാപങ്ങളും വംശഹത്യകളും കണ്ട 118 വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും മറ്റ് അംഗരാജ്യങ്ങളുടെ ധാര്‍മ്മിക പിഴവുകള്‍ക്ക് ശിക്ഷ വിധിക്കാതിരുന്ന ഫിഫ മൂന്നാം ലോക രാജ്യങ്ങളുടെ കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ചയ്ക്കു തയാറായിട്ടില്ല.

2008-ല്‍ ഇറാഖിനെ വിലക്കിയതും ബാഹ്യ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടിയാണ്. അന്ന് ഇറാഖ് ഭരണകൂടം അവരുടെ ദേശീയ ഒളിമ്പിക് കമ്മിറ്റിയെയും മറ്റു സ്‌പോര്‍ട്‌സ് ഫെഡറേഷനുകളെയും പിരിച്ചുവിട്ടതാണ് ഫിഫയെ ചൊടിപ്പിച്ചത്. പിന്നീട് അതേവര്‍ഷം മേയില്‍ വിലക്ക് നീക്കുകയും ചെയ്തു.

2014-ല്‍ നൈജീരിയയെയും സമാന കാരണം ചൂണ്ടിക്കാട്ടി ഫിഫ വിലക്കി. 2014 ലോകകപ്പില്‍ ടീമിന്റെ മോശം പ്രകടനം കാരണം നൈജീരിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തങ്ങളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ പിരിച്ചുവിട്ടു. എന്നാല്‍ ഈ നടപടി കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ഫെഡറേഷന്റെ ഭരണച്ചുമതല ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഏല്‍പിക്കുകയും ചെയ്തു. ഇതോടെ ഫിഫ ഇടഞ്ഞു, വിലക്കും ഏര്‍പ്പെടുത്തി. ഒരു മാസത്തിനു ശേഷം വിലക്ക് പിന്‍വലിച്ചു.

പിന്നീട് 2015-ല്‍ കുവൈത്ത്, ഇന്തോനീഷ്യ എന്നിവരെയും 2016-ല്‍ ഗ്വാട്ടിമാലയെയും 2017-ലും 2021-ലും പാകിസ്താനെയും ഈ വര്‍ഷം കെനിയയെയും ഫിഫ ഇതേ ബാഹ്യഇടപെടലുകള്‍ ചൂണ്ടിക്കാട്ടി വിലക്കിയിരുന്നു. എന്നാല്‍ ഈ വിലക്കുകളെല്ലാം തന്നെ അതിവേഗം പിന്‍വലിക്കുകയും ചെയ്തു.

ഇന്ത്യക്കെതിരായ വിലക്കും വേഗം പിന്‍വലിച്ചത് എ.എഫ്.എഫിനും ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കും ഏറെ ആഹ്‌ളാദം പകരും. എന്നാല്‍ നഷ്ടം മുഴുവന്‍ സംഭവിച്ചത് കേരളത്തില്‍ നിന്നുള്ള ക്ലബ് ഗോകുലം എഫ്‌സിയുടെ വനിതാ ടീമിനാണ്. ഒപ്പം ഐ.എസ്.എല്‍. ക്ലബ് കേരളാ ബ്ലാസ്‌റ്റേഴ്‌സിനും.

ഇരുടീമുകള്‍ക്കും മികച്ച മത്സരങ്ങള്‍ വിലക്കിനെത്തുടര്‍ന്നു നഷ്ടമായി. ഗോകുലം കേരള എഫ്.സി. വനിതാ ടീമിന് എഎഫ്‌സി ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായില്ല. കഴിഞ്ഞ സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച ടീം ഏറെ പ്രതീക്ഷയോടെയാണ് ചാമ്പ്യന്‍ഷിപ്പിനായി കാത്തിരുന്നത്.

എഎഫ്‌സി ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനായി ടീം ഉസ്‌ബെസ്‌ക്കിസ്ഥാനില്‍ എത്തിയ ശേഷമാണ് വിലക്കിനെക്കുറിച്ച് ടീം അധികൃതര്‍ അറിയുന്നത് തന്നെ. വിലക്ക് പിന്‍വലിക്കുമെന്നും തങ്ങള്‍ക്കു കളിക്കാന്‍ അനുമതി നല്‍കുമെന്നും അവസാനനിമിഷം വരെ പ്രതീക്ഷിച്ച അവര്‍ രണ്ടു ദിനം കൂടി വിദേശരാജ്യത്ത് കാത്തിരുന്ന ശേഷം നിരാശയോടെ തിരികെ വരേണ്ടി വന്നു. ബ്ലാസ്‌റ്റേഴ്‌സിനാകട്ടെ ഗള്‍ഫ് രാജ്യങ്ങളില്‍ സംഘടിപ്പിച്ച പരിശീലന മത്സരങ്ങളാണ് നഷ്ടമായത്.

വിലക്ക് പ്രഖ്യാപിച്ച് 12-ാം ദിവസമാണ് അതു പിന്‍വലിക്കാന്‍ ഫിഫ തയാറായത്. അതിനു കാരണമായത് എഐഎഫ്എഫ് താല്‍ക്കാലിക ഭരണസമിതിയെ പിരിച്ചുവിട്ടുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവും. തീരുമാനങ്ങള്‍ അല്‍പം നേരത്തെയായിരുന്നെങ്കില്‍ തീവ്ര പരിശീലനം നടത്തി കാത്തിരുന്ന താരങ്ങള്‍ക്കു നിരാശപ്പെടേണ്ടി വരില്ലായിരുന്നു.

സ്‌ട്രോങ് റൂമുകള്‍ തുറന്നു, ആദ്യമെണ്ണുക പോസ്റ്റൽ വോട്ടുകള്‍, ആദ്യഫലസൂചന എട്ടരയോടെ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്