വനിതാ താരങ്ങള്‍ക്കു മിനിമം വേതനം ഉറപ്പാക്കി ചരിത്ര തീരുമാനവുമായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. ന്യൂഡല്‍ഹിയില്‍ ഇന്നു ചേര്‍ന്ന എ.ഐ.എഫ്.എഫ്. ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. പ്രസിഡന്റ് കല്യാണ്‍ ചൗബെയാണ് ഈ പ്രഖ്യാപനം നടത്തിയത്.
വനിതകള്‍ക്കു പ്രതിവര്‍ഷം ഏറ്റവും കുറഞ്ഞത് 3.2 ലക്ഷം രൂപ മിനിമം വേതനം നല്‍കുമെന്നും ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ഇതു ചരിത്ര ദിനമാണെന്നും വനിതാ ഫുട്‌ബോളിന് ഇതു പുതിയ മാനങ്ങള്‍ നല്‍കുമെന്നും തീരുമാനം പ്രഖ്യാപിച്ചുകൊണ്ടു ചൗബെ പറഞ്ഞു.
ഇതിനു പുറമേ വനിതാ ഫുട്‌ബോള്‍ ലീഗില്‍ സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവരാനും യോഗത്തില്‍ തീരുമാനമായി. 2024-25 സീസണ്‍ മുതല്‍ 10 ടീമുകളെ ലീഗില്‍ പങ്കെടുപ്പിക്കും. നിലവില്‍ എട്ടു ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
മറ്റൊരു സുപ്രധാന തീരുമാനവും യോഗത്തില്‍ കൈക്കൊണ്ടു. ഇനി മുതല്‍ സംസ്ഥാന ലീഗുകളിലും ഐ ലീഗ് രണ്ടാം ഡിവിഷനിലും വിദേശ താരങ്ങള്‍ ഉണ്ടാകില്ല. നിലവില്‍ രണ്ടു വര്‍ഷത്തേക്കാണ് ഈ തീരുമാനം. ഇതോടെ അടുത്ത രണ്ടു സീസണുകളില്‍ ടീമുകള്‍ക്ക് വിദേശ താരങ്ങളെ കളിപ്പിക്കാന്‍ കഴിയില്ല.