അര്‍ജന്റീന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലുമായി കരാര്‍ ഒപ്പിടുമെന്ന് ഏറെക്കുറേ ഉറപ്പായി. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ ആറിന് ഉണ്ടാകുമെന്ന് സൗദി ക്ലബ് അധികൃതരെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മെസിയെ തിരിച്ചെത്തിക്കാനുള്ള സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ ശ്രമങ്ങള്‍ വിജയം കാണാത്ത പശ്ചാത്തലത്തിലാണ് താരം സൗദിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്.
റെക്കോഡ് തുകയാണ് അല്‍ ഹിലാല്‍ മെസിക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. 1000 ദശലക്ഷം പൗണ്ടിന് രണ്ടു വര്‍ഷത്തെ കരാറാണ് മെസിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. മറ്റൊരു സൗദി ക്ലബായ അല്‍ നസര്‍ പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കു നല്‍കുന്ന പ്രതിഫലത്തിന്റെ ഇരട്ടിയോളം വരുമിത്.
മെസി പിഎസ്ജി വിടുമെന്ന് ഉറപ്പായതോടെ തന്നെ വിവിധ ക്ലബുകള്‍ താരത്തിനു വേണ്ടി രംഗത്തെത്തിയിരുന്നു. ബാഴ്‌സയ്ക്കും അല്‍ ഹിലാലിനും പുറമേ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗിലെ ഇന്റര്‍ മയാമിയും ശക്തമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ മെസിക്ക് ബാഴ്‌സയിലേക്കു പോകാനായിരുന്നു താല്‍പര്യം. ഇതുകാരണം ആദ്യം അല്‍ ഹിലാലിന്റെ കരാര്‍ ആദ്യം മെസി നിരസിച്ചിരുന്നു.
എന്നാല്‍ ലാ ലിഗയുമായുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം മെസിയെ എത്തിക്കാന്‍ ബാഴ്‌സയ്ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരികയാണ്. ഇതുകാരണം താരത്തിനു മുന്നില്‍ ഒരു കരാര്‍ വാഗ്ദാനം ചെയ്യാന്‍ പോലും ബാഴ്‌സയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള മെസിയുടെ കരാര്‍ ഈ മാസം അവസാനിക്കുകയാണ്. ഇന്ന് ഫ്രഞ്ച് ലീഗില്‍ ക്ലെര്‍മണ്ടിനെതിരേയാണ് പി.എസ്.ജി ജഴ്‌സിയില്‍ മെസിയുടെ അവസാന മത്സരം. ഈ മത്സരത്തിനു ശേഷം മെസി പാരീസില്‍ നിന്നു മടങ്ങുമെന്ന് നേരത്തെ പിഎസ്ജി പരിശീലകന്‍ ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് മെസി സൗദി ക്ലബുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മെസി എത്തുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്താന്‍ അല്‍ ഹിലാല്‍ ക്ലബ് കാത്തിരിക്കുകയാണ്. അത് ജൂണ്‍ ആറിന് തന്നെ ഉണ്ടാകുമെന്നും റിപ്പോര്‍്ട്ടുകളില്‍ പറയുന്നു.