ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ഇക്വഡോറിനെതിരെ അർജന്റീനയ്ക്ക് മിന്നും വിജയം. യോഗ്യതാ റൗണ്ടിന്റെ രണ്ടാം പകുതിയിലെ ഗോളിൽ 1-0 നായിരുന്നു അർജന്റീനയുടെ ജയം. ലയണൽ മെസിയുടെ ഫ്രീകിക്കിലൂടെയാണ് അര്‍ജന്റീന ഇക്വഡോറിനെതിരെ വിജയക്കൊടി നാട്ടിയത്. ആദ്യ പകുതിയിൽ അർജന്റീന ചെറുതായി അടി പതറിയെങ്കിലും 78-ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്കിലൂടെ മെസി പന്ത് വലയിലെത്തിക്കുകയായിരുന്നു.
തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഇന്ന് പുലർച്ചെ 5.30 നായിരുന്നു മത്സരം. ബൊളീവിയക്കെതിരെ സെപ്റ്റംബര്‍ 13 നാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. ലോകകപ്പ് വിജയിച്ച ശേഷമുള്ള അർജന്റീനയുടെ ആദ്യ മത്സരം കൂടിയാണിത്. എന്നാൽ ലോകകപ്പിന് ശേഷം രണ്ട് സൗഹൃദ മത്സരങ്ങളിൽ മെസി കളിച്ചിരുന്നു.
അമേരിക്കൻ മേജർലീഗ് സോക്കർ ടീമായ ഇന്റർ മയാമിയിലേക്ക് മാറിയതിനാൽ മെസി മത്സരത്തിൽ നിന്ന് മാറി നിൽക്കാൻ സാധ്യതയുള്ളതായി സൂചനയുണ്ടായിരുന്നു. എന്നാൽ യോഗ്യതാ റൗണ്ടിന്റെ ടീം പ്രഖ്യാപനത്തിൽ മെസിയുടെ പേരും ഉള്‍പ്പെടുത്തുകയായിരുന്നു. ലോകകപ്പ് ടീമിൽ പ്രത്യേക മാറ്റമൊന്നും പരിശീലകൻ ലയണൽ സ്കാലോനി വരുത്തിയിട്ടില്ല.