ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നു പുലര്‍ച്ചെ സമാപിച്ച മത്സരത്തില്‍ ചെല്‍സിക്കെതിരേയും വിജയം കണ്ടതോടെ ലണ്ടന്‍ ടീമുകള്‍ക്കെതിരേ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ച് ആഴ്‌സണല്‍. മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഗണ്ണേഴ്‌സിന്റെ ജയം.
ഇതോടെ ഈ സീസണില്‍ ലണ്ടന്‍ ടീമുകള്‍ക്കതിരായ ഒരു മത്സരം പോലും തോല്‍വി അറിയാതെ പൂര്‍ത്തിയാക്കാന്‍ അവര്‍ക്കായി. സീസണില്‍ 12 മത്സരങ്ങളാണ് ലണ്ടന്‍ ടീമുകള്‍ക്കെതിരേ ആഴ്‌സണല്‍ കളിച്ചത്. ഇതില്‍ 12-ലും അവര്‍ പരാജയം അറിഞ്ഞില്ല.
ചിരവൈരികളായ ടോട്ടനം, ചെല്‍സി എന്നിവര്‍ക്കു പുറമേ ക്രിസ്റ്റല്‍ പാലസ്, ഫുഹാം എന്നിവര്‍ക്കെതിരേ ഇരുപാദങ്ങളും ജയിച്ച് ഡബിള്‍ നേടിയപ്പോള്‍ വെസ്റ്റ് ഹാം, ബ്രെന്റ്‌ഫോര്‍ഡ് എന്നിവര്‍ക്കെതിരേ ഓരോ ജയവും സമനിലയുമായിരുന്നു നേടിയത്. 2004-05 സീസണിനു ശേഷം ഇതാദ്യമായാണ് ലണ്ടന്‍ ഡെര്‍ബികളില്‍ പരാജയമറിയാതെ ആഴ്‌സണല്‍ സീസണ്‍ അവസാനിപ്പിക്കുന്നത്.
ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ നായകന്‍ മാര്‍ട്ടിന്‍ ഒഡീഗാര്‍ഡിന്റെ ഇരട്ടഗോളുകളാണ് ആഴ്‌സണലിനു തുണയായത്. ഗബ്രിയേല്‍ ജെസ്യൂസായിരുന്നു മറ്റൊരു ഗോള്‍ സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിയില്‍ തന്നെ അവര്‍ മൂന്നു ഗോളുകള്‍ സ്‌കോര്‍ ചെയ്തിരുന്നു. പിന്നീട് രണ്ടാം പകുതിയില്‍ നോനി മധുകെയാണ് ചെല്‍സിയുടെ ആശ്വാസ ഗോള്‍ നേടിയത്.