"എനിക്കൊരുപാട് നല്ല കാര്യങ്ങള്‍ പറയാനുണ്ട്, പക്ഷെ വളരെ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്," ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ പ്രീ ക്വാര്‍ട്ടര്‍ പ്രവേശിച്ച ഇന്ത്യന്‍ ടീമിന്റെ നായകനും ഇതിഹാസ താരവുമായ സുനില്‍ ഛേത്രിയുടെ വാക്കുകളാണിത്. മതിയായ തയാറെടുപ്പുകളും സപ്പോര്‍ട്ടിങ് സ്റ്റാഫുമില്ലാതെയാണ് ഛേത്രിയും കൂട്ടരും ഹാങ്ഷൂവിലെത്തിയത്. അഞ്ച് ദിവസത്തിനിടെ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഹാങ്ഷൂവിലെത്തിയതിന് ശേഷം പരിശീലനം നടത്താന്‍ ടീമിനായിട്ടില്ല, താരങ്ങള്‍ക്ക് മതിയായ ഉറക്കം ലഭിച്ചിട്ടില്ല, പകരക്കാരെയിറക്കാന്‍ താരങ്ങള്‍ ബെഞ്ചിലുമില്ല. അങ്ങനെ നിരവധി പ്രതിസന്ധികള്‍ക്കിടയിലൂടെയാണ് ഇന്ത്യന്‍ ടീമിന്റെ യാത്ര.
ഇന്നലെ മ്യാന്‍മാറിനെതിരെ നടന്ന മത്സരത്തോടെ പ്രീ ക്വാര്‍ട്ടറില്‍ കടന്നിട്ടും ആഘോഷങ്ങള്‍ക്കൊന്നും തന്നെ ഇന്ത്യന്‍ ടീം തയാറായിരുന്നില്ല. ടീമിലെ പോരായ്മകളും അനിശ്ചിതാവസ്ഥയും ഛേത്രി തന്നെ തുറന്ന് പറഞ്ഞു. "തയാറെടുപ്പിന്റെ കുറവുകള്‍, ആരാണ് കളിക്കാന്‍ പോകുന്നതെന്ന് പോലും അറിയില്ല, ഞങ്ങളിത് വരെ ഒരുമിച്ച് കളിച്ചിട്ടില്ല, പരിശീലനം നടത്തിയില്ല, അഞ്ച് ദിവസം മൂന്ന് കളികളെന്നത് എളുപ്പമുള്ള ഒന്നായിരുന്നില്ല. ഞാന്‍ ഇവിടെ ബുദ്ധിമുട്ടുകള്‍ പറഞ്ഞ് കരയാനല്ല ശ്രമിക്കുന്നത്, ഇതാണ് യാഥാര്‍ത്ഥ്യം. നല്ലകാര്യം എന്തെന്നാല്‍ ഇവിടെയുള്ള എല്ലാവരും ഒന്നിച്ച് നില്‍ക്കുന്നു എന്നതാണ്," ഛേത്രി പറഞ്ഞു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബ്ബുകള്‍ ദേശീയ ടീമിലുള്ള താരങ്ങളെ വിട്ടുനല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ പ്രതിസന്ധി. പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക് പലതവണ ഐഎസ്എല്‍ ക്ലബ്ബുകളോട് താരങ്ങളെ വിട്ടുനല്‍കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഹാങ്ഷൂവിലേക്കുള്ള വിമാനം കയറുന്നത് വരെ ആരൊക്കെ ടീമിലുണ്ടാകുമെന്ന കാര്യത്തില്‍ പോലും അനിശ്ചിതത്വം നിലനിന്നിരുന്നതായാണ് വിവരം.
39കാരനായ ഛേത്രിക്ക് പകരക്കാരനായി കളത്തിലെത്താന്‍ പോലും സ്റ്റിമാക്കിന്റെ പക്കല്‍ താരങ്ങളില്ലായിരുന്നു. പകരക്കാരനെ ആവശ്യപ്പെട്ടപ്പോള്‍ ആരുമില്ലെന്നായിരുന്നു പരിശീലകന്റെ മറുപടിയെന്നും ഛേത്രി പറഞ്ഞു. മ്യാന്‍മാറിനെതിരായ മത്സരത്തിന് മുന്നോടിയായ ഒരു താരത്തിന് പനി ബാധിച്ചതും തിരിച്ചടിയായി.
ഹാങ്ഷൂവിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ടീമിനൊപ്പം ചേര്‍ന്ന പ്രതിരോധ താരം സന്ദേശ് ജിംഗനും പറയാനുണ്ടായിരുന്നു ചിലത്. "17-ാം തീയതിയാണ് ഞങ്ങള്‍ യാത്ര ആരംഭിച്ചത്. 18-ാം തീയതി മുഴുവനും യാത്ര നീണ്ടുനിന്നു. 19നായിരുന്നു ആദ്യ മത്സരവും. പിന്നീട് ലഭിച്ച രണ്ട് ദിവസത്തെ ഇടവേളയിലാണ് കൃത്യമായ ഉറക്കം ലഭിച്ചത്," ജിംഗന്‍ പറയുന്നു. തന്ത്രങ്ങളേക്കുറിച്ചും ടീം ഘടനയേക്കുറിച്ചും ചര്‍ച്ച ചെയ്യാനുള്ള സമയം ലഭിച്ചിരുന്നില്ലെന്നും ജിംഗന്‍ കൂട്ടിച്ചേര്‍ത്തു.