ഏഷ്യന്‍ ഗെയിംസ് മത്സരങ്ങള്‍ക്ക് ഇന്ന് ഹാങ്ഷൗവില്‍ തുടക്കം. നാല് ദിവസങ്ങള്‍ക്കപ്പുറമാണ് കായികമേളയ്ക്ക് ഔദ്യോഗികമായി തിരിതെളിയുന്നത്, അതിനുശേഷം മറ്റ് അഞ്ച് മത്സര വേദികളിലേക്കും ആവേശം പരക്കും. ആദ്യ ദിനത്തില്‍ ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, ബീച്ച്‌ബോളി എന്നീ നാല് മത്സരങ്ങളാണുള്ളത്. രണ്ട് മത്സരങ്ങളാണ് ഇന്ന് ഇന്ത്യയ്ക്കുള്ളത്. മെഡല്‍ സ്വപ്‌നങ്ങളുമായി ഇന്ന് പുരുഷ ഫുട്‌ബോള്‍, പുരുഷ വോളിബോള്‍ ടീമുകള്‍ ഹാങ്ഷൗവില്‍ കളത്തിലിറങ്ങും.
ആദ്യ ദിനത്തില്‍ ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, ബീച്ച്‌ബോളി എന്നീ നാല് മത്സരങ്ങളാണുള്ളത്
ഏഷ്യന്‍ഗെയിംസിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ആതിഥേയരായ ചൈനയെ നേരിടും. വൈകിട്ട് അഞ്ച് മണിക്കാണ് ഇന്ത്യ-ചൈന പോര്. പുരുഷ വോളിബോള്‍ വൈകിട്ട് 4.30 ന് ആരംഭിക്കും. കംബോഡിയയാണ് ഇന്ത്യയുടെ ആദ്യ എതിരാളി. വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കുന്നുണ്ടെങ്കിലും 21 നാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ ആദ്യ മത്സരം.
ഏഷ്യന്‍ ഗെയിംസില്‍ തങ്ങളുടെ 57ാം മത്സരം കളിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. സുനില്‍ ഛേത്രിയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന ടീമിനെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. 1970 ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യാഡില്‍ വെങ്കലം നേടിയതിനു ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ഇതുവരെ ടൂര്‍ണമെന്റില്‍ മെഡല്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. 1951 ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന പതിപ്പിലും 1962 ല്‍ ഇന്തോനേഷ്യയിലും ടീം സ്വര്‍ണം നേടിയിരുന്നു. 2018 ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ഗെയിംസിലേക്ക് ഇന്ത്യ ഫുട്‌ബോള്‍ ടീമിനെ അയച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യന്‍ ടീം ഏഷ്യന്‍ ഗെയിംസിനായി ഇറങ്ങുമ്പോള്‍ പ്രതീക്ഷ ഏറെയാണ്.
ഐഎസ്എല്‍ ക്ലബ്ബുകളുമായി നടന്ന വാഗ്വാദങ്ങള്‍ക്ക് ശേഷം രണ്ടാം നിര ടീമുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കന്‍, മുതിര്‍ന്ന താരങ്ങളായ ചിങ്ലെന്‍സാന സിങ്, ലാല്‍ചുങ്‌നുങ്ഗ എന്നിവരെ അവസാന നിമിഷമാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. മലയാളി താരങ്ങളായ കെ പി രാഹുലും അബ്ദുല്‍ റബീഹും ടീമിലുണ്ട്. ശക്തരായ ചൈനയെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ അവസാനവട്ട പരിശീലനത്തിന് മതിയായ സമയം ലഭിച്ചില്ലെന്ന ബുദ്ധിമുട്ട് ഇന്ത്യന്‍ ടീമിനുണ്ട്. 21 ടീമുകളാണ് കിരീടപ്പോരാട്ടത്തിനായുള്ളത്.