സ്വന്തം തട്ടകത്തില്‍ കാലുറപ്പിച്ച് എടികെ മോഹന്‍ബഗാന്‍ ഐഎസ്എല്‍ ഫൈനലില്‍. മാര്‍ച്ച് 18 ന് ഗോവയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ അങ്കത്തില്‍ ബെംഗളൂരു-എടികെ പോരാട്ടം. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരബാദിനെ 4-3 ന് തകര്‍ത്താണ് എടികെ ഫൈനല്‍ ഉറപ്പിച്ചത്. സെമിയുടെ ഇരുപാദങ്ങളിലും എടികെയും ഹൈദരബാദും ഗോള്‍ നേടിയിരുന്നില്ല.
അധിക സമയം അവസാനിച്ചിട്ടും ഇരു ടീമുകള്‍ക്കും ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. പ്രീതം കോട്ടാല്‍ എടികെയ്ക്ക് വേണ്ടി നാലാം കിക്ക് ഗോളാക്കിയതോടെ നിലവിലെ ചാമ്പ്യന്മാര്‍ കളത്തിന് പുറത്തായി. ഓഗ്ബച്ചേ പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് ഹൈദരബാദിന് അപ്രതീക്ഷിത തിരിച്ചടിയായി. ഹാവിയര്‍ സിവേരിയോക്കും ലക്ഷ്യം പിഴച്ചു. ഗച്ചി ബൗളി സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ എടികെയും ഹൈദരബാദും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു.
ആദ്യത്തെ പത്തുമിനിറ്റില്‍ ഇരുടീമുകള്‍ക്കും കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല. 15-ാം മിനിറ്റില്‍ ഹൈദരാബാദിന്റെ ബോര്‍യയ്ക്ക് മികച്ച അവസരം ലഭിച്ചിട്ടും കൃത്യമായി പന്തിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. എടികെയ്ക്ക് വേണ്ടി ലിസ്റ്റണ്‍ കൊളാക്കോ, ദിമിത്രി പെട്രാറ്റോസ്, മന്‍വീര്‍ സിംഗ് എന്നിവരുടെ മുന്‍നിരയില്‍ നിന്നുള്ള ആക്രമണങ്ങള്‍ക്ക് ഹൈദരബാദ് എഫ്‌സിയുടെ പ്രതിരോധം ഭേദിക്കാന്‍ കഴിഞ്ഞില്ല. അതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ലക്ഷ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല.
82-ാം മിനിറ്റില്‍ ഹെഡറിലൂടെ സ്ലാവ്കോ ദംജാനോവിച്ച് ഹൈദരാബാദിന്റെ പോസ്റ്റിലേക്ക് കിക്കെടുക്കാന്‍ ശ്രമിച്ചെങ്കിലും പാഴായി. അവസാന നിമിഷവും ഇരുടീമുകള്‍ക്കും എതിരാളികളുടെ വല കുലുക്കാന്‍ കഴിയാത്തതിനാല്‍ രണ്ടാമത്തെ സെമി അങ്കവും ഷൂട്ടൗട്ടില്‍ വിധി നിര്‍ണയിച്ചു.