ഗോവന്‍ തീരത്ത് ബെംഗളൂരുവിന്റെ കണ്ണീര്‍ വീഴ്ത്തി ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്‍. ഗോവ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ബെംഗളുരുവിനെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന്‍ ചാമ്പ്യന്‍മാരായത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 നാണ് എടികെ മോഹന്‍ ബഗാന്റെ ജയം.
പാബ്ലോ പെരസിന്റെയും ബ്രൂണോ റാമിറസിന്റെയും കിക്കുകള്‍ സേവ് ചെയ്താണ് എടികെയുടെ വന്മതില്‍ വിശാല്‍ കെയ്ത്ത് കൊല്‍ക്കത്തയുടെ നാലാം കിരീടം ഉറപ്പിച്ചത്. എടികെയ്ക്കായി രണ്ട് ഗോളുകള്‍ നേടിയ ദിമിത്രി പെട്രാറ്റോസ് ആണ് ഹീറോ ഓഫ് ദ മാച്ച്. ആവേശകരമായ മത്സരത്തില്‍ നിശ്ചിത സമയത്തും അധിക സമയവും അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 2-2 സമനിലയിലായിരുന്നു. അതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
ആവേശകരമായ മത്സരത്തില്‍ നിശ്ചിത സമയത്തും അധിക സമയവും അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 2-2 സമനിലയിലായിരുന്നു
ആദ്യ പകുതിയില്‍ കോര്‍ണര്‍ കിക്ക് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ റോയ് കൃഷ്ണയുടെ ഹാന്‍ഡ് ബോളില്‍ നിന്നാണ് എടികെയ്ക്ക് പെനാല്‍റ്റി പിറന്നത്. ദിമിത്രി അവസരം കൃത്യമായി വിനിയോഗിക്കുകയും ബെംഗുളുരുവിന്റെ ഗോള്‍വല കുലുക്കുകയും ചെയ്തു. ആദ്യ പകുതി സ്വന്തമാക്കാമെന്ന് ഉറപ്പിച്ച അവസരത്തില്‍ അധിക സമയത്തില്‍ എടികെ പ്രതിരോധതാരം സുബാശിഷ് ബോസ് പന്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ റോയ് കൃഷ്ണയുടെ കാലില്‍ചവിട്ടിയതോടെ റഫറി ബെംഗുളുരുവിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. പെനാല്‍റ്റി കിക്കെടുത്ത സുനില്‍ ചേത്രി അനായാസം ലക്ഷ്യം കണ്ടതോടെ ബെംഗുളുരു എടികെയെ സമനിലയില്‍ കുരുക്കി.
എടികെയുടെ ആക്രമണത്തിന് ബെംഗളുരുവിന്റെ പ്രതിരോധനിരയെ മറി കടക്കാന്‍ കഴിഞ്ഞില്ല
രണ്ടാം പകുതിയില്‍ ആദ്യ മിനിറ്റുകളില്‍ എടികെ മുന്നേറ്റമായിരുന്നു. എന്നാല്‍ എടികെയുടെ ആക്രമണത്തിന് ബെംഗളുരുവിന്റെ പ്രതിരോധനിരയെ മറി കടക്കാന്‍ കഴിഞ്ഞില്ല. അവസാന മിനിറ്റുകളോട് അടുക്കുമ്പോള്‍ ബെംഗുളുരു പിടിമുറുക്കി. മത്സരത്തിന്റെ 78ാം മിനിറ്റില്‍ സുരേഷ് സിങ് നല്‍കിയ കോര്‍ണര്‍ കിക്കില്‍ നിന്നും റോയ് കൃഷ്ണ ലക്ഷ്യം കണ്ടതോടെ ബെംഗളുരു ലീഡുയര്‍ത്തി. എന്നാല്‍ ആ മുന്നേറ്റത്തിന് അധികം ആയുസുണ്ടായില്ല. ബെംഗളുരുവിന്റെ പാബ്ലോ പെരസ് കിയാന്‍ നസിരിയെ ഫൗള്‍ ചെയ്തതിലൂടെ എടികെയ്ക്ക് വീണ്ടും ഒരു പെനാല്‍റ്റി വീണു കിട്ടി. 85ാം മിനിറ്റില്‍ ബെംഗളുരുവിന്റെ കിരീട മോഹത്തിന് മുകളിലൂടെ പെട്രാറ്റോസ് എടികെയ്ക്ക് വേണ്ടി വീണ്ടും നിറയൊഴിച്ചു. അതോടെ മത്സരം രണ്ടാം പകുതിയില്‍ 2-2 സമനിലയില്‍ പിരിഞ്ഞു. അധികസമയത്തും ഗോളുകള്‍ സ്കോർ ചെയ്യാന്‍ കഴിയാതിരുന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.
ഷൂട്ടൗട്ടില്‍ എടികെയ്ക്കായി പെട്രാറ്റോസ്, ലിസ്റ്റണ്‍ കൊളാസോ, കിയന്‍ നസരി, മന്‍വീര്‍ സിങ് എന്നിവര്‍ ലക്ഷ്യം കണ്ടു. ബെംഗളുരുവിനായി അലന്‍ കോസ്റ്റ, റോയ് കൃഷ്ണ, സുനില്‍ ഛേത്രി എന്നിവരാണ് ഗോള്‍ നേടിയത്