ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ കൊല്‍ക്കത്തന്‍ വമ്പന്മാരും നിലവിലെ ചാമ്പ്യന്മാരുമായ എ.ടി.കെ. മോഹന്‍ ബഗാന്‍ തങ്ങളുടെ പേര് വീണ്ടും മാറ്റി. ജൂണ്‍ ഒന്ന് മുതല്‍ 'മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്' എന്ന പേരിലായിരിക്കും ക്ലബ് അറിയപ്പെടുകയെന്നു ടീം ഉടമ സഞ്ജീവ് ഗോയങ്കെ ഔദ്യോഗികമായി അറിയിച്ചു.
ഇക്കഴിഞ്ഞ ഐ.എസ്.എല്‍. ഫൈനലില്‍ ബംഗളുരു എഫ്.സിയെ തോല്‍പിച്ചു കിരീടം ചൂടിയതിനു പിന്നാലെ ടീമിനു പേരുമാറ്റം ഉണ്ടാകുമെന്നു ഗോയങ്കെ പറഞ്ഞിരുന്നു. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് എന്ന പേരും അദ്ദേഹം അന്നു സൂചിപ്പിച്ചിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇന്നാണ് ഉണ്ടായത്.
ഇതു രണ്ടാം തവണയാണ് ടീമിന്റെ പേരുമാറ്റം. 2014-ല്‍ ഐഎസ്എല്‍ ആരംഭിച്ചപ്പോള്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത(എ.ടി.കെ) എന്ന പേരായിരുന്നു ടീമുടമകളായ സഞ്ജീവ് ഗോയങ്കെയുടെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കണ്‍സോര്‍ഷ്യം തെരഞ്ഞെടുത്തത്. സ്പാനിഷ് ലാ ലിഗ ക്ലബ് അത്‌ലറ്റിക്കോ ഡി മാഡ്രിഡുമായുള്ള പങ്കാളിത്തം കാരണമായിരുന്നു അത്.
പ്രഥമ സീസണില്‍ തന്നെ കിരീടം ചൂടാന്‍ അവര്‍ക്കാകുകയും ചെയ്തു. ഫൈനലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പിച്ചായിരുന്നു അവരുടെ കിരീട ധാരണം. പിന്നീട് ആറു വര്‍ഷത്തിനു ശേഷം 2020-ല്‍ അവര്‍ സ്പാനിഷ് പങ്കാളിത്തം ഉപേക്ഷിച്ച് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും പാരമ്പര്യമുള്ളതുമായ ഫുട്‌ബോള്‍ ക്ലബായ മോഹന്‍ബഗാനുമായി ലയിച്ചു.
അതോടെ ടീമിന്റെ പേരുമാറ്റി എ.ടി.കെ. മോഹന്‍ ബഗാന്‍ എന്നാക്കി. തുടര്‍ന്ന് പുതിയ പേരിലാണ് കഴിഞ്ഞ മൂന്നു സീസണുകളില്‍ ഐ.എസ്.എല്‍. കളിച്ചത്. എന്നാല്‍ ഈ പേരിനോടു മോഹന്‍ ബഗാന്‍ ആരാധകര്‍ക്കു പഥ്യമില്ലായിരുന്നു. തങ്ങളുടെ ടീമിന്റെ പേരിനൊപ്പം എ.ടി.കെ. എന്നു കൂട്ടിച്ചേര്‍ക്കാനാകില്ലെന്നും ഗോയങ്കെ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു കൊല്‍ക്കത്തയില്‍ നിരവധിതവണ ആരാധകര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
ടീമിന്റെ ഹോം മത്സരങ്ങളിലെല്ലാം ഗ്യാലറിയില്‍ ഈ ആവശ്യം ഉന്നയിച്ചുള്ള ബാനറുകള്‍ ആരാധകര്‍ ഉയര്‍ത്തിയതും ശ്രദ്ധേയമായിരുന്നു. ഇതോടെയാണ് എ.ടി.കെയെ പൂര്‍ണമായും ഉപേക്ഷിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്.