2023-24 ക്ലബ് ഫുട്‌ബോള്‍ സീസണിനു മുന്നോടിയായുള്ള പ്രീസീസണ്‍ സൗഹൃദ മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. അതേസമയം മറ്റൊരു ഇംഗ്ലീഷ് ടീമായ ലിവര്‍പൂള്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഇന്നു ദക്ഷിണകൊറിയയിലെ സോളില്‍ വച്ചു നടന്ന മത്സരത്തില്‍ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിനോടാണ് സിറ്റി തോല്‍വി വഴങ്ങിയത്. അതേസമയം സിംഗപ്പൂരില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടില്‍ നിന്നു തന്നെയുള്ള ലെസ്റ്റര്‍ സിറ്റിയെയാണ് ലിവര്‍പൂള്‍ തുരത്തിയത്.
തുടരെ രണ്ടു ജയങ്ങളുമായി എത്തിയ സിറ്റിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോ മാഡ്രിഡ് തളച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു മത്സരത്തിലെ മൂന്നു ഗോളുകളും. 66-ാം മിനിറ്റില്‍ മെംഫിസ് ഡിപേയിലൂടെ അത്‌ലറ്റിക്കോയാണ് ആദ്യം മുന്നിലെത്തിയത്. എയ്ഞ്ചല്‍ കൊറിയ നല്‍കിയ പാസില്‍ നിന്നായിരുന്നു ഗോള്‍.
ആദ്യഗോളിന്റെ ആഹ്‌ളാദം തീരും മുമ്പേ സ്പാനിഷ് ടീം ലീഡ് ഉയര്‍ത്തുകയും ചെയ്തു. 74-ാം മിനിറ്റില്‍ യാന്നിക് കരാസ്‌കോയാണ് ഇക്കുറി ലക്ഷ്യം കണ്ടത്. രണ്ടു ഗോളിനു പിന്നിലായതോടെ തിരിച്ചടിക്കാന്‍ സിറ്റി ശ്രമിച്ചെങ്കിലും കഴിഞ്ഞ മത്സരങ്ങളില്‍ കണ്ട മൂര്‍ച്ച അവരുടെ ആക്രമണങ്ങളില്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ 85-ാം മിനിറ്റില്‍ റൂബന്‍ ഡയസാ് ഒരു മടക്കിയെങ്കിലും തോല്‍വി ഒഴിവാക്കാന്‍ അതു മതിയാകുമായിരുന്നില്ല.
ലെസ്റ്റര്‍ സിറ്റിക്കെതിരേ എതിരില്ലാത്ത നാലു ഗോളുകളുടെ ആധികാരിക ജയമാണ് ലിവര്‍പൂള്‍ നേടിയത്. മത്സരത്തിന്റെ 30-ാം മിനിറ്റില്‍ ഡാര്‍വിന്‍ ന്യുനസാണ് അവരുടെ ഗോള്‍വേട്ടയ്ക്കു തുടക്കമിട്ടത്. അഞ്ചു മിനിറ്റിനകം ബോബ ക്ലാര്‍ക്ക് ലീഡ് രണ്ടാക്കി. രണ്ടു ഗോളിനു മുന്നിലെത്തിയിട്ടും ആക്രമണവീര്യം കുറയ്ക്കാന്‍ അവര്‍ തയാറായില്ല. മൂന്നു മിനിറ്റിനകം ഡിയോഗോ യോട്ടയിലൂടെ അവര്‍ മൂന്നാം ഗോളും നേടി. ഇടവേളയില്‍ 3-0 എന്ന നിലയില്‍ പിരിഞ്ഞ അവര്‍ക്കു വേണ്ടി 60-ാം മിനിറ്റില്‍ ബെന്‍ ഡ്യോക്കാണ് പട്ടിക തികച്ചത്.