കറ്റാലന്‍ എസ്പാന്യോളിനെ തകര്‍ത്ത് ബാഴ്‌സലോണ ലാ ലിഗ ചാമ്പ്യന്മാരായത് ഇന്നലെയാണ്. ഇടവേളയ്ക്കു ശേഷമുള്ള കിരീടനേട്ടം ആഘോഷിക്കാന്‍ സ്വന്തം തട്ടകം വരെയെത്താനുള്ള ക്ഷമയൊന്നും ബാഴ്‌സ താരങ്ങള്‍ക്കില്ലായിരുന്നു. മത്സരശേഷം എസ്പാന്യോളിന്റെ തട്ടകത്തില്‍ തന്നെ അവര്‍ തങ്ങളുടെ ആഹ്‌ളാദം പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാല്‍ അതു കണ്ട് സഹിച്ചിരിക്കാന്‍ ഹോം ആരാധകര്‍ക്ക് കഴിയുമായിരുന്നില്ല, അതും കനത്ത തോല്‍വിയേറ്റുവാങ്ങി തങ്ങളുടെ ടീം തരംതാഴ്ത്തല്‍ ഭീഷണിയില്‍ നില്‍ക്കുമ്പോള്‍ തങ്ങളുടെ ഗ്രൗണ്ടില്‍ ചിരവൈരികളുടെ ആനന്ദനടനം. അല്‍പനേരം സഹിച്ച ശേഷം എസ്പാന്യോള്‍ ആരാധകക്കൂട്ടമായ 'അള്‍ട്രാസ്' കാട്ടിക്കൂട്ടിയ അതിക്രമം ഇപ്പോള്‍ സ്പാനിഷ് ലീഗിന് തന്നെ അപമാനമായിരിക്കുകയാണ്.
രോഷാകുലരായ ആരാധകക്കൂട്ടം സുരക്ഷാ വേലികള്‍ മറികടന്ന് ഗ്രൗണ്ടില്‍ സെന്റര്‍ സര്‍ക്കിളിനുചുറ്റും ആഹ്‌ളാദം പ്രകടിപ്പിച്ചുനിന്ന ബാഴ്‌സ താരങ്ങളെ ആക്രമിക്കാനാണ് ശ്രമിച്ചത്. ഗ്യാലറിയിശല കസേരകളും മറ്റും അടിച്ചൊടിച്ച് ആയുധമാക്കിയാണ് നൂറോളം വരുന്ന ആരാധകര്‍ ഗ്രൗണ്ടില്‍ ബാഴ്‌സ താരങ്ങളെ ലക്ഷ്യംവച്ച് ഓടിയിറങ്ങിയത്.
അപകടം മണത്ത ബാഴ്‌സ താരങ്ങള്‍ ക്ഷണനേരത്തില്‍ പ്ലേയേഴ്‌സ് ടണലിലേക്ക് ഓടിക്കയറിയാണ് രക്ഷപെട്ടത്. ആരാധകരെ തടയാന്‍ ഉടന്‍തന്നെ സെക്യൂരിറ്റി വിഭാഗവും പോലീസും ഇടപെട്ടെങ്കിലും എണ്ണത്തില്‍ കുറവായിരുന്നതിനാല്‍ അവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.
ഇതിനിടെ ആരാധകരില്‍ ചിലര്‍ ടണലിലേക്ക് ഓടിക്കയറി താരങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ബാഴ്‌സ താരങ്ങളും പോലീസും ഇടപെട്ട് അവരെ പിടിച്ചുമാറ്റുകയായിരുന്നു. ബാഴ്‌സലോണ താരങ്ങളായ സെര്‍ജിയോ ബുസ്‌കെറ്റ്‌സ്, മാര്‍ക്കോ അലോണ്‍സോ തുടങ്ങിയവര്‍ ചേര്‍ന്നാണ് അക്രമികളെ തടഞ്ഞത്. താരങ്ങള്‍ക്കാര്‍ക്കും പരുക്കേറ്റിട്ടില്ലെന്നു പിന്നീട് ടീം മാനേജ്‌മെന്റ് അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ ലാ ലിഗയ്ക്ക് ഔദ്യോഗികമായി പരാതി നല്‍കുമെന്നു ബാഴ്‌സ വൃത്തങ്ങള്‍ വ്യക്തമാക്കി.