ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബെല്‍ജിയന്‍ സൂപ്പര്‍ താരം ഏദന്‍ ഹസാര്‍ഡ്. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം നിര്‍ണായക തീരുമാനം ആരാധകരെ അറിയിച്ചത്. പരുക്കിനാല്‍ വേട്ടയാടപ്പെട്ട കരിയര്‍ 32-ാം വയസിലാണ് ഹസാര്‍ഡ് അവസാനിപ്പിക്കുന്നത്.
"നിങ്ങള്‍ സ്വയം മനസിലാക്കണം, ശരിയായ സമയത്ത് നിര്‍ത്തണം. 16 വര്‍ഷങ്ങള്‍ക്കും ഏഴുനൂറിലധികം മത്സരങ്ങള്‍ക്കും ശേഷം ഒരു പ്രൊഫഷണല്‍ ഫുട്ബോളര്‍ എന്ന നിലയില്‍ കരിയര്‍ അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. എന്റെ സ്വപ്നം മനസിലാക്കാന്‍ എനിക്ക് സാധിച്ചിരുന്നു. ലോകമെമ്പാടുമുള്ള പിച്ചുകളില്‍ ഞാന്‍ കളിക്കുകയും ആസ്വദിക്കുകയും ചെയ്തു," ഹസാര്‍ഡ് കുറിച്ചു.
2019ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സിയില്‍ നിന്ന് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയതിന് ശേഷം ഹസാര്‍ഡിന് ശോഭിക്കാനായിട്ടില്ല
"എന്റെ കരിയറില്‍ മികച്ച മാനേജര്‍മാര്‍ക്കും പരിശീലകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം സമയം ചിലവഴിക്കാനായി. എനിക്ക് തന്ന സമയത്തിന് എല്ലാവരോടും നന്ദി. ഞാന്‍ ഭാഗമായ എല്ലാ ക്ലബ്ബുകളോടും നന്ദി പറയുന്നു," ഹസാര്‍ഡ് കൂട്ടിച്ചേര്‍ത്തു. ലിലി, റയല്‍ മാഡ്രിഡ്, ചെല്‍സി എന്നീ ക്ലബ്ബുകളിലാണ് താരം കളിച്ചിട്ടുള്ളത്.
"എന്റെ കുടുംബം, സുഹൃത്തുക്കള്‍, ഉപദേശകര്‍, എന്റെ നല്ല സമയത്തും മോശം സാഹചര്യത്തിലും ഒപ്പം നിന്ന എല്ലാവരോടും പ്രത്യേകം നന്ദി അറിയിക്കുന്നു. അവസാനമായി എന്നെ എല്ലാക്കാലത്തും പിന്തുണച്ച ആരാധകരോട് സ്നേഹം അറിയിക്കുന്നു," ഹസാര്‍ഡ് അവസാനിപ്പിച്ചു.
2019ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സിയില്‍ നിന്ന് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയതിന് ശേഷം ഹസാര്‍ഡിന് ശോഭിക്കാനായിട്ടില്ല. റയലിലെത്തി ആദ്യ സീസണില്‍ തന്നെ താരത്തിന് പരുക്കേറ്റു. പി എസ് ജിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെയായിരുന്നു സംഭവം. പിന്നീട് തുടരെ തുടരെ പരുക്ക് വേട്ടയാടിയതോടെ പകരക്കാരനായി മാത്രമായിരുന്നു കളത്തിലെത്താന്‍ ഹസാര്‍ഡിന് കഴിഞ്ഞത്.
2023 സമ്മറിലാണ് ഹാസാര്‍ഡ് റയല്‍ വിടുന്നത്. കരാര്‍ അവസാനിക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയായിരുന്നു താരത്തിന്റെ തീരുമാനം. ശേഷം ഒരു ക്ലബ്ബുമായും താരം കരാറിലേര്‍പ്പെട്ടില്ല. 2018 ഫിഫ ലോകകപ്പില്‍ ബെല്‍ജിയത്തിനെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ ഹസാര്‍ഡ് നിര്‍ണായക പങ്കുവഹിച്ചിരുന്നു. ബെല്‍ജിയത്തിനായി 126 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകളാണ് നേടിയിട്ടുള്ളത്.