എ.ഐ.എഫ്.എഫ്. സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കരുത്തരായ ബംഗളുരു സിറ്റി എഫ്.സിക്ക് ആദ്യ ജയം. ഇന്നു നടന്ന ഗ്രൂപ്പ് എയിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെയാണ് ബംഗളുരു തോല്‍പിച്ചത്.
കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു അവരുടെ ജയം. ഉദാന്ത സിങ്ങും ഹാവി ഹെര്‍ണാണ്ടസുമായിരുന്നു സ്‌കോറര്‍മാര്‍. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷമാണ് ബംഗളുരുവിന്റെ രണ്ടു ഗോളുകളും.
ഇരുടീമുകളും കരുതലോടെ തുടങ്ങിയ മത്സരത്തില്‍ ആദ്യ പകുതി തീര്‍ത്തും വിരസമായിരുന്നു. ഇരുഭാഗത്തു നിന്നും ഏതാനും ചില മുന്നേറ്റങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ ലീഡ് നേടാനുള്ള കാര്യമായ ശ്രമങ്ങള്‍ ആരും നടത്തിയില്ല. മൂന്നാം മിനിറ്റില്‍ പഞ്ചാബ് താരം അജയ് ഛേത്രിയുടെ ഒരു ഷോട്ടും 22-ാം മിനിറ്റില്‍ ബംഗളുരു താരം രോഹിതിന്റെ ഒരു ഷോട്ടും മാത്രമാണ് ഓര്‍മിക്കാനുള്ളത്. അജയ്‌യുടെ ഷോട്ട് ക്രോസ്ബാറിന് മീതേ പാഞ്ഞപ്പോള്‍ രോഹിത് തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു.
തുടര്‍ന്ന് 0-0 എന്ന നിലയില്‍ ഇടവേളയ്ക്കു പിരിഞ്ഞ ശേഷം രണ്ടാം പകുതിയില്‍ അധികം വൈകാതെ തന്നെ ബംഗളുരു ലീഡ് എടുത്തു. തങ്ങളുടെ ഒരു ഗോള്‍ ശ്രമം പഞ്ചാബ് ഗോള്‍കീപ്പര്‍ തട്ടിയകറ്റിയത് റീബൗണ്ടില്‍ വലയിലേക്ക് ഹെഡ് ചെയ്തിട്ട് ഉദാന്തയാണ് സ്‌കോര്‍ ചെയ്തത്.
പിന്നീട് മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹാവി ഹെര്‍ണാണ്ടസ് അവരുടെ പട്ടിക തികച്ചു. ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റോടെ ബംഗളുരു േകരളാ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി രണ്ടാം സഥാനത്ത് എത്തി. ബ്ലാസ്‌റ്റേഴ്‌സിനെതിരേയാണ് ഇനി അവരുടെ അടുത്ത മത്സരം.