ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം. ഇന്നു നടക്കുന്ന ഒന്നാം പ്ലേ ഓഫില്‍ മലയാളി പ്രതീക്ഷകളുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ചിരവൈരികളായ ബംഗളുരു എഫ്.സിയെ നേരിടും. ബംഗളുരുവിന്റെ തട്ടകമായ ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ ഇന്നു രാത്രി 7:30 മുതലാണ് മത്സരം.
തുടര്‍ച്ചയായ എവേ തോല്‍വികളുമായി നട്ടം തിരിയുന്ന അവസ്ഥയിലാണ് ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായ എട്ടു ജയങ്ങളുമായി കുതിക്കുന്ന ബംഗളുരുവിനെ നേരിടാനിറങ്ങുന്നത്. ഇരു ടീമുകളും ഇതാദ്യമായാണ് ഐ.എസ്.എല്ലിന്റെ നോക്കൗട്ട് റൗണ്ടില്‍ കൊമ്പു കോര്‍ക്കുന്നത്.
ഈ സീസണ്‍ മുതല്‍ നോക്കൗട്ട് ഏകപാദ മത്സരമാണെന്നതിനാല്‍ ഒരു ചെറിയ പിഴവിനു പോലും വലിയ വില കൊടുക്കേണ്ടി വരും. അതിനാല്‍ത്തന്നെ കരുതലോടെയാണ് ഇരുകൂട്ടരും ഇന്നു കളത്തിലിറങ്ങുക. ഈ സീസണില്‍ ഇതിനു മുമ്പ് ഇതേ സ്‌റ്റേഡിയത്തില്‍ ഇരുകൂട്ടരു േഏറ്റുമുട്ടിയപ്പോള്‍ ഒരു ഗോളിന് ജയം ആതിഥേയര്‍ക്കൊപ്പം നിന്നിരുന്നു.
ആ തോല്‍വിക്ക് കണക്കു തീര്‍ക്കാന്‍ കൂടിയാണ് ബ്ലാസ്‌റ്റേഴ്‌സ് കച്ചമുറുക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായി എട്ടു ജയം നേടി മികച്ച ഫോമിലാണ് ബംഗളുരു. അവസാന എട്ടു കളികളില്‍ നിന്ന് ആറു ഗോളുകള്‍ നേടിയ സ്‌ട്രൈക്കര്‍ ശിവശക്തി നാരായണനാണ് അവരുടെ തുറുപ്പ് ചീട്ട്.
മറുവശത്ത് തുടര്‍ച്ചയായി മൂന്നു എവേ മത്സരങ്ങള്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് എത്തുന്നത്. ഈ കലണ്ടര്‍ വര്‍ഷം കളിച്ച് അഞ്ച് എവേ മത്സരങ്ങളിലും ബ്ലാസ്‌റ്റേഴ്‌സിനു തോല്‍വിയായിരുന്നു ഫലം. പരുക്കില്‍ നിന്നു മുക്തനായ പ്രതിരോധ താരം മാര്‍ക്കോ ലെസ്‌കോവിച്ച് ഇന്ന് ആദ്യ ഇലവനില്‍ തിരിച്ചെത്തുമെന്നത് ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസം പകരുന്നുണ്ട്.
ഐ.എസ്.എല്‍. ചരിത്രത്തിലെ നേര്‍ക്കു നേര്‍ പോരാട്ടത്തിലും ബംഗളുരുവിനാണ് ആധിപത്യം. ഇതുവരെ ഏറ്റുമുട്ടിയ 12 മത്സരങ്ങളില്‍ ഏഴിലും അവര്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായത്. ഇന്നു മത്സരം നടക്കുന്ന കണ്ഠീരവ സ്‌റ്റേഡിയത്തിലെ റെക്കോഡും ബ്ലാസ്‌റ്റേഴ്‌സിന് എതിരാണ്. ഇവിടെ ഇതുവരെ ആതിഥേയരെ തോല്‍പിക്കാന്‍ കൊമ്പന്മാര്‍ക്കായിട്ടില്ല.