സൂപ്പർ താരം അഡ്രിയാന്‍ ലൂണയുമായുള്ള കരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ്. 2027 വരെയാണ് ഉറുഗ്വെ താരവുമായുള്ള കരാർ നീട്ടിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളിലായി ബ്ലാസ്റ്റേഴ്‌സിനായി 53 മത്സരങ്ങളിലാണ് ലൂണ പന്തു തട്ടിയത്. 13 ഗോളുകളും ഇതുവരെ നേടി. നിലവില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നായകന്‍ കൂടിയാണ് ലൂണ.
"കഴിഞ്ഞ മൂന്നു സീസണുകളിൽ ക്ലബിനൊപ്പം ഉണ്ടായിരുന്ന അഡ്രിയാൻ ലൂണ മൈതാനത്തിനകത്തും പുറത്തും ക്ലബിന് വേണ്ടി അസാധാരണമായ പ്രകടനവും നേതൃത്വപാടവവും അർപ്പണബോധവും പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ പ്രകടനങ്ങൾ ആരാധകരുടെ പ്രശംസ നേടിയെടുക്കുക മാത്രമല്ല, ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രധാന കളിക്കാരനെന്ന പദവി നേടി കൊടുക്കുകയും ചെയ്തു," ക്ലബ്ബ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
"ലൂണയുടെ കരാർ നീട്ടിയതിലൂടെ ശക്തവും സുസ്ഥിരവുമായ അടിത്തറ കെട്ടിപ്പടുക്കാനുള്ള ക്ലബ്ബിൻ്റെ ലക്ഷ്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ ലീഗിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിക്കുമെന്ന് ക്ലബ്ബിന് ആത്മവിശ്വാസമുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അഡ്രിയാൻ ലൂണയ്‌ക്കൊപ്പം അവിസ്മരണീയമായ നിരവധി നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു," ക്ലബ്ബ് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ പരുക്കേറ്റ ലൂണയ്ക്ക് നിരവധി മത്സരങ്ങള്‍ നഷ്ടമായിരുന്നു. ലൂണയുടെ അഭാവത്തില്‍ സീസണിന്റെ രണ്ടാം പകുതി ബ്ലാസ്റ്റേഴ്‌സ് തിരിച്ചടി നേരിടുകയും ചെയ്തു. പ്ലേ ഓഫിലെത്തിയെങ്കിലും സെമിയിലേക്ക് കുതിക്കാന്‍ കൊമ്പന്മാർക്ക് കഴിഞ്ഞിരുന്നില്ല.
സീസണ്‍ അവസാനിച്ചതിന് പിന്നാലെ പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ചുമായുള്ള കരാറും ക്ലബ്ബ് അവസാനിപ്പിച്ചിരുന്നു. ലൂണയുടെ കരാർ നീട്ടിയ പശ്ചാത്തലത്തില്‍ ഇനി പുതിയ പരിശീലകനാരായിരിക്കുമെന്നതിലായിരിക്കും തീരുമാനം.