നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ വിജയം നേടിയ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ ആഹ്‌ളാദം. - അജയ് മധു.  ajaymadhu
FOOTBALL

ഡയമണ്ട് ഡയമെന്റക്കോസ്; വിജയവഴിയില്‍ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്‌

ആദ്യപകുതിയില്‍ ദിമിത്രി ഡയമെന്റക്കോസ് നേടിയ ഇരട്ടഗോളുകളാണ് ടീമിനു തുണയായത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താനും ബ്ലാസ്‌റ്റേഴ്‌സിനായി

ശ്യാം ശശീന്ദ്രന്‍

തുടര്‍ച്ചയായ രണ്ട് എവേ പരാജയങ്ങളില്‍ പതറിനിന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം തട്ടകത്തില്‍ ഗംഭീര തിരിച്ചുവരവ. ഹോം തട്ടകമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തുരത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ വിദേശ സ്‌ട്രൈക്കര്‍ ദിമിത്രി ഡയമെന്റക്കോസ് നേടിയ ഇരട്ടഗോളുകളാണ് ടീമിനു തുണയായത്. മത്സരത്തിന്റെ 42, 44 മിനിറ്റുകളിലാണ് ദിമിത്രി ലക്ഷ്യം കണ്ടത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താനും ബ്ലാസ്‌റ്റേഴ്‌സിനായി. 15 മത്സരങ്ങളില്‍ 28 പോയിന്റുമായാണ് ബ്ലാസ്‌റ്റേഴ്‌സ് മൂന്നാമതെത്തിയത്. 16 മത്സരങ്ങളില്‍ നിന്ന് 42 പോയിന്റുമായി മുംബൈ സിറ്റി എഫ്.സി. ഒന്നാമതും 15 മത്സരങ്ങളില്‍ നിന്ന് 35 പോയിന്റുമായി ഹൈദരാബാദ് എഫ്.സി. രണ്ടാമതുമുണ്ട്.

കിക്കോഫ് മുതല്‍ ആക്രമണ ഫുട്‌ബോളാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്തത്. ആദ്യ മിനിറ്റില്‍ തന്നെ ആതിഥേയര്‍ ലീഡിന് അടുത്തെത്തുകയും ചെയ്തു. ഇടതു വിങ്ങില്‍ക്കൂടി ഒറ്റയ്ക്കു പന്തുമായി മുന്നേറി ഡയമെന്റക്കോസ് തൊടുത്ത ഷോട്ട് പക്ഷേ നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ അരിന്ധം ഭട്ടാചാര്യ തട്ടിയകറ്റി.

ഇതിനു പിന്നാലെ ഒന്നിനു പിറകേ ഒന്നായി നോര്‍ത്ത് ഈസ്റ്റ് ഗോള്‍മുഖത്തേക്ക് ആക്രമണമിച്ചു വിടുകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. എന്നാല്‍ ഫിനിഷിങ്ങിലെ പിഴവുകളും ഭട്ടാചാര്യയു2െ മികച്ച സേവുകളും തുടക്കത്തിലേ ലീഡ് നേടുന്നതില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിനെ തടഞ്ഞു.

15-ാം മിനിറ്റില്‍ അപ്പോസ്തലോസ് ജിയാന്നുവിന്റെയും 17-ാം മിനിറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലണയുടെയും ഷോട്ടുകള്‍ ലക്ഷ്യം തെറ്റിപ്പാഞ്ഞു. 19-ാം മിനിറ്റില്‍ ഡയമെന്റക്കോസ് നടത്തിയ മറ്റൊരു ശ്രമവും ഭട്ടാചാര്യ തട്ടിയകറ്റി. തുടര്‍ന്ന് 29, 31 മിനിറ്റുകളില്‍ ലൂണയുടെ ഷോട്ടുകളും ലക്ഷ്യമില്ലാതെ പുറത്തേക്കു പായുന്നത ഗ്യാലറിയില്‍ തിങ്ങിനിറഞ്ഞ കാണികള്‍ അവിശ്വസനീയതയോടെയാണ് കണ്ടിരുന്നത്.

ദിമിത്രി ഡയമെന്റക്കോസ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ നേടുന്നു.

ഒടുവില്‍ 42-ാം മിനിറ്റിലാണ് ആരാധകര്‍ കാത്തിരുന്ന ആ നിമിഷമെത്തിയത്. ഇടത്തേ കോര്‍ണര്‍ ഫ്‌ളാഗനു സമീപത്തു നിന്നു മധ്യനിര താരം ബ്രൈസ് മിറാന്‍ഡ നോര്‍ത്ത് ഈസ്റ്റ് പോസ്റ്റിലേക്കു നല്‍കിയ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഡയമെന്റക്കോസ് തലകൊണ്ടു വലയിലേക്കു ചെത്തിയിടുകയായിരുന്നു. കലൂര്‍ സ്‌റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചു ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍. 1-0.

ലീഡ് നേടിയതോടെ ആക്രമണവീര്യം വര്‍ധിച്ച ആതിഥേയര്‍ രണ്ടു മിനിറ്റിനകം രണ്ടാം ഗോളും കണ്ടെത്തി. ഇക്കുറി സ്വന്തം ഹാഫില്‍ പന്തു ലഭിച്ച അഡ്രിയാന്‍ ലൂണ അത് നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ക്കു മുകളിലൂടെ എതിര്‍ ഹാഫിലേക്കു നീട്ടിനല്‍കുകയായിരുന്നു. അഡ്വാന്‍സ് ചെയ്തുനിന്ന നോര്‍ത്ത് ഈസ്റ്റ് പ്രതിരോധനിരയെ കബളിപ്പിച്ച് പന്ത് ഓടിപ്പിടിച്ച ഡയമെന്റക്കോസ് ഇറങ്ങിവന്ന ഗോള്‍കീപ്പറെയും കബളിപ്പിച്ചു പന്ത് വലയിലെത്തിച്ചു.

ദിമിത്രിയുടെയും ബ്ലാസ്‌റ്റേഴ്‌സിന്റെയും രണ്ടാം ഗോള്‍.

സീസണില്‍ ഡയമെന്റക്കോസിന്റെ ഒമ്പതാം ഗോള്‍ കൂടിയായിരുന്നു. അത്. ഇതോടെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും ബ്ലാസ്‌റ്റേഴ്‌സ് താരത്തിനായി. 16 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടിയ എഫ്.സി. ഗോവ താരം ഇകേര്‍ ഗ്വാരോക്‌സെനയാണ് പട്ടികയില്‍ ഒന്നാമത്.

രണ്ടു ഗോള്‍ ലീഡിന്റെ ലീഡില്‍ ഇടവേളയ്ക്കു പിരിഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയിലും ആക്രമണ ഫുട്‌ബോള്‍ തന്നെ പുറത്തെടുത്തെങ്കിലും സ്‌കോര്‍ നില ഉയര്‍ത്താനായില്ല. ഫെബ്രുവരി മൂന്നിന് ഈസ്റ്റ് ബംഗാളിനെതിരേ കൊല്‍ക്കത്തയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

പാലക്കാട് ലീഡ് തുടര്‍ന്ന് കൃഷ്ണകുമാര്‍, പ്രിയങ്കയുടെ ലീഡ് അമ്പതിനായിരത്തിലേക്ക്‌| Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ സഖ്യം, മഹാരാഷ്ട്രയില്‍ എന്‍ഡിഎ| Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ