FOOTBALL

വിവാദ 'ഗോളില്‍' ബെംഗളൂരു എഫ്സി; ബ്ലാസ്‌റ്റേഴ്‌സ് പുറത്തേക്ക് നടന്നു

മത്സരത്തിന്റെ എക്‌സ്ട്രാ ടൈമില്‍ സുനില്‍ ഛേത്രിക്ക് 'അനുവദിച്ച' വിവാദ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വഴിയടച്ചത്.

വെബ് ഡെസ്ക്

ഐ എസ് എല്‍ ഫുട്‌ബോള്‍ കണ്ട ഏറ്റവും നാടകീയവും വിവാദവുമായ ഗോളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ 'പുറത്തേക്ക് നടത്തി' ബെംഗളൂരു എഫ് സി സെമിഫൈനലില്‍. ഫ്രീകിക്കിന് തയാറെടുക്കുന്നതിനിടെ റഫറി ക്രിസ്റ്റല്‍ ജോണിന്റെ കൃത്യമായ വിസില്‍ പോലുമില്ലാതെ ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഛേത്രി നേടിയ ഗോളാണ് വിവാദമായത്.

അത് ഗോളായി റഫറി അനുവദിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പ്രതിഷേധിച്ച് ഗ്രൗണ്ട് വിട്ടു. തുടര്‍ന്ന് ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ബെംഗളൂരുവിനെ വിജയിയായി മാച്ച് റഫറി പ്രഖ്യാപിക്കുകയായിരുന്നു. അപ്പോഴേക്കും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഡ്രെസിങ് റൂമിലേക്ക് മടങ്ങിയിരുന്നു.

സംഭവിച്ചത് എന്ത്?

എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 104-ാം മിനിറ്റിലാണ് സംഭവങ്ങളുടെ തുടക്കം. ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്തിന് പുറത്ത് ഇടതുവശത്ത് ബെംഗളൂരുവിന് അനുകൂലമായി ഫ്രീകിക്ക് ലഭിക്കുന്നു. കിക്കെടുക്കാന്‍ എത്തിയത് ഛേത്രി. പ്രതിരോധ മതില്‍ തീര്‍ക്കാനും പ്രതിരോധ തന്ത്രം മെനയാനും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ കൂട്ടം കൂടുന്നു. ഇതിനിടെ സഹതാരങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ പ്രഭ് സുഖന്‍ സിങ് ഗില്‍ ബോക്‌സ് വിട്ടിറങ്ങി.

ഇതിനിടെ അപ്രതീക്ഷിതമായി ഛേത്രി പന്ത് വലയിലേക്കു തൊടുക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നു ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്കു മനസിലാകും മുമ്പേ റഫറി ഗോള്‍ അനുവദിച്ചുകൊണ്ട് വിസില്‍ മുഴക്കുകയും ചെയ്തു.

രൂക്ഷ തര്‍ക്കം, ഒടുവില്‍ ബഹിഷ്‌കരണം

റഫറിയുടെ തീരുമാനത്തില്‍ ആദ്യം അമ്പരന്നു പോയ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പ്രതിഷേധവുമായി റഫറിയെ പൊതിഞ്ഞു. അതിനിടെ ഛേത്രിയും സഹതാരങ്ങളും ആഘോഷം തുടങ്ങി. ഗോള്‍ അനുവദിച്ചതിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകുമനോവിച്ചും ഒഫീഷ്യല്‍സുമായി തര്‍ക്കമായി. അവര്‍ തീരുമാനം മാറ്റാതെ വന്നതോടെ ഇവാന്‍ ടീമിനെ ഗ്രൗണ്ടില്‍ നിന്നു പിന്‍വലിക്കുകയായിരുന്നു.

സൈഡ് ലൈനിനു പുറത്തു നിന്നും ഏറെ നേരം തര്‍ക്കിച്ചിട്ടും റഫറി വഴങ്ങാതെ വന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഡ്രെസിങ് റൂമിലേക്കു മടങ്ങി. പിന്നീട് മാച്ച് റഫറി ഉള്‍പ്പടെയുള്ളവര്‍ ചര്‍ച്ചകള്‍ക്കു ശേഷം ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

സമാസമം നിന്ന പോരാട്ടം

മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോളടിക്കാനാകാതെ വന്നതോടെയാണ് കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. നിശ്ചിത സമയത്തിന്റെ ആദ്യ പകുതിയില്‍ ബെംഗളൂരുവും രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സുമാണ് ആധിപത്യം പുലര്‍ത്തിയത്. അധികസമയത്ത് കളി നടന്ന മിനിറ്റുകളിലും ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു മുന്‍തൂക്കം.

അഞ്ചു മാറ്റങ്ങള്‍

നിര്‍ണായക പ്ലേ ഓഫ് മത്സരത്തിന് അഞ്ചു മാറ്റങ്ങളുമായി ഇതുവരെ കാണാത്ത ഒരു ഇലവനെയാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകുമനോവിച്ച് അണിനിരത്തിയത്. സ്വന്തം തട്ടകത്തില്‍ മികച്ച ഫോമില്‍ കളിക്കുന്ന ബെംഗളൂരുവിനെ തളയ്ക്കാന്‍ പ്രതിരോധത്തിലൂന്നിയുള്ള ഇലവനെയാണ് ഇവാന്‍ തിരഞ്ഞെടുത്തത്.

കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഉണ്ടായിരുന്ന ഹോര്‍മിപാം, സഹല്‍ അബ്ദുള്‍ സമദ്, ബ്രൈസ് മിറാന്‍ഡ, ഇവാന്‍ കല്യൂഷ്‌നി, ആയുഷ് അധികാരി ന്നിവരെ ബെഞ്ചിലിരുത്തിയപ്പോള്‍ വിക്ടര്‍ മൊന്‍ഗില്‍, നിഷുകുമാര്‍, കെ പി രാഹുല്‍, ഡാനിഷ് ഫറൂഖി, ജീക്‌സണ്‍ സിങ് എന്നിവര്‍ ആദ്യ പതിനൊന്നില്‍ തിരിച്ചെത്തി. ഫോര്‍മേഷനിലും മാറ്റമുണ്ടായി. ഹൈദരാബാദിനെതിരേ അണിനിരന്ന 3-4-3 ശൈലി വിട്ട് ഇന്ന് 4-4-2 ശൈലിയിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്.

ആദ്യം ആതിഥേയര്‍ കളിച്ചു, ബ്ലാസ്‌റ്റേഴ്‌സ് തടുത്തു

മത്സരത്തിന്റെ ആദ്യപകുതിയില്‍ മികച്ച് നിന്നത് മിന്നുന്ന ഫോമിലുള്ള ആതിഥേയര്‍ തന്നെയായിരുന്നു. ആദ്യ മിനിറ്റു മുതല്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖം വിറപ്പിക്കാന്‍ അവര്‍ക്കായി. ഗോളെന്നുറച്ച രണ്ട് സുവര്‍ണാവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാനും അവര്‍ക്കായി.

എന്നാല്‍ ഗോള്‍ വല ചലിപ്പിക്കാന്‍ അവര്‍ക്കായില്ല. ഒരു തവണ ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ ജെസല്‍ കര്‍നെയ്‌റോയുടെ ഗോള്‍ ലൈന്‍ സേവും ഒരു തവണ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്ലിന്റെ ഇരട്ട സേവുകളും ബെംഗളൂരുവിന്റെ വഴിയടച്ചു.

രണ്ടാം പകുതിയില്‍ കളിമാറി

ബെംഗളൂരുവിന്റെ ആക്രമണങ്ങള്‍ കണ്ടുകൊണ്ടായിരുന്നു രണ്ടാം പകുതിയും ആരംഭിച്ചത്. ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ മിനിറ്റുകളില്‍ ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. എന്നാല്‍ ലെസ്‌കോവിച്ചും മൊന്‍ഗിലും അടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ഇളകാതെ നിന്നു.

71-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ തുറുപ്പ് ചീട്ട് പുറത്തിറക്കിയത്. ഡാനിഷ് ഫറൂഖിക്കു പകരം സഹല്‍ കളത്തിലേക്ക്. സഹല്‍ ഇറങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ കളി മാറി. ഇരു വിങ്ങളിലൂടെയും കുതിച്ചുകയറിയ മലയാളി താരത്തിന്റെ വേഗത എതിരാളികളുടെ ഉറക്കം കെടുത്തി. മത്സരത്തിലാദ്യമായി ഒന്നിനു പിറകെ ഒന്നായി ആക്രമണം അഴിച്ചു വിടാന്‍ അതോടെ ബ്ലാസ്‌റ്റേഴ്‌സിനു കഴിഞ്ഞു. പക്ഷേ ഫിനിഷിങ്ങിലെ പോരായ്മകള്‍ നികത്താന്‍ കഴിയാതെ വന്നതോടെയാണ്‌ മത്സരം അധിക സമയത്തേക്കു നീണ്ടത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ