പ്രീസീസണ്‍ ക്യാമ്പിനിടെ തന്നെ പരുക്കേറ്റ് പുറത്തായ ഓസ്‌രേടലിയന്‍ താരം ജോഷ്വ സൊറ്റീരിയോയ്ക്ക് പകരക്കാരനെ ഓസ്‌ട്രേലിയയില്‍ നിന്നു തന്നെ കണ്ടെത്തി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഓസ്‌ട്രേലിയന്‍ ക്ലബ് പെര്‍ത്ത് ഗ്ലോറിയുടെ സ്‌ട്രൈക്കര്‍ റയാന്‍ വില്യംസുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഒരു വര്‍ഷത്തെ കരാര്‍ ഉറപ്പിച്ചത്.
ഇതു സംബന്ധിച്ച് പെര്‍ത്ത് ഗ്ലോറി ഇന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ടു. ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഇംഗ്ലീഷ് ക്ലബുകളായ പോര്‍ട്‌സ്മത്ത്, ഓക്‌സ്‌ഫോര്‍ഡ് യുണൈറ്റഡ്, ബ്രാന്‍സ്ലി എന്നീ ക്ലബുകള്‍ക്കു വേണ്ടി കളിച്ചു പരിചയമുള്ള താരമാണ് റയാന്‍ വില്യംസ്.
ഈ സീസണില്‍ ഏറെ പ്രതീക്ഷയോടെ ഓസ്ട്രേലിയന്‍ ലീഗില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് എത്തിച്ച താരമായിരുന്നു സൊറ്റീരിയോ. പ്രീസീസണ്‍ ക്യാമ്പിനിടെയാണ് താരത്തിന്റെ കാലിന് പരുക്കേറ്റത്. ഇതിനേത്തുടര്‍ന്ന് ശസ്ത്രക്രിയ വേണ്ടി വന്ന താരം ഇപ്പോള്‍ സുഖംപ്രാപിച്ചു വരികയാണ്. പക്ഷേ കളത്തിലേക്ക് മടങ്ങിയെത്താന്‍ ആറു മാസത്തോളം സമയം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് പകരക്കാരനെ തേടിയത്.
ഓസ്ട്രേലിയന്‍ എ-ലീഗ് ക്ലബായ ന്യൂകാസില്‍ ജെറ്റ്സില്‍ നിന്നാണ് സൊറ്റീരിയോയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. എ-ലീഗില്‍ ന്യൂകാസില്‍ ജെറ്റ്സിനു വേണ്ടി 23 മത്സരങ്ങള്‍ കളിച്ച താരം മൂന്നു ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അതിനു മുമ്പ് വെസ്റ്റേണ്‍ സിഡ്നി വാണ്ടറേഴ്സിനായും വെല്ലിങ്ടണ്‍ ഫീനിക്സിനായും കളിച്ചിട്ടുണ്ട്. വാണ്ടറേഴ്സിനു വേണ്ടി 90 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളും രണ്ട് അസിസ്റ്റുകളും ഫീനിക്സിനു വേണ്ടി 66 മത്സരങ്ങളില്‍ നിന്ന് 16 ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ അണ്ടര്‍-20, അണ്ടര്‍-23 ടീമുകളുടെയും ഭാഗമായിട്ടുള്ള താരമായിരുന്നുസൊറ്റീരിയോ.