ഐഎസ്എൽ ഫുട്ബോളിൽ ജയം തുടരാൻ കേരളാ ബ്ലാസ്റ്റേഴ്‌സ്. ലീഗിലെ പന്ത്രണ്ടാം മത്സരത്തിൽ ജംഷഡ്‌പൂർ എഫ്‌സിയാണ് എതിരാളികൾ. കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരം വിജയിക്കാനായാൽ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സിന് മൂന്നാമത് എത്താൻ സാധിക്കും.
തുടർച്ചയായി ഏഴ് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ബ്ലാസ്റ്റേഴ്‌സ് വരുന്നത്. അതേസമയം അവസാനംകളിച്ച എട്ട് മത്സരങ്ങളിൽ ഏഴിലും തോൽവി ആയിരുന്നു ജംഷഡ്‌പൂരിന്റെ ഫലം. അവസാന മത്സരത്തിൽ എഫ് സി ഗോവയോട് സമനിലയിൽ പിരിഞ്ഞതാണ് സമീപകാലത്ത് അൽപ്പമെങ്കിലും അവർക്ക് ആശ്വാസം നൽകുന്നത്.
മുന്നേറ്റ നിരയിൽ കളിക്കാർക്ക് ഗോൾ കണ്ടെത്താൻ സാധിക്കാത്തത് കഴിഞ്ഞ വർഷത്തെ ഷീൽഡ് ജേതാക്കളെ വലക്കുന്നുണ്ട്. ഗോവയ്‌ക്കെതിരായ മത്സരത്തിൽ പ്രതിരോധത്തിൽ മൂന്ന് സെന്റർ ബാക്കുകളെ കളിപ്പിക്കാനുള്ള തീരുമാനം അവർക്ക് ഒരു പോയിന്റ് നേടികൊടുത്തിരുന്നു. ഇന്നത്തെ മത്സരത്തിലും ഇതേ തന്ത്രം പയറ്റാനാകും ജംഷഡ്‌പൂരിന്റെ ശ്രമം.
താരങ്ങളുടെ ഫോമും, ലീഗിലെ അപരാജിത കുതിപ്പുമെല്ലാം കാര്യങ്ങൾ ബ്ലാസ്റ്റേഴ്സിന് അനുകൂലമാക്കുന്നുണ്ട്. ഈ സീസണിൽ ജംഷഡ്‌പൂരുമായി നടന്ന ആദ്യ മത്സരത്തിലെ ജയവും ആത്മവിശ്വാസം പകരുന്നു. എന്നാൽ കഴിഞ്ഞ മത്സരങ്ങളിൽ മഞ്ഞപ്പടയുടെ പ്ലെയിങ് ഇലവണില്‍ നിര്‍ണായകമായിരുന്ന ഇവാൻ കല്യുഷ്ണിയുടെ അഭാവം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്. നാല് മഞ്ഞകാർഡുകൾ കണ്ടതിനാലാണ് കല്യുഷ്ണിക്ക് കളിക്കാൻ സാധിക്കാത്തത്.
പതിനേഴ് മത്സരങ്ങൾ കളിച്ചത്തിൽ ഏഴ് മത്സരങ്ങൾ സമനിലയിലായപ്പോൾ, രണ്ട് ടീമുകളും മൂന്ന് വീതം മത്സരങ്ങളിൽ വിജയിച്ചു.