ബ്രസീൽ ആറാമതൊരിക്കൽ കൂടി ലോക കപ്പ് നേടി കാണണമെന്ന ആഗ്രഹം പെലെ പ്രകടിപ്പിച്ചു.കഴിഞ്ഞ നാലു തവണയും കൈവിട്ട കിരീടം തിരികെപ്പിടിക്കണമെന്ന പെലെയുടെ ആഗ്രഹത്തിന് മാനങ്ങൾ ഏറെയുണ്ട്. പ്രായവും രോഗവും പെലെയെ അലട്ടിത്തുടങ്ങിയിരിക്കുന്നു. താൻ ആരോഗ്യത്തോടെ ഇരിക്കുമ്പോൾ, ഓർമകൾ നഷ്ടപ്പെടാതിരിക്കുമ്പോൾ മാത്രമേ അദ്ദേഹത്തിന് ആ വിജയത്തിൻ്റെ ലഹരി ആസ്വദിക്കാനാകൂ.
അർജൻറീനയ്ക്കാകട്ടെ, ലയണല്‍ മെസിയുടെ അവസാന ലോക കപ്പ് എന്നതിനപ്പുറം ഡീഗോ മറഡോണയുടെ ഓർമകൾ ഉണർത്താൻ ഒരു കിരീട നേട്ടം എന്ന ആഗ്രഹവും സ്വാഭാവികം. രണ്ടിലൊന്നു സാധ്യമായാലും അല്ല , മറിച്ച് യൂറോപ്യൻ കരുത്ത് ആവർത്തിക്കപ്പെട്ടാലും പെലെയും മറഡോണയും ലോകകപ്പിൽ രചിച്ച സുവർണ ചിത്രങ്ങൾ മായില്ല.
പോയ നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ താരത്തെ കണ്ടെത്താൻ ഫിഫ നടത്തിയ ഓൺ ലൈൻ വോട്ടെടുപ്പിൽ ജയിച്ചത് മറഡോണ. വിദഗ്ധ സംഘവും രാജ്യാന്തര ഒളിംപിക് സമിതിക്കു വേണ്ടി ദേശീയ ഒളിംപിക് സംഘടനകളും തിരഞ്ഞെടുത്തത് പെലെയെ. ലോക കപ്പിലെ രണ്ടു വീതം ഗോളുകളാണ് പെലെയെയും മറഡോണയെയും മറ്റൊരു തലത്തിൽ എത്തിച്ചത്.
സുന്ദരമായ രണ്ടു ഗോളുകൾ ലോക കപ്പിൽ പെലെയുടെ തുടക്കവും ഒടുക്കവും രേഖപ്പെടുത്തുന്നു. തുടക്കം 1958ൽ. സ്വീഡനെതിരായ ഫൈനൽ. വളഞ്ഞു നിൽക്കുന്ന സ്വീഡിഷ് പ്രതിരോധ താരങ്ങളെ വെട്ടിച്ചു മുന്നേറാനാകാതെ വന്നപ്പോൾ പെലെ പന്ത് തുടകൊണ്ടു തട്ടി എതിരാളികളുടെ തലയ്ക്കു മുകളിലൂടെ കടത്തിവിട്ടു. നിമിഷങ്ങൾക്കുള്ളിൽ ചുറ്റിത്തിരിഞ്ഞെത്തി പന്ത് വലയിലാക്കി. ഇത്രയും മനോഹരമായൊരു ഗോൾ താൻ ജീവിതത്തിൽ വേറെ കണ്ടിട്ടില്ലെന്ന് ഇംഗ്ലണ്ടിൻ്റെ നായകൻ ബോബി റൈറ്റ് പറഞ്ഞു. രണ്ടാമത്തെ ഗോൾ 1970ൽ ആ യിരുന്നു. ഇറ്റലിക്കെതിരായ ഫൈനലിലെ അവസാന ഗോൾ. അത് നേടിയത് കാർലോസ് ആൽബർടോ ആണ്. പക്ഷേ, ഗോൾ അടിക്കാൻ പാകത്തിൽ പെലെ പന്ത് എത്തിച്ചു കൊടുത്ത ശൈലി. കറുത്ത മുത്തിൽ നിന്ന് പവിഴമുത്തു പോലെ പന്ത് കിട്ടിയത്രെ.
മറഡോണയുടെ പേരു ചാർത്തപ്പെട്ട രണ്ടു ഗോളും 1986 ൽ ആയിരുന്നു. ക്വാർട്ടർ ഫൈനലിൽ രണ്ടാം പകുതിയിൽ മറഡോണയും ജോർജ് വൽദാനോയും ഇംഗ്ലണ്ടിൻ്റെ ഗോൾ മുഖത്ത് മിന്നൽ പോലെയെത്തി. അപകടം ഒഴിവാക്കാൻ ഇംഗ്ലീഷ് താരം ഗ്ളെൻ ഹോഡ്സിൽ ബോക്സിനു തൊട്ടു മുന്നിൽ നിന്ന് ഗോളി പീറ്റർ ഷിൽട്ടന് ഒരു ഹാഫ് വോളി ബാക്ക് പാസ് നൽകി. കുതിച്ചെത്തിയ മറഡോണ ഉയർന്നു വന്ന പന്തിനിട്ട് ഇടതു കൈകൊണ്ട് ചെറിയൊരു കുത്തു കൊടുത്തു. മറഡോണ പിന്നീട് പറഞ്ഞതുപോലെ "ദൈവത്തിൻ്റെ കൈ കൊണ്ടാകാം " ,ഗോൾ പിറന്നു.
പക്ഷേ, അതേ മൽസരത്തിൽ രണ്ടാം പകുതിയുടെ പത്താം മിനിറ്റിൽ മറഡോണ നേടിയ ഗോൾ നൂറ്റാണ്ടിലെ തന്നെ മികച്ച ഗോൾ അയി വിശേഷിപ്പിക്കപ്പെട്ടു. സ്വന്തം പകുതിയിൽ നിന്നൊരു സോളോയ്ക്കു തുടക്കം. സെൻ്റർ സർക്കിളിൽ നാലു ഡിഫൻഡർമാരെ ഡ്റിബിൾ ചെയ്തു കടന്നു കയറിയപ്പോൾ മുന്നിൽ ഗോളി ഷിൽട്ടൻ മാത്രം. ഷിൽട്ടനെയും ഡ്രിബിൾ ചെയ്തു കടന്ന് പന്ത് വലയിലാക്കി.
പെലെയ്ക്കും മറഡോണയ്ക്കും നാലു ലോക കപ്പുകളുടെ കഥ പറയാനുണ്ട്.പക്ഷേ, മറഡോണയുടെ കഥയിൽ ചുവപ്പുകാർഡും ഉത്തേജകവുമെല്ലാം ഉൾപ്പെടും. പെലെ 1970 ലും മറഡോണ 94 ലും ആണ് അവസാനമായി ലോക കപ്പ് കളിച്ചത്. മറഡോണ പിന്നീട് കോച്ചായെത്തി. കാലമേറെ കഴിഞ്ഞു. പക്ഷേ, ഈ രണ്ട് ഇതിഹാസ താരങ്ങൾ ഉയരങ്ങളിൽ തന്നെ നിൽക്കുന്നു. അതിലൊരാളുടെ ആഗ്രഹം സഫലമാക്കാനും മറ്റൊരാളുടെ സ്മരണകൾ ഉണർത്താനും തങ്ങളുടെ ദേശീയ ടീമുകൾ നിശ്ചയിച്ചുറച്ചാൽ സ്വപ്നതുല്യമായ ഫുട്ബോൾ കളി കാണാം.