വായുവില്‍ അന്ന് ഡീഗോ മറഡോണ ഒരു വര വരച്ചു... ''ഞങ്ങള്‍ അര്‍ജന്റീനക്കാര്‍ ചരിത്രപരമായി ഇവിടെയാണ്. കൊളംബിയ ഞങ്ങള്‍ക്ക് താഴെയും'' ഒരു ആറിഞ്ചോളം താഴ്ത്തി മറ്റൊരു വര കൂടി വായുവില്‍ വരച്ച് ആല്‍ബി സെലസ്റ്റകളുടെ ഫുട്‌ബോള്‍ ദൈവം അന്ന് തെല്ലൊര് അഹങ്കാരത്തോടെ പറഞ്ഞു നിര്‍ത്തി...
1994 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ കൊളംബിയയെ നേരിടുന്നതിനു തൊട്ടുമുമ്പായിരുന്നു അത്. ഡീഗോയ്ക്ക് അഹങ്കരിക്കാമായിരുന്നു അന്ന്. കാരണം 1986 ലോകകപ്പ് ജേതാക്കള്‍, 1990 ലോകകപ്പ് റണ്ണറപ്പ്, 1991, 93 കോപ്പാ അമേരിക്ക ജേതാക്കള്‍... ആകെ രണ്ട് ലോക കിരീടങ്ങളും 14 കോപ്പയും പേരിലുള്ളവര്‍. കൂടാതെ ലാറ്റിനമേരിക്കയില്‍ അന്ന് ഡീഗോയുടെ നേതൃത്വത്തില്‍ അര്‍ജന്റീന അക്ഷരാര്‍ത്ഥത്തില്‍ തേരോട്ടം നടത്തുന്ന സമയമായിരുന്നു.
അതേസമയം കൊളംബിയയാകട്ടെ അന്ന് തീരെ കുഞ്ഞന്മാരും. പേരിന് പറയാന്‍ പോലും ഒരു പ്രധാന കിരീടം അവര്‍ക്കില്ലായിരുന്നു. 90 ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നതു മാത്രമായിരുന്നു അവരുടെ ഏറ്റവും വലിയ നേട്ടം.
അതുമാത്രമായിരുന്നില്ല ഡീഗോയുടെ നാവിന് മൂര്‍ച്ച കൂട്ടിയത്. തുടരെ 33 മത്സരങ്ങളില്‍ അപരാജിതരായി കുതിച്ചുവന്ന അര്‍ജന്റീനയുടെ വിജയക്കുതിപ്പിന് കൊളംബിയ തടയിട്ടിട്ട് വെറും മൂന്നാഴ്ച മാത്രമേ ആയിരുന്നുള്ളു. കൊളംബിയയിലെ പ്രമുഖ നഗരമായ ബാരന്‍ക്വില്ലയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് നേരിട്ട അപ്രതീക്ഷിത തോല്‍വി ഡീഗോയെയും സംഘത്തെയും അത്രമേല്‍ മുറിവേല്‍പ്പിച്ചിരുന്നു.
അതിനു പക വീട്ടുകയെന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് അന്ന്, 1993 സെപ്റ്റംബര്‍ അഞ്ചിന് കളത്തില്‍ ഇറങ്ങിയത്. അതും സ്വന്തം മടയായ ബ്യൂണേഴ്‌സ് ഐറിസിലെ വിഖ്യാതമായ മോണ്യുമെന്റല്‍ സ്‌റ്റേഡിയത്തില്‍. കൊളംബിയക്കാര്‍ ചെയ്ത 'അക്ഷന്തവ്യ തെറ്റിന്' തങ്ങളുടെ ഡീഗോ പകവീട്ടുന്നത് കാണാന്‍ അന്നവിടെ തടിച്ചു കൂടിയത് 75,000 ആളുകള്‍.
എന്നാല്‍ ആകാശ നീലയും വെള്ളയും ഇടകലര്‍ന്ന ജഴ്‌സിയില്‍ ഇറങ്ങിയ അര്‍ജന്റീനയ്ക്ക് അന്ന് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു അത്. കുഞ്ഞന്മാര്‍ എന്നു കരുതിയിരുന്ന കൊളംബിയക്കാര്‍ അന്ന് കളം വാണപ്പോള്‍ ഇരുടീമുകളുടെയും നേര്‍ക്കുനേര്‍ പോരാട്ട ചരിത്രത്തില്‍ ഇന്നേവരെയുള്ള ഏറ്റവും വലിയ തോല്‍വിയായിരുന്നു അര്‍ജന്റീനയെ കാത്തിരുന്നത്.
ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയുടെയും റാമോണ്‍ ബെല്ലയുടെയും നേതൃത്വത്തില്‍ കളം പിടിച്ചുനിന്ന അര്‍ജന്റീനയ്ക്ക് ആദ്യപകുതി അവസാനിക്കാന്‍ അഞ്ച് മിനിറ്റ് ശേഷിക്കെയാണ് ചുവട് പിഴച്ചത്. ബാറിനു കീഴില്‍ ചിലന്തിവല നെയ്യുന്ന സെര്‍ജി ഗോയ്‌ക്കോച്ചയെന്ന ഇതിഹാസ ഗോള്‍കീപ്പര്‍ കാവല്‍ നില്‍ക്കുന്ന അര്‍ജന്റീന്‍ കോട്ടയ്ക്കുള്ളില്‍ 41-ാം മിനിറ്റില്‍ ഫ്രെഡ്ഡി റിങ്കണ്‍ പന്തെത്തിച്ചു.
സ്‌കോര്‍ ഒന്നേ പൂജ്യം... തങ്ങള്‍ കണ്ടത് എന്തെന്ന് വിശ്വസിക്കാനാവാതെ 75,000 കാണികള്‍ തരിച്ചിരുന്നുപോയ നിമിഷം. പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നു. ഡീഗോയും സംഘവും തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ രണ്ടാം പകുതിക്ക് ഇരുന്ന അവരെ നിരാശരാക്കി കൊളംബിയക്കാര്‍ കാളിയ മര്‍ദ്ദനമാടി. റിങ്കനൊപ്പം ഫൗസ്റ്റിനോ അസ്പ്രില്ലയെന്ന കില്ലര്‍ സ്‌ട്രൈക്കര്‍ കൂടിച്ചേര്‍ന്നതോടെ അര്‍ജന്റീനയ്ക്ക് മറുപടിയില്ലാതായി.
49, 72, 74, 84 മിനിറ്റുകളില്‍ എണ്ണം പറഞ്ഞ നാലു ഗോളുകള്‍ കൂടി... തങ്ങളുടെ വീട്ടുമുറ്റത്ത്, ബ്യൂണേഴ്‌സ് ഐറിസില്‍ ഒരു ലോകകപ്പ് യോഗ്യതാ മത്സരം തോറ്റിട്ടില്ലെന്ന അര്‍ജന്റീന്‍ അഹന്തയ്ക്ക് അവസാന ആണിയടിച്ച് അന്ന് കൊളംബിയ കൊലവിളി വിളിച്ചു. ആര്‍ക്കു മുന്നിലും കൂസാത്ത ഡീഗോ മറഡോണയെന്ന പച്ച മനുഷ്യന്‍ മത്സരശേഷം വിതുമ്പിക്കരയുന്നതിന് ലോകം സാക്ഷ്യം വഹിച്ചു...
''ഇവിടെ ഞങ്ങളുടെ ഫുട്‌ബോള്‍ അസ്തമിച്ചു'' എന്നാണ് അര്‍ജന്റീനയിലെ ഏറ്റവും പ്രചാരമുള്ള പത്രങ്ങളില്‍ ഒന്നായ ബ്യൂണേഴ്‌സ് ഐറിസ് ഹെറാള്‍ഡ് പിറ്റേന്ന് അച്ചുനിരത്തിയത്. ''നാണക്കേട്'' മറ്റൊരു പ്രമുഖ മാധ്യമമായ എല്‍ ഗ്രാഫീക്കോ എഴുതി. അതേ, അര്‍ജന്റീനക്കാരെ സംബന്ധിച്ച് അത് മരണത്തിന് തുല്യമായ ഒരു തോല്‍വിയായിരുന്നു. മരിക്കുവോളം ഡീഗോയും അത് മറന്നിട്ടുണ്ടായിരുന്നില്ല.
2018-ല്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തിനു മുന്നില്‍ അഭിമുഖത്തിനിരിക്കവെ ഫുട്‌ബോള്‍ കളത്തില്‍ ഏറ്റവും നിരാശ തോന്നിയ മുഹൂര്‍ത്തമേതെന്ന ചോദ്യത്തിന് ഡീഗോയ്ക്ക് മറുപടി ഒന്നേയുണ്ടായുള്ളു. അത് 1990 ലോകകപ്പ് ഫൈനല്‍ തോല്‍വിയോ, 1994 മയക്കുമരുന്ന് വിവാദമോ ആയിരുന്നില്ല.... കൊളംബിയന്‍ കാര്‍ണേജ് എന്നായിരുന്നു മറുപടി.
ആ ദുരന്തം നടന്നിട്ട് 31 വര്‍ഷം കഴിയുന്നു... ഡീഗോ മണ്‍മറഞ്ഞിട്ട് നാലു വര്‍ഷവും.... അതിനിടയില്‍ കൊളംബിയയുമായി പലകുറി അര്‍ജന്റീന മത്സരിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അന്നത്തെ ആ മാനക്കേടിന് ഒരു പകവീട്ടല്‍ പോലൊരു ജയം അവര്‍ക്ക് നേടാന്‍ കഴിഞ്ഞിട്ടില്ല. അതിനൊര് അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.
അര്‍ജന്റീനക്കാര്‍ക്ക് ഡീഗോ അര്‍മാന്‍ഡോ മറഡോണ എന്നാല്‍ ഫുട്‌ബോള്‍ ദൈവമാണ്, ലയണല്‍ മെസി ദൈവപുത്രനും. ഡീഗോ കൈവച്ച് അനുഗ്രഹിച്ച മെസിയാണ് ഇന്ന് അര്‍ജന്റീനയ്ക്ക് എല്ലാം. മൂന്നര പതിറ്റാണ്ടിന് ശേഷം തങ്ങളെ ലോകത്തിന്റെ നെറുകയിലേക്കു നയിച്ച ദൈവപുത്രന്‍...
മൂന്നു പതിറ്റാണ്ടിന് മുമ്പേറ്റ, ഇന്നുമുണങ്ങാത്ത ആ മുറിവിനു ലേപനമേകാന്‍ മെസിക്കാകുമോ? നാളെ പുലര്‍ച്ചെ ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ ഏറ്റവും വലിയ കാര്‍ണിവലായ കോപ്പാ അമേരിക്ക ഫൈനലില്‍ കൊളംബിയയെ നേരിടാന്‍ ആകാശനീലിമയും വെള്ളയും ഇടകലര്‍ന്ന ജഴ്‌സിയണിഞ്ഞ് മെസിയും സംഘവും ഇറങ്ങുമ്പോള്‍ ഓരോ അര്‍ജന്റീന്‍ ആരാധകനും ആഗ്രഹിക്കുന്നത് അതാണ്... ദൈവം പറഞ്ഞുവച്ച കടം വീട്ടാന്‍ ദൈവപുത്രനാകുമോ?... അര്‍ജന്റീനയ്ക്കു വേണ്ടി, അത്രമേല്‍ പ്രിയപ്പെട്ട ഡീഗോയ്ക്ക് വേണ്ടി ഇതുകൂടി നേടുമോ ലിയോ... വാമോസ് അര്‍ജന്റീന...