ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ഏര്‍പ്പെടുത്തിയ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ചര്‍ച്ച ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഫിഫ അധികൃതരുമായി രണ്ടു തവണ ചര്‍ച്ച നടത്തിയെന്നും കേന്ദ്രത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഫിഫ വിലക്ക് നീക്കാനും അണ്ടര്‍ 17 വനിത ലോകകപ്പിന് ഇന്ത്യക്ക് ആതിഥേയത്വം വഹിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ്, കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ഥന പ്രകാരം എഐഎഫ്എഫുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ, ജെ ബി പര്‍ധിവാല എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിഷയം പരിഗണിച്ചത്. വിലക്ക് നീക്കാനുള്ള നടപടികള്‍ തുടങ്ങണമെന്നായിരുന്നു കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചത്. എന്നാല്‍, അനുനയ നീക്കം നടക്കുന്നുണ്ടെന്ന് തുഷാര്‍ മേത്ത കോടതിയെ അറിയിക്കുകയായിരുന്നു. രണ്ട് ചര്‍ച്ചകള്‍ നടന്നു. ചില സമവായ നീക്കങ്ങള്‍ നടക്കുന്നുണ്ട്. ചര്‍ച്ചകളുടെ ഫലം വരുന്നതിനായി വിഷയം തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം കോടതി പരിഗണിച്ചിട്ടുണ്ട്.
എഎഫ്‌സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പിനായി ഗോകുലം കേരള ടീം ഉസ്‌ബെക്കിസ്ഥാനില്‍ എത്തിയിട്ടുണ്ടെന്നും ഫിഫ വിലക്ക് വന്നതിനാല്‍ മത്സരത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണെന്നും കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേഴ്സിനു വേണ്ടി അഭിഭാഷകന്‍ ഗോപാല്‍ ശങ്കര നാരായണന്‍ കോടതിയെ അറിയിച്ചു. എടികെ മോഹന്‍ ബഗാന്റെ എഎഫ്‌സി കപ്പ് മത്സരവും സംശയനിഴലിലാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഫിഫയ്ക്ക് കത്തെഴുതണമെന്നും സോളിസിറ്റര്‍ ജനറലിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
പുറത്തുനിനുള്ള ഇടപെടല്‍ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ഫിഫ വിലക്ക് ഏര്‍പ്പെടുത്തിയത്. ഏകകണ്ഠമായാണ് ഫിഫ കൗണ്‍സില്‍ തീരുമാനമെടുത്തത്. അതോടെ, ഒക്ടോബറില്‍ നിശ്ചയിച്ചിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഉള്‍പ്പെടെ ഇന്ത്യക്ക് നഷ്ടമാകുമെന്ന സ്ഥിതിയായി. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വിലയിരുത്തുന്നുണ്ട്. ആവശ്യമെങ്കില്‍ വിഷയം കൗൺസില്‍ ബ്യൂറോയ്ക്ക് കൈമാറും. ഇന്ത്യയിലെ യുവജനകാര്യ, കായിക മന്ത്രാലയവുമായി നിരന്തരം ക്രിയാത്മക ബന്ധം പുലര്‍ത്തുന്നുണ്ട്. അനുകൂലമായ ഒരു ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഫിഫ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.