FOOTBALL

ചാമ്പ്യന്‍സ് ലീഗിലും തോല്‍വി; പിന്നാലെ ട്യൂഷലിന്റെ 'പണിപോയി'

വെബ് ഡെസ്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലും ടീമിന്റെ മോശം തുടക്കത്തെത്തുടര്‍ന്ന് സൂപ്പര്‍ പരിശീലകന്‍ തോമസ് ട്യൂഷലിനെ തെറിപ്പിച്ച് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സി. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് റൗണ്ടില്‍ ഇന്നലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ക്രൊയേഷ്യന്‍ ക്ലബ് ഡൈനാമോ സാഗ്രെബിനെതിരേ തോറ്റതിനു പിന്നാലെ ട്യൂഷലിനെ ചെല്‍സി പുറത്താക്കിയത്.

ഡൈനാമോയുടെ ഹോം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചെല്‍സിയുടെ തോല്‍വി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ 13-ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ താരം മിസ്ലാവ് ഓര്‍സിച്ചാണ് ആതിഥേയരുടെ വിജയഗോള്‍ നേടിയത്.

മത്സരം പൂര്‍ത്തിയായി അധികം വൈകാതെ ട്യുഷലിനെ പുറത്താക്കിക്കൊണ്ട് ചെല്‍സി മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു. റഷ്യന്‍ വ്യവസായി റോമന്‍ അബ്രമോവിച്ചിന്റെ പക്കല്‍ നിന്ന് ബ്ലൂകോ 22 ലിമിറ്റഡ് എന്ന കണ്‍സോര്‍ഷ്യം ടീമിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കി 100 ദിനം പിന്നിടുമ്പോഴാണ് ട്യൂഷലിന് സ്ഥാനം നഷ്ടമാകുന്നത്.

2021 ജനുവരി 26 നാണ് ക്ലബ്ബിന്റെ ഇതിഹാസ താരം ഫ്രാങ്ക് ലംപാര്‍ഡിനെ നീക്കി തോമസ് ട്യൂഷൽ പരിശീലകനായി വരുന്നത്. സ്ഥാനമേറ്റ വർഷം തന്നെ ക്ലബ്ബിനെ ചാമ്പ്യൻസ് ലീഗ് വിജയത്തിലേക്കും ആ വർഷത്തെ യുവേഫ സൂപ്പർ കപ്പ്, ക്ലബ് വേൾഡ് കപ്പ് കിരീടങ്ങളിലേക്കും നയിച്ചിരുന്നു. കഴിഞ്ഞ സീസണിൽ മുപ്പത്തെട്ട് മത്സരങ്ങളിൽ നിന്ന് 74 പോയിന്റുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാമതായിരുന്നു ചെൽസി.

ഈ സീസണില്‍ ടീമിന്റെ മോശം പ്രകടനമാണ് ട്യൂഷലിന്റെ പുറത്താകലിലേക്കു വഴിവച്ചത്. പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ആറു മത്സരങ്ങളില്‍ നിന്നു വെറും 10 പോയിന്റുമായി ആറാം സ്ഥാനത്താണ് ചെല്‍സി. ഇതിനു പിന്നാലെയായിരുന്നു ഇന്നലത്തെ ചാമ്പ്യന്‍സ് ലീഗ് തോല്‍വി. പുതിയ പരിശീലകനെ നിയമിക്കുന്നത് വരെ ട്യൂഷലിന്റെ സഹപരിശീലകര്‍ക്കാകും ടീമിന്റെ ചുമതല. നാളെ ഫുൾഹാമിനെതിരെയാണ് ചെൽസി യുടെ അടുത്ത മത്സരം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും