ഐഎസ്എല്ലിൽ ഇന്ന് എഫ്സി ഗോവ ചെന്നൈയിൻ എഫ്‌സിയെ നേരിടും. രാത്രി 7:30 ന് ചെന്നൈയിന്റെ മൈതാനത്താണ് മത്സരം. ഈ സീസണില്‍ ഇരു ടീമുകളും ലീഗിൽ തോൽവി അറിഞ്ഞിട്ടില്ല. രണ്ട് മത്സരം പൂർത്തിയാക്കിയ ചെന്നൈയിൻ ഒരു ജയവും സമനിലയും നേടിയപ്പോൾ, ആകെ കളിച്ച ഒരു മത്സരത്തിൽ ജയം നേടിയാണ് എഫ്‌സി ഗോവയുടെ വരവ്.
ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനെ തോൽപ്പിച്ച് തുടങ്ങിയ ചെന്നൈയിൻ രണ്ടാം മത്സരത്തിൽ ബെംഗളൂരു എഫ്‌സിയെ സമനിലയിൽ പിടിക്കുകയായിരുന്നു. പുതിയ കോച്ചിന് കീഴിൽ പക്വതയുള്ള പ്രകടനമാണ് ചെന്നൈയിൻ പുറത്തെടുക്കുന്നത്. കഴിഞ്ഞ കളിയിൽ ചുവപ്പ് കാർഡ് കണ്ടതിനെ തുടർന്ന് വിലക്ക് നേരിടുന്ന ഗോൾ കീപ്പർ ദേബ്ജിത് മജുംദാറിന്റെ സേവനം അവർക്ക് ലഭിക്കില്ല.
മറുവശത്ത് ജയത്തോടെ തുടങ്ങാനായത് എഫ്‌സി ഗോവക്ക് ആത്മവിശ്വാസം പകരുന്നതാണെങ്കിലും ആദ്യ മത്സരത്തിലെ പ്രകടനം അത്ര ആശാവാഹമല്ല. കളി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ എടു ബേഡിയയുടെ ഗോളിലാണ് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത്. എക്കാലവും എഫ്‌സി ഗോവയുടെ ശക്തിയായിരുന്ന മുന്നേറ്റ നിരയുടെ ഫോമിലാണ് അവരുടെ പ്രതീക്ഷകൾ. കഴിഞ്ഞ കളിയിൽ പുതിയ സൈനിങ് അൽവാരോ വാസ്‌കസിന് ഒരു ഷോട്ട് മാത്രമാണ് കണ്ടെത്താനായത്.
മുൻ വർഷങ്ങളിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഗോൾ മഴയായിരുന്നു ഐഎസ്എല്ലിൽ കണ്ടത്. എല്ലാ കളികളിലും ഗോളുകൾ വന്നു എന്നതും ഇവർ തമ്മിലുള്ള മത്സരങ്ങളുടെ പ്രത്യേകതയാണ്. ഇതുവരെ കളിച്ച 21 മത്സരങ്ങളിൽ നിന്ന് 79 ഗോളുകളാണ് ഇരു ടീമുകളും നേടിയത്. ഇതിൽ എഫ്‌സി ഗോവ നാല്പത്തിരണ്ടും ചെന്നൈയിന്‍ മുപ്പത്തിയേഴും ഗോളുകള്‍ നേടി. കഴിഞ്ഞ സീസണിൽ നടന്ന രണ്ട് മത്സരങ്ങളിലും (5 -0), (1-0) ഗോവയ്‌ക്കൊപ്പമായിരുന്നു ജയം.