Vipin Pawar
FOOTBALL

വീണ്ടും ഛേത്രി; മുംബൈയെ 'വീട്ടില്‍ വീഴ്ത്തി' ബെംഗളുരു

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 79-ാം മിനിറ്റില്‍ ഛേത്രി നേടിയ ഗോളാണ് മുംബൈയുടെ വിധിയെഴുതിയത്.

വെബ് ഡെസ്ക്

നായകന്‍ സുനില്‍ ഛേത്രി ഒരിക്കല്‍ക്കൂടി ബെംഗളുരു എഫ്.സിയുടെ രക്ഷകനായി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2022-23 സീസണിന്റെ ആദ്യ സെമിയുടെ ആദ്യപാദത്തില്‍ ഛേത്രിയുടെ ഗോളില്‍ ബെംഗളുരുവിന് ജയം. ഇന്ന് മുംബൈയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരും ടേബിള്‍ ടോപ്പറുമായ മുംബൈ സിറ്റി എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളുരു വീഴ്ത്തിയത്.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 79-ാം മിനിറ്റില്‍ ഛേത്രി നേടിയ ഗോളാണ് മുംബൈയുടെ വിധിയെഴുതിയത്. റോബിന്‍സിങ് എടുത്ത കോര്‍ണറില്‍ തലവച്ച് ഛേത്രി പായിച്ച ബുള്ളറ്റ് ഹെഡര്‍ അതുവരെ അക്ഷോഭ്യനായി നിന്ന മുംബൈ ഗോള്‍കീപ്പര്‍ ഫുര്‍ഭ ലാച്ചെന്‍പയെ മറികടന്നു വലയില്‍ക്കയറുകയായിരുന്നു.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യന്തം ആധിപത്യം പുലര്‍ത്തിയിട്ടും ഫിനിഷിങ്ങിലെ പോരായ്മയാണ് ബെംഗളുരുവിന് തിരിച്ചടിയായത്. മത്സരത്തില്‍ 20-ലധികം ഷോട്ടുകളാണ് ബെംഗളുരു ബോക്‌സിലേക്കു മുംബൈ തൊടുത്തത്. എന്നാല്‍ ലക്ഷ്യത്തിലേക്ക് തൊടുത്തത് കേവലം രണ്ടെണ്ണം മാത്രമാണ്. അതാകട്ടെ ബെംഗളുരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു തട്ടിയകറ്റുകയും ചെയ്തു.

കഴിഞ്ഞ മത്സരങ്ങളിലെ പോലെ പ്രതിരോധത്തിലൂന്നിയുള്ള കളി കെട്ടഴിച്ച ബെംഗളുരുവിനെതിരേ തുടക്കത്തിലേ ആക്രമണ ഫുട്‌ബോളാണ് മുംബൈ കാഴ്ചവച്ചത്. എന്നാല്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ അവര്‍ക്കായില്ല. ഗോള്‍രഹിതമായി അവസാനിച്ച ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയില്‍ കളി മാറുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

ഇടവേളയ്ക്കു ശേഷവും സ്‌കോര്‍ബോര്‍ഡ് ചലിക്കാതെ നിലകൊണ്ടു. ഒടുവില്‍ 79-ാം മിനിറ്റിലാണ് ഛേത്രി ബെംഗളുരുവിന്റെ രക്ഷകനായി ഒരിക്കല്‍ക്കൂടി അവതരിച്ചത്. ഇന്നത്തെ ഗോള്‍ നേട്ടത്തോടെ ഐ.എസ്.എല്ലില്‍ തന്റെ ഗോളെണ്ണം 55 ആക്കി ഉയര്‍ത്താനും ഛേത്രിക്കായി.

ഇന്നത്തെ ജയത്തോടെ ബെംഗളുരു ഫൈനലിലേക്ക് ഒരു ചുവട് അടുത്തു കഴിഞ്ഞു. ഇനി മാര്‍ച്ച് 12-ന് സ്വന്തം തട്ടകമായ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ ഒരു സമനില മാത്രം മതിയാകും അവര്‍ക്ക് കലാശപ്പോരിനുള്ള ടിക്കറ്റ് ഉറപ്പാക്കാന്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ