ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നു നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ കരുത്തരായ ലിവര്‍പൂളിനെ നിലംതൊടാതെ പറപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. സ്വന്തം തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം.
മത്സരത്തിന്റെ 17-ാം മിനിറ്റില്‍ അപ്രതീക്ഷിതമായി ലീഡ് വഴങ്ങിയ ശേഷം നാലു ഗോളുകള്‍ തിരിച്ചടിച്ചാണ് ചാമ്പ്യന്മാര്‍ കരുത്തുകാട്ടിയത്. അര്‍ജന്റീന്‍ യുവതാരം ജൂലിയന്‍ അല്‍വാരസ്, സൂപ്പര്‍ താരം കെവിന്‍ ഡിബ്രുയ്ന്‍, ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ഇല്‍കെ ഗുണ്ടോഗന്‍, ഇംഗ്ലീഷ് യുവതാരം ജാക്ക് ഗ്രീലിഷ് എന്നിവരാണ് സിറ്റിയ്ക്കായി സ്‌കോര്‍ ചെയ്തത്. സൂപ്പര്‍ താരം മുഹമ്മദ് സലയുടെ വകയായിരുന്നു ലിവര്‍പൂളിന്റെ ആശ്വാസഗോള്‍.
സ്വന്തം തട്ടകത്തില്‍ സിറ്റിയുടെ ആധിപത്യത്തോടെയായിരുന്നു മത്സരം ആരംഭിച്ചത്. ആറാം മിനിറ്റില്‍ തന്നെ ലിവര്‍പൂളിന്റെ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കറിനെ പരീക്ഷിച്ചു തുടങ്ങിയ സിറ്റി താരങ്ങളെയും നിറഞ്ഞ ഗ്യാലറിയെയും ഞെട്ടിച്ചു പക്ഷേ ലിവര്‍പൂളാണ് ആദ്യം സ്‌കോര്‍ ചെയ്തത്.
17-ാം മിനിറ്റിലാണ് കളിയുടെ ഗതിക്കു വിപരീതമായി ലിവര്‍പൂളിന്റെ ഗോള്‍ വന്നത്. സിറ്റി താരം മാനുവല്‍ അകാന്‍ജിയുടെ പ്രതിരോധപ്പിഴവില്‍ നിന്നായിരുന്നു ഗോള്‍. ലിവര്‍പൂള്‍ താരം അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് ഉയര്‍ത്തിയ നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ അകാന്‍ജി പരാജയപ്പെട്ടത് മുതലെടുത്തു പന്ത് പിടിച്ചെടുത്ത ഡിയോഗോ യോട്ട സലയ്ക്കു പാസ് ചെയ്യുകയായിരുന്നു.
ത്രൂപാസ് സ്വീകരിച്ച ഈജിപ്ഷ്യന്‍ താരം അനായാസം സിറ്റി ഗോള്‍കീപ്പര്‍ എഡേഴ്‌സണെ കബളിപ്പിച്ചു സ്‌കോര്‍ ചെയ്തതോടെ നിറഞ്ഞ സ്‌റ്റേഡിയം നിശബ്ദമായി. ലീഡ് നേടിയതിനു പിന്നാലെ ലിവര്‍പൂള്‍ തുടരെ തുടരെ നടത്തിയ ആക്രമണങ്ങള്‍ സിറ്റി ഗോള്‍കീപ്പര്‍ എഡേഴ്‌സന്റെ മികച്ച സേവുകള്‍ക്കു മുന്നില്‍ പരാജയപ്പെട്ടു.
ഞെട്ടിനിന്ന നാലു മിനിറ്റുകള്‍ക്കു ശേഷം സിറ്റിയുടെ തിരിച്ചുവരവിനാണ് എത്തിഹാദ് സാക്ഷ്യം വഹിച്ചത്. തുടര്‍ ആക്രമണങ്ങളില്‍ പതറിയ ശേഷം അതിവേഗം ഉണര്‍ന്ന അവര്‍ പിന്നീട് നിരന്തരം ലിവര്‍പൂള്‍ ഗോള്‍മുഖത്ത് ഭീഷണി സൃഷ്ടിച്ചു. പത്തു മിനിറ്റിനകം ഗോള്‍ മടക്കാനും അവര്‍ക്കായി.
മധ്യനിരയില്‍ ഡിബ്രുയ്ന്‍ തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത് ഗ്രീലിഷിന്റെ കാലില്‍. ഇംഗ്ലീഷ് യുവതാരം ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസ് അതി വിദഗ്ധമായി ആല്‍വാരസ് വലയിലെത്തിച്ചു. ആദ്യ പകുതിയില്‍ പിന്നീട് വീണ്ടും പലകുറി സിറ്റി ലിവര്‍പൂള്‍ ഗോള്‍മുഖം റെയ്ഡ് ചെയ്‌തെങ്കിലും ലീഡ് നേടാനായില്ല. മറുവശത്ത് ലിവര്‍പൂളും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.
1-1 എന്ന തുല്യനിലയില്‍ അവസാനിച്ച ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയില്‍ ലിവര്‍പൂളിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് സിറ്റി പുറത്തെടുത്തത്. ഇടവേള കഴിഞ്ഞ് ആദ്യ മിനിറ്റില്‍ തന്നെ അവര്‍ ലീഡ് നേടി. ഗോള്‍മുഖത്തിനു കുറുകെ റിയാദ് മഹ്‌റെസ് നല്‍കിയ ക്രോസ് പിടിച്ചെടുത്ത ഡിബ്രുയ്ന്‍ വലകുലുക്കി. സിറ്റി -2 ലിവര്‍പൂള്‍ -1.
ലീഡ് നേടിയ ശേഷം പിന്നീട് സിറ്റിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലേയേറ്റ പ്രഹരത്തില്‍ നിന്നു മുക്തരാകാന്‍ ലിവര്‍പൂളിനും പിന്നീട് കഴിഞ്ഞില്ല. ഒമ്പതു മിനിറ്റിനു ശേഷം ഗുണ്ടോഗനിലൂടെ സിറ്റി മൂന്നാം ഗോളും കണ്ടെത്തി. മഹ്‌റെസ് തുടങ്ങിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്.
മഹ്‌റെസ് നല്‍കിയ പാസില്‍ നിന്ന് ആല്‍വാരസ് തൊടുത്ത ഷോട്ട് ലിവര്‍പൂള്‍ താരം അര്‍നോള്‍ഡ് തട്ടിയകറ്റിയത് ഓടിയെത്തിയ ഗുണ്ടോഗന്റെ കാലുകളിലേക്ക്. തളികയിലെന്നവണ്ണം ലഭിച്ച അവസരം താരം പാഴാക്കിയില്ല. സിറ്റി -3 ലിവര്‍പൂള്‍ -1.
ഇതോടെ തളര്‍ന്ന ലിവര്‍പൂളിന്റെ വിവശതയിലേക്ക് 74-ാം മിനിറ്റില്‍ നാലാം ഗോളും ചേര്‍ത്തുവച്ച് സിറ്റി പട്ടിക പൂര്‍ത്തിയാക്കി. ഇക്കുറി ഗ്രീലിഷിന്റെ ഊഴമായിരുന്നു. ഡിബ്രുയ്ന്‍ നല്‍കിയ പാസില്‍ നിന്നായിരുന്നു ഇംഗ്ലീഷ് യുവതാരത്തിന്റെ ഗോള്‍. ശേഷിച്ച മിനിറ്റുകളില്‍ അഞ്ചാം ഗോളിനായി സിറ്റി താരങ്ങള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ലിവര്‍പൂള്‍ പിടിച്ചു നിന്നു.
ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലുമായുള്ള പോയിന്റ് വ്യത്യാസം ഏഴാക്കി കുറയ്ക്കാനും സിറ്റിക്കായി. 28 മത്സരങ്ങള്‍ ആഴ്‌സണല്‍ 69 പോയിന്റുമായി ഒന്നാമതും സിറ്റി 62 പോയിന്റുമായി രണ്ടാമതുമാണ്. 27 മത്സരം കളിച്ച ലിവര്‍പൂള്‍ 43 പോയിന്റുമായി ആറാം സ്ഥാനത്തും.