ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കൊടുവില്‍ ഏറ്റുമുട്ടുന്ന രണ്ടു ടീമിന്റെയും പരിശീലകര്‍ പരസ്പരം ഹസ്തദാനം ചെയ്തു പിരിയുന്നതാണ് പതിവ്. എന്നാല്‍ ഹസ്തദാനം ചെയ്തത് ശരിയായില്ലെന്നതിന്റെ പേരില്‍ തമ്മില്‍ത്തല്ല് നടത്തുകയെന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ്. അത്തരമൊരു സംഭവത്തിനാണ് ഇന്നലെ സ്റ്റാംഫോര്‍ഡ് ബ്രിഡജ് സാക്ഷ്യം വഹിച്ചത്. കലഹിച്ചത് നിസാരക്കാരുമല്ല. ഹോം ടീമായ ചെല്‍സിയുടെ പരിശീലകന്‍ തോമസ് ട്യുഷേലും സന്ദര്‍ശക ടീമായ ടോട്ടനം ഹോട്‌സ്പറിന്റെ പരിശീലകന്‍ അന്റോണിയോ കോന്റെയുമാണ്.
ആവേശകരമായ മത്സരം 2-2 എന്ന സ്‌കോറില്‍ സമനിലയില്‍ പിരിയുകയായിരുന്നു. ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഹാരി കെയ്ന്‍ നേടിയ ഗോളിലാണ് മൂന്നു പോയിന്റുകള്‍ ഉറപ്പിച്ചിരുന്ന ചെല്‍സി ഞെട്ടിച്ച് ടോട്ടനം സമനില നേടിയത്. മത്സരശേഷം പിരിയവെ കോന്റെ മുഖത്തുനോക്കാതെ ഹസ്തദാനം ചെയ്തതാണ് ട്യൂഷലിനെ ചൊടിപ്പിച്ചത്. ഇത് കാരണം ചെൽസി പരിശീലകൻ തോമസ് ട്യൂഷല്‍ കോന്റെയുടെ കൈ വിടാൻ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ കോന്റെ ട്യൂഷലിന് നേരെ എന്ത് വേണം എന്ന് ആക്രോശിച്ചു കൊണ്ട് തിരിഞ്ഞതോടെയാണ് കയ്യാങ്കളി നടന്നത്. മറ്റു സ്റ്റാഫുകളും സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ടാണ് ഇരുവരെയും പിടിച്ച് മാറ്റിയത്.
19-ാം മിനിറ്റില്‍ തന്നെ കലിഡൗ കൗലിബാലിയുടെ ഗോളില്‍ ചെല്‍സി ലീഡ് നേടിയിരുന്നു. ആദ്യ പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്തിയ ആതിയേര്‍ക്കെതിരേ 68-ാം മിനിറ്റില്‍ പിയറി എമില്‍ ഹോയ്‌ബെര്‍ഗാണ് ടോട്ടനത്തിനെ ഒപ്പമെത്തിച്ചത്. എന്നാല്‍ ഒമ്പതു മിനിറ്റിനകം ചെല്‍സി വീണ്ടും മുന്നിലെത്തി. ഇക്കുറി റീസ് ജയിംസാണ് ലക്ഷ്യം കണ്ടത്. ജയിംസിന്റെ ഗോള്‍ നേട്ടം ട്യൂഷല്‍ അത്യാവേശത്തോടെ ആഘോഷിച്ചിരുന്നു. ടച്ച് ലൈനില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയുള്ള ട്യൂഷലിന്റെ ആഹ്‌ളാദപ്രകടനം കോന്റെയെ അസ്വസ്ഥനാക്കുകയും ചെയ്തിരുന്നു. പിന്നീട് അവസാന മിനിറ്റുകളില്‍ സമനില ഗോളിനായുള്ള ശ്രമം കെയ്‌നിലൂടെ സാധിച്ചെടുത്ത ടോട്ടനം ഒരു പോയിന്റ് സ്വന്തമാക്കി. ഇതിനു പിന്നാലെയായിരുന്നു ട്യൂഷലും കോന്റെയും ഏറ്റുമുട്ടിയത്.
കളിക്ക് ശേഷമുള്ള കയ്യാങ്കളിയിൽ റഫറി ഇരു പരിശീലകർക്കും എതിരെ ചുവപ്പ് കാർഡ് കാട്ടി. മത്സരത്തിലുടനീളം മുഖ്യ റഫറിയുടെ തീരുമാനത്തിൽ അസംതൃപ്തനായിരുന്നു ട്യൂഷല്‍. പലകുറി ഫോര്‍ത്ത് ഒഫീഷ്യലിനോട് ഇതു സംബന്ധിച്ച് അദ്ദേഹം പരാതിപ്പെടുകയും ചെയ്തിരുന്നു. ചെൽസിക്ക് അനുകൂലമായ പല ഫൗളുകളും റഫറി കണ്ടില്ലെന്നു നടിക്കുകയായിരുന്നുവെന്നു മത്സരശേഷം ട്യൂഷല്‍ തുറന്നടിച്ചിരുന്നു.
ട്യൂഷലിനെതിരെ സാമൂഹ്യമാധ്യമത്തിലും കോന്റെ രംഗത്തെത്തി. മത്സരത്തിലെ ഒരു ചിത്രം പങ്ക് വച്ച് കൊണ്ടുള്ള കോന്റെയുടെ കുറിപ്പ് ഫുട്ബോൾ ആരാധകർക്കിടയിൽ സംസാരമായി. ചെൽസി രണ്ടാമത് ഗോൾ നേടിയപ്പോളുള്ള ചെൽസി പരിശീലകന്റെ ആഘോഷം ഞാൻ കണ്ടില്ല, കണ്ടിരുന്നേൽ മറിച്ചിട്ടേനെ എന്നാണ് പരിശീലകൻ സ്മൈലിയോടെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.