കോപ്പ അമേരിക്കയില്‍ സെമി ഫൈനലില്‍ പ്രവേശിച്ച് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. ക്വാർട്ടറില്‍ ഇക്വഡോറിനെ പെനാൽറ്റി ഷൂട്ടൗട്ടില്‍ (4-2) പരാജയപ്പെടുത്തിയാണ് മുന്നേറ്റം. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. അർജന്റീനയ്ക്കായി ലിസാൻഡ്രൊ മാർട്ടിനസും (35') ഇക്വഡോറിനായി അവസാന നിമിഷത്തില്‍ കെവിൻ റോഡ്രിഗസുമാണ് സ്കോർ ചെയ്തത്.
ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാടിയ മത്സരത്തില്‍ അർജന്റീനയും മുന്നേറ്റ നിരയെ പ്രതിരോധ മികവുകൊണ്ടായിരുന്നു ഇക്വഡോർ കീഴടക്കിയത്. പന്തടക്കത്തിലും മുന്നേറ്റത്തിലും ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. മത്സരത്തിന്റെ 35-ാം മിനുറ്റിലായിരുന്നു ഗോള്‍ ശൂന്യത അവസാനിച്ചത്. മക് അലിസ്റ്ററിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ലിസാൻഡ്രൊ ഗോള്‍ നേടിയത്.
62-ാം മിനുറ്റില്‍ ഒപ്പമെത്താനുള്ള സുവർണാവസരം ലഭിച്ചെങ്കിലും എന്നർ വാലൻസിയ പെനാലിറ്റി പാഴാക്കി. കളി അവസാനിക്കാൻ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇക്വഡോർ സമനില പിടിച്ചത്. യെബോയുടെ അസിസ്റ്റില്‍ റോഡ്രിഗസിന്റെ ഹെഡറാണ് ഇക്വഡോറിനെ തുണച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും സമനില പാലിച്ചതോടെ കളി പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
ഷൂട്ടൗട്ടില്‍ വീണ്ടും എമിലിയാനൊ മാർട്ടിനസ് അർജന്റീനയുടെ രക്ഷകനാകുകയായിരുന്നു. ഇക്വഡോറിന്റെ എയ്‌ഞ്ചല്‍ മെനയുടേയും അലൻ മിൻഡയുടേയും കിക്കുകള്‍ എമി തടഞ്ഞു. അർജന്റീനയ്ക്കായി ഹൂലിയൻ ആല്‍വാരസ്, മക് അലിസ്റ്റർ, ഗോണ്‍സാലൊ മോണ്ടിയേൽ, നിക്കാളോസ് ഒറ്റമെൻഡി എന്നിവരാണ് ലക്ഷ്യം കണ്ടത്. ആദ്യ കിക്കെടുത്ത മെസിക്ക് പിഴച്ചു.