FOOTBALL

അധിക്ഷേപങ്ങള്‍ക്ക് ഉത്തരം കളത്തില്‍; വിനി വിസ്മയം

ബ്രസീല്‍ ഫുട്ബോളിന്റെ എല്ലാം സൗന്ദര്യവും ആവാഹിച്ച വിനീഷ്യസിന്റെ ബൂട്ടുകളായിരുന്നു മൈതാനത്ത് കണ്ടത്

ഹരികൃഷ്ണന്‍ എം

എനിക്ക് ഫുട്ബോള്‍ കളിക്കാന്‍ മാത്രമാണ് ആഗ്രഹം. പക്ഷേ, മുന്നോട്ടുപോകുന്നത് കഠിനമായിരിക്കുന്നു. കളിക്കാനുള്ള താല്പര്യം കുറയുകയാണ്. 2024 മാർച്ച് 25, വംശീയ അധിക്ഷേപങ്ങളുടെ നീണ്ട അധ്യായങ്ങളിലെ മറ്റൊരു എടായി ഒരു ഇരുപത്തിമൂന്നുകാരൻ മാറിയ ദിനം. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അന്ന് അവൻ പൊട്ടിക്കരഞ്ഞു. നാല് മാസങ്ങള്‍ക്കിപ്പുറം, അങ്ങ് അമേരിക്കയില്‍, പുല്‍മൈതാനത്ത് പന്തുകൊണ്ട് അത്ഭുതമാവുകയാണ് അവൻ. വിനീഷ്യസ് ജോസ് പൈക്‌സൊ ഡി ഒലിവെയ്‌ര ജൂനിയർ.

ഫുട്ബോളിന്റെ താളത്തിനൊത്ത് ചലിക്കുന്ന ജനതയ്ക്ക് നിരാശ സമ്മാനിക്കുന്നതായിരുന്നു കോപ്പ അമേരിക്ക ഫുട്ബോളിലെ ബ്രസീലിന്റെ ആദ്യ മത്സരം. കോസ്റ്റാറിക്കയുടെ പാർക്കിങ് ദ ബസ് തന്ത്രം മറികടക്കാനായില്ല വിനീഷ്യസിന്. അന്ന് ഗ്യാലറിയിലുണ്ടായിരുന്നു ബ്രസീല്‍ ഫുട്ബോളിന്റെ സുല്‍ത്താൻ. മുഖമുയർത്തി നോക്കാൻ പോലുമാകാതെ നിരാശയില്‍. ക്രൂസും മോഡ്രിച്ചും കാർവാഹാലുമില്ലാതെ വിനീഷ്യസിനാകില്ലെന്ന് പലരും പറഞ്ഞു. അവർക്കുള്ള ഉത്തരം അമേരിക്കയിലെ അല്ലെജിയന്റ് സ്റ്റേഡിയത്തിലുണ്ട്.

സാമ്പ താളം ഈ കോപ്പയില്‍ ഏറ്റവും ഉച്ചത്തില്‍ കേട്ട നിമിഷത്തിലേക്ക്. മത്സരത്തിന്റെ 34-ാം മിനുറ്റ്. ഗിമിറായിസില്‍ നിന്ന് പന്ത് ഇടതുവിങ്ങിലുള്ള വിനീഷ്യസിലേക്ക്. പന്ത് റോഡ്രിഗോയ്ക്ക് കൈമാറി വിനീഷ്യസ് ബോക്സിനുള്ളിലേക്ക് കുതിച്ചു. റോഡ്രിഗൊയില്‍ നിന്ന് പന്ത് വീണ്ടും പിന്നോട്ട്, ഗിമിറായിസിലേക്ക്, തുടർന്ന് ബോക്സിനരികില്‍ പക്വേറ്റയിലേക്ക്. പക്വേറ്റയുടെ വണ്‍ ടച്ച് പാസ്. വിനിഷ്യസിന്റെ ഫിനിഷ്, ഗോള്‍, അതിസുന്ദരം. ഗ്യാലറിയിലേക്ക് കൈകളുയർത്തി വിനീഷ്യസ് പറഞ്ഞു, വാമോസ്.

ഇതെല്ലാം സംഭവിക്കുമ്പോള്‍ പരാഗ്വേയുടെ പ്രതിരോധനിര കേവലം കാഴ്ചക്കാർ മാത്രമായി മാറുകയായിരുന്നു, അവരും അത് ആസ്വദിക്കുകയായിരുന്നോ എന്ന് പോലും തോന്നി. സാന്റിയാഗോ ബെർണാബ്യൂവില്‍ തുടങ്ങി വെംബ്ലിവരെ നീണ്ട ഗ്യാലറികളെ ത്രസിപ്പിച്ച അതേ ഡ്രിബിളിങ്, വേഗത, ഫിനിഷിങ്...കോപ്പയില്‍ വിനിഷ്യസ് വരവറിയിച്ചിരിക്കുന്നു.

ബ്രസീല്‍ ഫുട്ബോളിന്റെ എല്ലാം സൗന്ദര്യവും ആവാഹിച്ച വിനീഷ്യസിന്റെ ബൂട്ടുകളായിരുന്നു മൈതാനത്ത് കണ്ടത്. അതേ താളത്തിനൊത്ത് ബ്രസീലും. രണ്ടാം പകുതിയുടെ അവസാന നിമിഷം ആല്‍ദരതയുടെ കണക്കുകൂട്ടലുകളെ മറികടന്നു വിനീഷ്യസിന്റെ വേഗത, ആ ബുട്ടുകളില്‍ നിന്ന് രണ്ടാം ഗോള്‍. കോർണറിലേക്ക് ഓടിയെത്തി വിനീഷ്യസ് കാതോർത്തു. അധിക്ഷേപം ചൊരിഞ്ഞവരുടേയും വിമർശനം തൊടുത്തവരുടേയും ശബ്ദമുണ്ടായിരുന്നില്ല. വിനീഷ്യസിനായി ആർത്തിരമ്പുന്നവർ മാത്രം.

പിന്നീടിങ്ങോട്ട് പാരാഗ്വേ പ്രതിരോധത്തെ നിരന്തരം കബളിക്കുകയായിരുന്നു വിനീഷ്യസ്, കാണികള്‍ക്ക് വിരുന്നൊരുക്കുകയായിരുന്നു. അത്രമേല്‍ സുന്ദരമായിരുന്നു വിനീഷ്യസിന്റെ ബൂട്ടുകളില്‍ പന്തെത്തിയ ഓരോ നിമിഷവും. റെയിൻബൊ ഫ്ലിക്ക്, എലാസ്റ്റിക്കൊ, സ്റ്റെപ്പ് ഓവറുകള്‍...ഒരേ സമയം മനുഷ്യനും മാന്ത്രികനുമായി വിനീഷ്യസ്, പരാഗ്വേ പ്രതിരോധതാരങ്ങള്‍ പലതവണ വിനീഷ്യസിന് മുന്നില്‍ ഉത്തരമില്ലാതെ മൈതാനത്ത് പതിച്ചു.

പരാഗ്വേയും ബ്രസീലും മുന്നേറ്റത്തിലും പന്തടക്കത്തിലും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തില്‍ ഇരുടീമുകളേയും വേർതിരിച്ചത് വിനീഷ്യസായിരുന്നു. വിമർശകർക്കായി വിനീഷ്യസ് മാത്രമല്ല ബ്രസീലും കാത്തുവെച്ച നിമിഷം. പക്വേറ്റയുടേയും സാവിയോയുടേയും ഗോളുകള്‍ വിജയത്തിന്റെ തിളക്കം കൂട്ടുകയായിരുന്നു. കോസ്റ്റാറിക്കയ്ക്കെതിരെ നിരാശ പടർന്ന നെയ്‌മറിന്റെ മുഖത്ത് ഇന്ന് ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയായിരുന്നു. ബ്രസീലിന്റെ തിരിച്ചുവരവിന്റെ സൂചന കൂടിയായി ഈ മത്സരം.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി