കോപ്പ അമേരിക്കയില്‍ സെമി ഫൈനല്‍ കാണാതെ ബ്രസീല്‍ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വേയോട് പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു പരാജയം (4-2). നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായിരുന്നില്ല. ബ്രസീലിനായി കിക്കെടുത്ത എഡര്‍ മിലിറ്റാവോയ്ക്കും ഡഗ്ലസ് ലൂയിസിനും പിഴയ്ക്കുകയായിരുന്നു. അഞ്ചില്‍ നാലു കിക്കുകളും ഉറുഗ്വേ വലയിലാക്കി. സെമിയില്‍ കൊളംബിയയാണ് ഉറുഗ്വേയുടെ എതിരാളികള്‍.
ഇരുടീമുകളും ശാരീരികമായിക്കൂടി പോരാടിയ മത്സരത്തിലുടനീളം 41 ഫൗളുകളായിരുന്നു വന്നത്. പന്തടക്കത്തില്‍ ബ്രസീലിന്റെ ആധിപത്യം കണ്ട മത്സരത്തില്‍ മുന്നേറ്റങ്ങളില്‍ ഉറുഗ്വേയ്ക്കായിരുന്നു മുൻതൂക്കം. ബ്രസീല്‍ ഗോള്‍മുഖത്തേക്ക് 12 തവണയായിരുന്നു ഉറുഗ്വേ ഷോട്ടുതിർത്തത്. എന്നാല്‍ ലക്ഷ്യത്തിലെത്തിയത് ഒന്നുമാത്രമായിരുന്നു. മറുവശത്ത് ഏഴ് തവണ ബ്രസീല്‍ ഷോട്ടുതൊടുത്തു, മൂന്നെണ്ണം ലക്ഷ്യത്തിലെത്തി.
വിനീഷ്യസ് ജൂനിയറിന്റെ അഭാവത്തിലെത്തിയ ബ്രസീലിന് ലഭിച്ച സുവർണാവസരങ്ങള്‍ മുതലെടുക്കാനാകാതെ പോയതാണ് തിരിച്ചടിയായത്. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കളി നീളുകയായിരുന്നു. ഉറുഗ്വേയ്ക്കായി ആദ്യ കിക്കെടുത്ത ഫെഡറിക്കൊ വാല്‍വെർദെ ലക്ഷ്യം കണ്ടപ്പോള്‍ മറുവശത്ത് ബ്രസീലിന്റെ മിലിറ്റാവോയ്ക്ക് പിഴയ്ക്കുകയായിരുന്നു.
പിന്നീട് റോഡ്രിഗൊ ബെൻറ്റാൻകറും ജോർജിയൻ ഡി അരാസ്കറ്റയും തുടരെ ലക്ഷ്യം കണ്ടു ഉറുഗ്വേയ്ക്കായി. ബ്രസീലിന്റെ അഡ്രിയാസ് പെരേര രണ്ടാം കിക്ക് വലയിലെത്തിച്ചപ്പോള്‍ ഡഗ്ലസ് ലൂയിസിന് തെറ്റി. ഇതോടെ ഉറുഗ്വേയ്ക്ക് മുൻതൂക്കം ലഭിക്കുകയായിരുന്നു. പക്ഷേ, ഹോസെ മരിയക്ക് അടുത്ത കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഉറുഗ്വേയ്ക്ക് വിജയം സമ്മാനിക്കാനായില്ല.
ഗബ്രിയേല്‍ മാർട്ടിനെല്ലിയിലൂടെ ബ്രസീലിന്റെ തിരിച്ചുവരവ് കണ്ടെങ്കിലും മാനുവല്‍ ഉഗാർതെ ഉറുഗ്വേയുടെ ജയം ഉറപ്പിക്കുകയായിരുന്നു.