ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗില്‍ ഗോകുലം കേരള എഫ്സിയെ ഇന്ത്യന്‍ താരം ഡാങ്മി ഗ്രേസ് നയിക്കും. എട്ട് കേരള താരങ്ങളും മൂന്ന് വിദേശികളും പന്ത്രണ്ട് ഇന്ത്യന്‍ ദേശീയ ടീമംഗങ്ങളുമടങ്ങുന്ന ശക്തമായ 27 അംഗ സംഘത്തെയാണ് നിലവിലെ ചാമ്പ്യന്മാരായ ഗോകുലം അണിനിരത്തുന്നത്. ഏപ്രില്‍ 26-നാണ് ലീഗ് ആരംഭിക്കുന്നത്.
സ്പോര്‍ട്സ് കേരള - ഗോകുലം ഫുട്ബോള്‍ അക്കാദമിയില്‍ നിന്നുള്ള ക്രിസ് മരിയ സാജു, ആരതി പിഎം, ഷില്‍ജി ഷാജി, ഗ്രീഷ്മ എംപി. എന്നീ മൂന്ന് കേരള താരങ്ങളാണ് ടീമില്‍ ഇടംപിടിച്ചത്. യുവതാരങ്ങളെ വനിതാ ഫുട്ബോളിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 15 വയസുകാരിയായ കേരള ഗോള്‍കീപ്പര്‍ മിന്‍ഹ എപിയെയും ഗോകുലം സൈന്‍ ചെയ്തിട്ടുണ്ട്.
ഏപ്രില്‍ 26 ന് ട്രാന്‍സ് സ്റ്റേഡിയയില്‍ വൈകുന്നേരം 4.30 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മലബാറിയന്‍സ് ഈസ്റ്റ് ബംഗാളിനെ നേരിടും. ലീഗ്-കം-നോക്കൗട്ട് ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് മത്സരങ്ങളാണ് ഗോകുലം കളിക്കുക. രണ്ട് ഗ്രൂപ്പുകളിലായി നാല് ടീമുകള്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കും. കഴിഞ്ഞ തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ച ആന്റണി ആന്‍ഡ്രൂ സാംസണാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.