റെഡ് കാര്‍ഡുകള്‍ ഫുട്ബോളിലെ സ്ഥിരം സാന്നിധ്യമാണ്. തന്റെ അരങ്ങേറ്റ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഡേവിഡ് ബെക്കാം പ്രീ ക്വാര്‍ട്ടറില്‍ ഒരു അര്‍ജന്റീനിയന്‍ കളിക്കാരനെ ഫൗള്‍ ചെയ്ത് ചുവപ്പ് കാര്‍ഡ് നേടിയത് ലോകകപ്പ് ചരിത്രത്തിലെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമാണ്. 1998ല്‍ അര്‍ജന്റീനയുമായുള്ള കളിയിലെ ഫൗള്‍ പ്രശസ്തിയെക്കാള്‍ കുപ്രസിദ്ധി നേടിക്കൊടുത്തു. എന്നാല്‍ ആ റെഡ് കാര്‍ഡ് അവിടെ അനുയോജ്യമായിരുന്നോ എന്നത് വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു സംശയമായി നില നില്‍ക്കുന്നു.
യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബെക്കാമിനെ ആദ്യ രണ്ട് ഗ്രൂപ്പ് ഗെയിമുകളിലും കോച്ച് ഇറക്കിയിരുന്നില്ല. നോക്കൗട്ടിലേക്ക് യോഗ്യത നേടാന്‍ ഇംഗ്ലണ്ടിന് കൊളംബിയക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ജയം അനിവാര്യമായൊരു ഘട്ടം വന്നു. ആ മത്സരത്തില്‍ ബെക്കാമിനെ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്തി. മത്സരത്തിന്റെ 29-ാം മിനിറ്റില്‍ ബെക്കാമിന്റെ ഫ്രീക്കിക്കിലൂടെ ഇംഗ്ലണ്ട് നോക്കൗട്ട് സാധ്യത ഉറപ്പാക്കി. അതോടെ ബെക്കാം ഒരു ഹീറോ ആവുകയായിരുന്നു.
പ്രീക്വാര്‍ട്ടര്‍ പോരാട്ടം അര്‍ജന്റീനയ്ക്കെതിരെയായിരുന്നു. രണ്ടു രാജ്യങ്ങളും തമ്മില്‍ ഒട്ടും സ്വരച്ചേര്‍ച്ചയിലല്ലാത്ത കാലഘട്ടത്തില്‍ ചെറിയൊരു തീപ്പൊരി മതിയായിരുന്നു ആളിപ്പടരാന്‍.
ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വിയറിയാതെ നിന്ന അര്‍ജന്റീന ഉയര്‍ന്ന ആത്മവിശ്വാസത്തിലാണ് കളിക്കാന്‍ ഇറങ്ങിയത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ കരുത്തിന് മുന്നില്‍ അര്‍ജന്റീന ചെറുതായൊന്ന് പതറി. ഹാഫ് ടൈമിന് തൊട്ടു മുന്‍പ് മൈക്കല്‍ ഓവന്റെ നിര്‍ണായക ഗോളില്‍ ഇംഗ്ലണ്ട് ലീഡെടുത്തു. ഹാഫ് ടൈമിന് ശേഷം ഹാവിയര്‍ സാനെറ്റിയുടെ ഫ്രീകിക്കിലൂടെ അര്‍ജന്റീന ഇംഗ്ലണ്ടുമായി സമനിലയിലെത്തി.
പിന്നീടാണ് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞത്. അര്‍ജന്റീന ക്യാപ്റ്റന്‍ ഡീഗോ സിമിയോണിയുടെ മുന്നേറ്റത്തിനിടെ ബെക്കാമിനെ ഫൗള്‍ ചെയ്ത് വീഴ്ത്തി. നിലത്തു വീണ ബെക്കാം തന്റെ വലതുകാലുയര്‍ത്തി പുറകില്‍ നില്‍ക്കുന്ന സിമിയോണിയെ ചവിട്ടി. സിമിയോണി നിലത്തു വീണതോടെ റഫറി ബെക്കാമിനു നേരെ ചുവപ്പ് കാര്‍ഡ് ഉയര്‍ത്തുകയായിരുന്നു. 10 പേരായി കുറഞ്ഞുവെങ്കിലും 2-2 എന്ന സ്‌കോര്‍ നിലനിര്‍ത്തിയ ഇംഗ്ലണ്ട് കളി പെനാല്‍റ്റി വരെ എത്തിച്ചു. എന്നാല്‍ മികച്ച പെനാല്‍റ്റി ടേക്കര്‍മാരില്‍ ഒരാളായ ബെക്കാം പുറത്തായതോടെ അര്‍ജന്റീന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 ന് ഇംഗ്ലണ്ടിനെ പുറത്താക്കി ക്വാര്‍ട്ടറില്‍ കടന്നു. എന്നാല്‍ അതിനു ശേഷം ആ ലോകകപ്പില്‍ പിന്നീട് ഒരു കളി മാത്രമേ അര്‍ജന്റീനയ്ക്ക് കളിക്കാന്‍ കഴിഞ്ഞുള്ളു. സിമിയോണിയുടെ പിഴവിലൂടെ തന്നെ ഹോളണ്ടിനോടുള്ള മത്സരത്തില്‍ നിന്ന് അര്‍ജന്റീന തോറ്റ് പുറത്തായി.
വിവാദമായ ആ റെഡ്കാര്‍ഡിനു ശേഷം പിന്നീടു വന്ന എല്ലാ ലോകകപ്പിലും അര്‍ജന്റീനയുടെ പരാജയത്തിന് കാരണമയത് ഏതെങ്കിലുമൊരു ഡിഫന്റര്‍ ആയിരുന്നു. 2002 ല്‍ അര്‍ജന്റീന താരം വെറോണ ബെക്കാമിനെ ഫൗള്‍ ചെയ്തു. അതിലൂടെ ലഭിച്ച പെനാല്‍റ്റിയിലൂടെ ഗോള്‍ സ്‌കോര്‍ ചെയ്ത ബെക്കാം അര്‍ജന്റീനയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയുമടിച്ചു. വിധിയുടെ മനോഹരമായ വഴിത്തിരിവായിരുന്നു ബെക്കാം നേടിയ ഇംഗ്ലണ്ടിന്റെ വിജയഗോള്‍. അന്ന് 1998 ലോകകപ്പില്‍ അര്‍ജന്റീനയ്ക്കെതിരെ പ്രീക്വാര്‍ട്ടറില്‍ ബെക്കാമിനെ പുറത്താക്കിയിരുന്നില്ലെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്നതിനുള്ള ഉത്തരമായിരുന്നു ആ ഗോള്‍.