ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ 'ചുവന്ന ചെകുത്താന്മാരായ' മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഈ സീസണിലും ശനിദശ തന്നെ. 2024-25 പ്രീമിയര്‍ ലീഗ് സീസണിന്റെ മൂന്നു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ടു തോല്‍വികളും ഒരു ജയവുമായി പോയിന്റ് പട്ടികയില്‍ പതിനാലാം സ്ഥാനത്ത് കിടന്ന് ഉഴറുകയാണ് അവര്‍. സൂപ്പര്‍ സണ്‍ഡേയായ ഇന്ന് നടന്ന മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ചിരവൈരികളായ ലിവര്‍പൂളിനോട് നാണംകെട്ട തോല്‍വിയാണ് അവര്‍ ഏറ്റുവാങ്ങിയത്.
മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് യുണൈറ്റഡിനെ തകര്‍ത്തുവിട്ട ലിവര്‍പൂള്‍ കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. ഒമ്പത് പോയിന്റാണ് അവര്‍ക്കുള്ളത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റ് തന്നെയുള്ള നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയാണ് നേടിയ ഗോളുകളുടെ അടിസ്ഥാനത്തില്‍ ഒന്നാമത്.
സീസണില്‍ ഇതുവരെ ഗോള്‍ വഴങ്ങാത്ത ഏക ടീമാണ് ലിവര്‍പൂള്‍. പക്ഷേ അവര്‍ക്ക് ഏഴു ഗോളുകള്‍ മാത്രമാണ് നേടാനായത്. മറുവശത്ത് സിറ്റി രണ്ടു ഗോളുകള്‍ വഴങ്ങിയെങ്കിലും ഒമ്പതു ഗോളുകള്‍ എതിരാളികളുടെ വലയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇരുടീമുകളുടെയും ഗോള്‍ ശരാശരി ഏഴ് എന്ന നിലയില്‍ ഒപ്പത്തിനൊപ്പം വന്നതോടെയാണ് നേടിയ ഗോളുകളുടെ എണ്ണം കണക്കാക്കി സ്ഥാനം നിശ്ചയിച്ചത്.
ഇന്നത്തെ മത്സരത്തില്‍ കൊളംബിയന്‍ താരം ലൂയിസ് ഡയസ് നേടിയ ഇരട്ടഗോളുകളാണ് യുണൈറ്റഡിന് തുണയായത്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലയുടെ വകയായിരുന്നു മൂന്നാം ഗോള്‍. മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ യുണൈറ്റഡിന്റെ വലയില്‍ പന്തെത്തിച്ചായിരുന്നു ലിവര്‍പൂളിന്റെ തുടക്കം. എന്നാല്‍ ട്രെന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് നേടിയ ഗോള്‍ നിര്‍ഭാഗ്യവശാല്‍ ഓഫ് സൈഡ് ആയി. പന്ത് അര്‍ണോള്‍ഡിലേക്ക് എത്തും മുമ്പ് ഓഫ്‌സൈഡ് പൊസിഷനില്‍ നിന്ന സലയുടെ ശരീരത്തില്‍ തട്ടിയതാണ് ഗോള്‍ റദ്ദാക്കാന്‍ കാരണം.
എന്നാല്‍ ഏറെ വൈകാതെ തന്നെ ലൂയിസ് ഡയസിലൂടെ യുണൈറ്റഡ് മുന്നിലെത്തി. 35-ാം മിനിറ്റില്‍ സല നല്‍കിയ തകര്‍പ്പനൊരു ക്രോസില്‍ തലവച്ചാണ് ഡയസ് വലകുലുക്കിയത്. ലീഡ് നേടിയതോടെ ആക്രമണം കടുപ്പിച്ച ലിവര്‍പൂള്‍ ഇടവേളയ്ക്ക് തൊട്ടുമുമ്പ് രണ്ടാം ഗോളും കണ്ടെത്തി.
നാല്‍പ്പത്തി രണ്ടാം മിനിറ്റില്‍ വീണ്ടും സല-ഡയസ് കൂട്ടുകെട്ടാണ് യുണൈറ്റഡിനെ ഞെട്ടിച്ചത്. യുണൈറ്റഡ് താരം കാസിമിറോയില്‍ നിന്ന് തട്ടിയെടുത്ത പന്ത് സലയ്ക്ക് മറിച്ചു നല്‍കി പെനാല്‍റ്റി ബോക്‌സിലേക്ക് ഓടിക്കയറിയ ഡയസിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചില്ല. തളികയിലെന്നവണ്ണം സല മറിച്ചു നല്‍കിയ പന്ത് തകര്‍പ്പനൊരു ഷോട്ടിലൂടെ ഡയസ് വലയിലാക്കുകയും ചെയ്തു. ലിവര്‍പൂളിന്റെ ആദ്യ ഗോളിനും കാസിമിറോയുടെ പിഴവാണ് കാരണമായത്.
രണ്ടു ഗോള്‍ ലീഡില്‍ ഇടവേളയ്ക്കു പിരിഞ്ഞ ലിവര്‍പൂള്‍ രണ്ടാം പകുതി ആരംഭിച്ച് 13 മിനിറ്റിനകം തങ്ങളുടെ പട്ടിക പൂര്‍ത്തിയാക്കി. ആദ്യ രണ്ടു ഗോളിന് വഴിയൊരുക്കിയ മുഹമ്മദ് സലയുടെ ഊഴമായിരുന്നു ഇക്കുറി. ഹംഗേറിയന്‍ മധ്യനിര താരം ഡൊമിനിക് സൊബോസ്ലായി നല്‍കിയ പാസില്‍ നിന്ന് ലക്ഷ്യം കണ്ട സല യുണൈറ്റഡിന്റെ പെട്ടിയില്‍ അവസാന ആണിയുമടിച്ചു. ശേഷിച്ച മിനിറ്റുകളില്‍ ആശ്വാസഗോളിനായി യുണൈറ്റഡ് പൊരുതിനോക്കിയെങ്കിലും വിര്‍ജില്‍ വാന്‍ ഡിക് നയിച്ച ലിവര്‍പൂള്‍ പ്രതിരോധം വഴങ്ങിയില്ല.