ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ക്ലബ്ബ് വിട്ടു. രണ്ട് വര്‍ഷമായി തുടരുന്ന ക്ലബിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നതായി ദിമിത്രിയോസ് ഡയമന്റകോസ് തന്നെയാണ് പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആയിരുന്നു പ്രതികരണം. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് നന്ദി അറിയിച്ചുകൊണ്ടുള്ള വികാരപരമായ കുറിപ്പിന് ഒപ്പമായിരുന്നു ദിമിത്രിയോസിന്റെ പ്രഖ്യാപനം.
'ആവേശകരവും സാഹസികവുമായ അനുഭവങ്ങള്‍ നിറഞ്ഞ കേരളത്തിലെ വര്‍ഷങ്ങള്‍ അവസാനിച്ചു... ഒരു ടീമെന്ന നിലയില്‍ ഒന്നിച്ച, സ്‌നേഹിച്ച നിമിഷങ്ങള്‍, അതു പങ്കുവയ്ക്കാന്‍ എനിക്ക് വാക്കുകളില്ല. നിങ്ങള്‍ എന്നെ ഏറ്റെടുത്തു, അതില്‍ എന്നും നന്ദിയുള്ളവനാകും. ആരാധകരില്‍ നിന്ന് ലഭിച്ച പിന്തുണയും സ്‌നേഹവും അവിശ്വസനീയമാണ്. മഞ്ഞപ്പടയ്ക്ക് നന്ദി, ഞാന്‍ നിങ്ങളെ എപ്പോഴും ഓര്‍ക്കും, നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു.' എന്നായിരുന്നു ദിമിത്രിയോസിന്റെ കുറിപ്പ്.
ദിമിയുടെ പോസ്റ്റിന് താഴെ നന്ദിയറിയിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ഫാന്‍ ക്ലബായ മഞ്ഞപ്പടയും രംഗത്തെത്തി. 'നന്ദി, ഡിമി, അവിശ്വസനീയമായ രണ്ട് സീസണുകള്‍ക്ക്! മികച്ച ഗോള്‍ സ്‌കോറര്‍ എന്ന നിലയിലും കഴിഞ്ഞ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവ് എന്ന നിലയിലും നിങ്ങളുടെ ലക്ഷ്യങ്ങളും അര്‍പ്പണബോധവും ആരാധകര്‍ക്ക് വളരെയധികം സന്തോഷവും ക്ലബ്ബിന് വിജയവും നല്‍കി. നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.' എന്നായിരുന്നു മഞ്ഞപ്പടയുടെ മറുപടി.
ഐഎസ്എല്‍ ചരിത്രത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ചുകൂട്ടിയ കളിക്കാരനാണ് ഗീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസ്. 2022ല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ അദ്ദേഹം 44 ഗോളുകളാണ് നേടിയത്. ഐഎസ്എല്ലില്‍ കഴിഞ്ഞ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവുമായിരുന്നു ദിമിത്രിയോസ് ഡയമന്റകോസ്.