FOOTBALL

റൊണാള്‍ഡോയുടെ കണ്ണീരൊപ്പിയ 'കൈകള്‍'; പോർച്ചുഗലിന്റെ രക്ഷകൻ

നഷ്ടമാക്കിയതും നിഷേധിക്കപ്പെട്ടതുമായ അവസരങ്ങള്‍ നോക്കി റൊണാള്‍ഡോ ആകാശത്തേക്ക് കൈകള്‍ കൂപ്പി. ആ ഭാഗ്യനിമിഷത്തിനായി കേണു

ഹരികൃഷ്ണന്‍ എം

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, കളത്തിലയാളൊരു തുറന്ന പുസ്തകമാണ്. മനസിലെന്തൊ അത് പുറത്തുകാണിക്കും, വികാരങ്ങളെ അടക്കിപ്പിടിക്കാറില്ല. യൂറോയില്‍ സ്ലൊവേനിയക്കെതിരായ പ്രീ ക്വാർട്ടറില്‍ ഇതിഹാസത്തിന്റെ കരിയറിലെ ഏറ്റവും വൈകാരികമായ നിമിഷങ്ങള്‍ക്കായിരുന്നു ഫ്രാങ്ക്‌ഫർട്ടിലെ മൈതാനം സാക്ഷ്യം വഹിച്ചത്. പാഴാക്കിയ പെനാൽറ്റി, കണ്ണീര്, മാപ്പ്...ഒടുവില്‍ ഡിയൊഗൊ കോസ്റ്റയുടെ കരങ്ങള്‍ ആ കണ്ണീരൊപ്പി, പോർച്ചുഗലിന്റെ രക്ഷകനായി.

മികച്ച മൂന്നാം സ്ഥാനക്കാരെന്ന ഖ്യാതിയിലായിരുന്നു സ്ലൊവേനിയ പ്രീ ക്വാർട്ടറിലെത്തിയത്. പോർച്ചുഗലിന് ഭയപ്പെടേണ്ടതില്ലായിരുന്നു. പക്ഷേ, പറങ്കിപ്പടയുടെ ഇടവേളകളില്ലാത്ത ആക്രമണങ്ങള്‍ക്ക് മുന്നില്‍ അവർ പതറിയില്ല. അസാധ്യമായ ചെറുത്തുനില്‍പ്പ്. 72 ശതമാനം പന്തടക്കവും 20 ഷോട്ടുകളുമുണ്ടായിട്ടും റോണോയ്ക്കും സംഘത്തിനും ഫുസ്‌ബോള്‍ ലീബെ ഗോള്‍ വര കടത്താനായില്ല.

നഷ്ടമാക്കിയതും നിഷേധിക്കപ്പെട്ടതുമായ അവസരങ്ങള്‍ നോക്കി റൊണാള്‍ഡോ ആകാശത്തേക്ക് കൈകള്‍ കൂപ്പി. ആ ഭാഗ്യനിമിഷത്തിനായി കേണു. പോർച്ചുഗല്‍ ആരാധകരുടെ ഊർജം തേടി. ഈ യൂറോയില്‍ ഗോള്‍മുഖത്തേക്ക് ഏറ്റവുമധികം ഷോട്ടുകളുതിർത്ത താരമായിട്ടും ഒന്നു പോലും ലക്ഷ്യത്തിലെത്തിക്കാനാകാത്തതിന്റെ നിരാശ റോണോയുടെ മുഖത്ത് ഓരോ സെക്കൻഡിലുമുണ്ടായിരുന്നു.

90 മിനുറ്റിലും ഇരുഗോള്‍വലകളും കുലുങ്ങിയില്ല. അധികസമയത്തിന്റെ ആദ്യ പകുതിയുടെ അവസാന നിമിഷം. എല്ലാത്തിന്റേയും തുടക്കം അവിടെ നിന്നായിരുന്നു. ഡിയേഗൊ ജോട്ടയെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് പോർച്ചുഗലിന് അനുകൂലമായി പെനാൽറ്റി. പന്തില്‍ മുത്തം കൊടുത്ത് റൊണാള്‍ഡോ കിക്കെടുക്കാനെത്തി. സ്ലൊവേനിയയുടെ ഗോള്‍വലകാക്കാൻ ഒബ്ലാക്ക്.

ഐതിഹാസിക കരിയറില്‍ ഒബ്ലാക്കിന്റെ കൈകള്‍ എത്രയോ തവണ റൊണാള്‍ഡൊ ഭേദിച്ചിരിക്കുന്നു. മൂന്ന് ഹാട്രിക്കടക്കം 11 ഗോളുകള്‍. കരിയറിലെ നിർണായക മത്സരങ്ങളിലെല്ലാം ഒബ്ലാക്കിന് റൊണാള്‍ഡോയുടെ ബൂട്ടുകള്‍ നിരാശയാണ് സമ്മാനിച്ചിട്ടുള്ളത്. പക്ഷേ, സ്ലൊവേനിയൻ ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായക മത്സരത്തില്‍ ഒബ്ലാക്ക് തലകുനിക്കാൻ തയാറായില്ല. പോസ്റ്റിന്റെ വലതുമൂലയിലേക്ക് തീജ്വാല പോലെത്തിയ റൊണാള്‍ഡോയുടെ ഷോട്ട് ഒബ്ലാക്ക് തടഞ്ഞു.

യൂറോപ്പ് കണ്ട ഏറ്റവും മികച്ച താരത്തിനോട് കാലം ക്രൂരത കാണിക്കുന്നുവോയെന്ന് തോന്നിച്ച നിമിഷം കൂടിയായിരുന്നു അത്. ഇത്തരമൊരു മടക്കം അയാളുടെ വിമർശകർ പോലും ആഗ്രഹിച്ചിട്ടുണ്ടാകില്ല. റൊണാള്‍ഡോയ്ക്ക് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു ആ നിമിഷത്തിന്റെ നോവ്. ആത്മവിശ്വാസം പൂർണമായി നഷ്ടമായപോലെ. ഫ്രാങ്ക്‌ഫർട്ടിലെ പതിനായിരങ്ങള്‍ സാക്ഷി, അയാള്‍ തലകുനിച്ച് പൊട്ടിക്കരഞ്ഞു, ഒരു കുരുന്നിനെപ്പോലെ.

രണ്ട് പതിറ്റാണ്ടോളം തങ്ങളെ തോളിലേറ്റിയ നായകനൊപ്പം പോർച്ചുഗല്‍ ടീം അണിനിരന്നു. അയാളുടെ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടത് മറ്റെന്തിനേക്കാള്‍ അനിവാര്യമായിരുന്നു. വീണ്ടും കളത്തിലേക്ക്. റൊണാള്‍ഡോയുടെ കലങ്ങിയ കണ്ണുകള്‍ സ്ക്രീനില്‍ തെളിച്ചപ്പോള്‍ ആരാധകർ വിവാ റൊണാള്‍ഡൊയെന്ന് ഒന്നിച്ചുപാടി. കലങ്ങിയ കണ്ണുകളുമായി വീണ്ടും കളത്തിലേക്ക്.

പോർച്ചുഗല്‍ ആരാധകരുടെ ശ്വാസം നിലച്ചത് 114-ാം മിനുറ്റിലായിരുന്നു. പെപെയുടെ പിഴവില്‍ നിന്ന് സ്ലോവേനിയുടെ ബെഞ്ചമിൻ സെസ്കോ പന്ത് വീണ്ടടുക്കുന്നു. കോസ്റ്റ മാത്രം മുന്നില്‍ നില്‍ക്കെ സുവർണാവസം. സെസ്കൊ ഷോട്ടുതിർത്തു, കോസ്റ്റയുടെ ഇടംകാല്‍ പോർച്ചുഗല്‍ സ്വപ്നങ്ങള്‍ക്ക് വീണ്ടെടുപ്പ് നല്‍കി. സ്ലൊവേനിയക്ക് ചരിത്ര വിജയവും നിഷേധിച്ചു. കോസ്റ്റയുടെ മനസാന്നിധ്യത്തിനോട് റൊണാള്‍ഡൊയും പോർച്ചുഗലും കടപ്പെട്ടിരിക്കുന്നു.

പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങി. സ്ലൊവേനിയയും ജോസിപ് ഇലിസിച്ചായിരുന്നു ആദ്യ കിക്കെടുക്കാനെത്തിയത്. വലതുമൂലയിലേക്ക് പാഞ്ഞ പന്ത് കോസ്റ്റ തടഞ്ഞു. പറങ്കിപ്പടയുടെ ആദ്യ കിക്കെടുക്കാൻ റോണൊ തന്നെയെത്തി. അയാള്‍ക്ക് തെറ്റുതിരുത്തണമായിരുന്നു. ഇത്തവണ ഷോട്ടുതിർത്തത് ഇടതുമൂലയിലേക്ക്. കണക്കുകൂട്ടലുകള്‍ ശരിയായെങ്കിലും പന്തിന്റെ വേഗത മറികടക്കാൻ ഒബ്ലാക്കിനായില്ല. പന്ത് ഗോള്‍വല തൊട്ടു. പോർച്ചുഗല്‍ ആരാധകരെ നോക്കി റൊണാള്‍ഡൊ കൈകള്‍കൂപ്പി. പിഴവിന് മാപ്പ് പറഞ്ഞു.

പോർച്ചുഗലിനായി പിന്നീട് ബ്രൂണോയും ബെർണാദോയും ലക്ഷ്യം കണ്ടും. ജൂറെ ബാല്‍കോവിച്ചിന്റേയും ബെഞ്ചമിൻ വെർബിച്ചിന്റേയും കിക്കുകള്‍ക്ക് കോസ്റ്റയുടെ മെയ്‌വഴക്കത്തെ മറികടക്കാനായില്ല. ത്രില്ലർ സിനിമയുടെ എല്ലാം മേമ്പൊടികളും കണ്ട മത്സരത്തിനൊടുവില്‍ പോർച്ചുഗല്‍ ക്വാർട്ടറിലേക്ക്. കോസ്റ്റയെ ആശ്ലേഷിച്ച് റൊണാള്‍ഡോ. വീണ്ടും അയാള്‍ കണ്ണീരണിഞ്ഞു. ഇത്തവണ ആശ്വസത്തിന്റേയും വിജയത്തിന്റേതുമായിരുന്നു ആ നിമിഷം. കണ്ണീരണിഞ്ഞ് യൂറോയുടെ വിടപറയേണ്ടി വന്നില്ല ഇതിഹാസത്തിനും പോർച്ചുഗലിനും, കോസ്റ്റയുടെ കരങ്ങള്‍ക്ക് നന്ദി പറയാം.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി